കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല തടാകമായ ശാസ്‌താംകോട്ട കായൽ കടുത്ത വേനലിൽ അതിവേഗം വറ്റി വരളുന്നു. കൊല്ലം കോർപറേഷൻ ഉൾപ്പടെ ജില്ലയിലെ വലിയൊരു ഭാഗത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കൊണ്ടാണ് തടാകം വലിയ തോതിൽ ഉൾവലിയുന്നത്. നിലവിൽ ശുദ്ധജലവിതരണം പ്രതിസന്ധിയിലാക്കി രാജഗിരി, കുതിരമുനമ്പ്, പുന്നമൂട്, മുതുപിലാക്കാട് ആറ്റ് ബണ്ട് റോഡ് തുടങ്ങിയ ഒട്ടുമിക്ക ഭാഗങ്ങളിലും ജലം ഉൾവലിഞ്ഞ് കിലോമീറ്ററുകളോളം ഭാഗം കരപ്രദേശമാവുകയും അവിടെ പുല്ലും കളകളും വളർന്ന് തുടങ്ങുകയും ചെയ്തു. 48 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് ശാസ്താംകോട്ടയിൽനിന്നു ദിനംപ്രതി വിതരണം ചെയ്യുന്നത്.
2018 നു മുൻപും ഇതേ അവസ്ഥയായിരുന്നു. എന്നാൽ 2018 ലെ മഹാ പ്രളയവും തുടർന്നുള്ള വർഷങ്ങളിലെ കനത്തമഴയും മൂലം ഏതാനും വർഷമായി തടാകം ജലസമൃദ്ധമായിരുന്നു. 2018 മുതൽ 2021 വരെ ഈ സമയങ്ങളിൽ ജലനിരപ്പ് 155 സെന്റി മീറ്ററിന് മുകളിലായിരുന്നു. കഴിഞ്ഞവർഷം ഇതേസമയം 150 സെന്റി മീറ്ററായിരുന്നു വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്തെ തടാകത്തിലെ ജലനിരപ്പ് എന്നാൽ 110 ഓളം സെന്റി മീറ്റർ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇപ്പോഴത്തെ കൊടും വരൾച്ച മൂലം തടാകത്തിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞുവരുകയാണ്. നിലവിൽ ദിനംപ്രതി ഒരു സെന്റീമീറ്ററിലധികം കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് കണക്ക്. വേനൽ കൂടുതൽ രൂക്ഷമായാൽ പ്രതിദിനം ഇടിയുന്ന ജലത്തിന്റെ അളവ് രണ്ട് സെന്റി മീറ്ററിലേക്ക് ഉയരും. ഇത്തവണ വേനൽമഴ കിട്ടാതിരുന്നതാണ് ജലനിരപ്പ് വേഗത്തിൽ കുറയാൻ കാരണമായത്. ജലനിരപ്പ് 80 സെന്റി മീറ്ററായാൽ പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് കുറയ്ക്കേണ്ടി വരും. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ജല നിരപ്പ് 80 സെന്റിമീറ്ററിലേക്ക് താഴും.
തടാകം വലിയതോതിൽ വറ്റുന്ന സാഹചര്യത്തിൽ അമിത ജലചൂഷണം ഒഴിവാക്കാൻ നടപടി വേണമെന്ന് നമ്മുടെ കായൽ കൂട്ടായ്മയുടെ കൺവീനറും മുൻ ജനപ്രതിനിധിയുമായ എസ്.ദിലീപ്കുമാർ ആവശ്യപ്പെട്ടു.
4.75 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ശാസ്‌താംകോട്ട തടാകത്തിന്റെ വിസ്തീർണം. 2020ലെ കണക്ക് പ്രകാരം അത് 3.75 ചതുരശ്ര കിലോമീറ്റർ ആയി കുറഞ്ഞിട്ടുണ്ട്. കൊല്ലം കോർപ്പറേഷൻ, ചവറ, ശാസ്താംകോട്ട, ശൂരനാട് തെക്ക്, പോരുവഴി, തേവലക്കര, തെക്കുംഭാഗം പഞ്ചായത്ത് ഉൾപ്പടെയുള്ള ഭാഗങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ശാസ്‌താംകോട്ട കായലിനെയാണ്. ഈ അവസ്ഥ തുടർന്നാൽ തടാകത്തിലെ ജലത്തെ ആശ്രയിച്ച് നടത്തുന്ന ഈ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകും. ശാസ്താംകോട്ടയിൽ നിന്നുള്ള പമ്പിംഗ് കുറച്ചാൽ കൊല്ലം കോർപ്പറേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം ആഴ്ചയിൽ രണ്ട് ദിവസമായി ചുരുങ്ങുന്ന അവസ്ഥയുമുണ്ടാകും.
കടപുഴയിൽ തടയണ നിർമിച്ച് കല്ലടയാറ്റിൽനിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിച്ച് വിതരണം ചെയ്യാൻ വിഭാവനം ചെയ്ത് 2013-ൽ സർക്കാരിന് സമർപ്പിച്ച 34 കോടിയുടെ പദ്ധതിയും ഉപേക്ഷിച്ചു. ഒപ്പം മണ്ണും മാലിന്യങ്ങളും തടാകത്തിലെത്തുന്നത് തടയുന്നതിനുള്ള സംവിധാനം, ജൈവവേലി, ഇക്കോടെക്സ്, പാർശ്വഭിത്തി എന്നിവയൊന്നും നടപ്പായതുമില്ല.