നെയ്യാറ്റിൻകര സംഭവം വിവാദമായപ്പോൾ തന്നെ സോഷ്യൽ മീഡിയെ ചർച്ച ചെയ്ത മറ്റൊരു സംഭവവുമുണ്ട്. കോടതി വിധി നടപ്പാക്കാനായി രോഗിയായ അമ്മയേയും സ്കൂൾ വിദ്യാർത്ഥിയായ മകളേയും ഒറ്റ മുറി വീട്ടിൽ നിന്നും മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവർക്ക് പുതിയൊരു അഭയം കണ്ടെത്തി നൽകിയ എസ് ഐ അൻസലിന്റെ നന്മക്കഥയാണിത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ആളുകൾ ഇപ്പോഴും ഓർക്കുമ്പോൾ നെയ്യാറ്റിൻകര സംഭവത്തിൽ പ്രതികരണവുമായി അൻസൽ രംഗത്തെത്തിയിട്ടുണ്ട്.
advertisement
Also Read- വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
ഒരാളുടെ നീതി മറ്റൊരാൾക്ക് അനീതിയാകുമ്പോൾ അതിനിടയിൽ വീർപ്പുമുട്ടുന്ന നിയമപാലകന്റെ ദൈന്യത ആരും കാണില്ല. രക്ഷിക്കാൻ ശ്രമിച്ചാലും നിസംഗതയോടെ മാറി നിന്നാലും ഒടുവിൽ വിരലുകളെല്ലാം അവന്റെ നേരെ ആകും ചൂണ്ടപ്പെടുക...ഉത്തരവിട്ട കോടതിയും കോടതി അധികാരികളും വക്കീലും വാദിഭാഗവുമെല്ലാം ഇവിടെ വിസ്മരിക്കപ്പെടും' എന്നാണദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്.
Also Read- നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് ദമ്പതിമാര്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
'നെയ്യാറ്റിൻകര ഒരു നോവായി മനസ്സിൽ ഉരുണ്ട് കൂടിയപ്പോൾ സമാന അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയിൽ തനിക്കുണ്ടായ ഓർമ്മകൾ' അദ്ദേഹം പങ്കുവയ്ക്കുമ്പോൾ ആ ലൈറ്റർ തെളിക്കുന്നതിന് മുൻപ് ആ പൊലിസ് ഉദ്യോഗസ്ഥർ അത് തട്ടി കളഞ്ഞെങ്കിൽ എന്ന് വെറുതെ ആശിക്കുകയാണ് എന്നാണദ്ദേഹം കുറിച്ചത്. ... 'ആ .... മൂന്നു സെന്റ് അല്ല മൂന്ന് ഏക്കർ നഷ്ടപ്പെട്ടാലും അതിനൊപ്പം വരുമോ ഒരു മനുഷ്യജീവൻ... ഇവിടെ ഒരു ജീവനല്ലല്ലോ.... ഒരായിരം പേരുടെ മനസ്സിൽ അടങ്ങാത്ത വേദന കോരിയിട്ടില്ലേ' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
'നിയമത്തിന് കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്ക് കണ്ണ് വേണ്ടേ'
മൂന്ന് വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളി പൂതക്കുഴി എന്ന സ്ഥലത്ത് ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ബബിത എന്ന സ്ത്രീയെയും അവരുടെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകളെയും മുൻസിഫ് കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിച്ചതിന് പിന്നാലെ സകല മാധ്യമങ്ങളും പൊതുജനങ്ങളും ചോദിച്ച ഈ ചോദ്യം ഇപ്പോൾ നെയ്യാറ്റിൻകരയിലും ആവർത്തിക്കുന്നു.... ഒരു വശത്ത് നിയമം വ്യാഖ്യാനിച്ച് ഉത്തരവിടുന്ന ന്യായാധിപന്മാരുടെ ശാസന... മറുവശത്ത് അതിജീവനത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന മനുഷ്യന്റെ നിസഹായത..... ഒരാളുടെ നീതി മറ്റൊരാൾക്ക് അനീതിയാകുമ്പോൾ അതിനിടയിൽ വീർപ്പുമുട്ടുന്ന നിയമപാലകന്റെ ദൈന്യത ആരും കാണില്ല. രക്ഷിക്കാൻ ശ്രമിച്ചാലും നിസംഗതയോടെ മാറി നിന്നാലും ഒടുവിൽ വിരലുകളെല്ലാം അവന്റെ നേരെ ആകും ചൂണ്ടപ്പെടുക...ഉത്തരവിട്ട കോടതിയും കോടതി അധികാരികളും വക്കീലും വാദിഭാഗവുമെല്ലാം ഇവിടെ വിസ്മരിക്കപ്പെടും....
ഉറ്റവർ നഷ്ടപ്പെടുന്നവരുടെ ദുഃഖം സമൂഹത്തിന് മുൻപിൽ തീരാവേദനയാകുമ്പോഴും ഒരു പക്ഷെ അല്പം കൂടി സഹാനുഭൂതി ആ കുടുംബത്തോട് കാണിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ്.....2017 ൽ ബബിതയെയും മകളെയും ഒഴിപ്പിക്കാൻ പോയ അനുഭവം ഇതോടൊപ്പം ചേർത്ത് ആലോചിക്കുമ്പോൾ എനിക്ക് അങ്ങനെയേ ചിന്തിക്കാൻ തോന്നൂ...
2016 ൽ കോട്ടയം കൺട്രോൾ റൂമിൽ സ്വസ്ഥമായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്നെ കാഞ്ഞിരപ്പള്ളിക്ക് സ്ഥലം മാറ്റുന്നത്. കൺട്രോൾ റൂമിൽ ഞാൻ വളരെ ഹാപ്പി ആയിരുന്നു. കാരണം കൊല്ലം ജില്ലയിൽ നിന്നും വീടിനടുത്ത് പോസ്റ്റിങ്ങ് കിട്ടി.. എല്ലാ ദിവസവും വീട്ടിൽ പോകാം. കൂട്ടുകാരുടെ ഒപ്പം പാലത്തിന്റെ കൈവരിയിൽ ഉമ്മച്ചിയുടെ ഭീഷണി call വരുന്നത് വരെ ഇരിക്കാം...അത് കൊണ്ട് തന്നെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ കാഞ്ഞിരപ്പള്ളിക്ക് പോകാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.. ഓർഡർ മാറ്റാൻ വേണ്ടി കുറെ ശ്രമിച്ചു. ഒടുവിൽ അന്ത്യശാസനം ലഭിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ 2016 ഒക്ടോബർ 26 ന് കാഞ്ഞിരപ്പളളി SI ആയി ചാർജ് എടുത്തു.. ആദ്യമൊക്കെ എനിക്ക് അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റിയില്ല. എപ്പോഴും ട്രാഫിക് കുരുക്കും ബഹളവും.. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത പോലിസ് സ്റ്റേഷനും ഉദ്യോഗസ്ഥരുടെ ഷോർട്ടേജും എല്ലാം കൂടി എനിക്ക് തീരെ പൊരുത്തപ്പെടാൻ പറ്റാത്ത അവസ്ഥ. അവിടെ നിന്ന് എങ്ങനെ എങ്കിലും മാറാൻ ഞാൻ പല വിധത്തിലും ശ്രമിച്ചു..എന്നെ എല്ലാവിധത്തിലും സഹായിക്കുന്ന CI യും DYSP യും കുറെ നല്ല സഹപ്രവർത്തകരും മാത്രമായിരുന്നു ആകെ ആശ്വാസം..
അങ്ങനെ കുറെ നാൾ കഴിഞ്ഞപ്പോഴാണ് ബബിതയുടെ കുടിയൊഴിപ്പിക്കൽ വരുന്നത്..2017 മെയ് മാഡത്തിലെ ഒരു ശനിയാഴ്ച.. ഏതാണ്ട് ഉച്ചനേരത്ത് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലെ ഒരു സ്റ്റാഫ് സ്റ്റേഷനിൽ വന്നു. "ഒരു ഒഴിപ്പിക്കൽ ഉണ്ട്. പോലിസ് സഹായം വേണം " എന്ന് പറഞ്ഞു. കോടതി ഉത്തരവും ഹാജരാക്കി.. വീട്ടുകാരെ ഒഴിപ്പിക്കുന്ന കേസ് ആയതിനാൽ ഞാനും ASI ജോയിയും മറ്റ് രണ്ട് പോലിസ് ഉദ്യോഗസ്ഥരും വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തു പോയി.. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. നാഷണൽ ഹൈവേയുടെ സൈഡിൽ പഴകി ദ്രവിച്ച ഒരു കടമുറി പോലെ തോന്നിക്കുന്ന ചാക്ക് കൊണ്ട് മറച്ച ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം. അടച്ചുറപ്പുള്ള ഒരു വാതിൽ പോലുമില്ല. ആ മുറിയിലുള്ള ഒരു കട്ടിലിൽ അവശയായ ഒരു സ്ത്രീ കിടക്കുന്നു. അടുത്ത് ഒരു ചെറിയ പെൺകുട്ടിയും. കോടതി ഉത്തരവ് അവരെ കാണിച്ച് ഒഴിഞ്ഞുകൊടുക്കണം എന്ന് കോടതി ഉദ്യോഗസ്ഥർ അവരോട് ആവശ്യപ്പെട്ടു. അവർ വല്ലാതെ കരഞ്ഞുകൊണ്ട് "സാർ.. ഞാൻ ഈ പെൺകുഞ്ഞുമായി എവിടെ പോകാനാണ്. എനിക്ക് പോകാൻ ഇടമില്ല " എന്ന് പറഞ്ഞു. ഞാൻ ഇറങ്ങില്ല എന്നവർ ശാഠിച്ചു..
ഞാൻ ഉൾപ്പെടെ അവരോട് കാര്യങ്ങൾ പറഞ്ഞു. പക്ഷെ അവരോട് ഇറങ്ങാൻ പറയുമ്പോഴും എങ്ങോട്ട് എന്ന ചോദ്യത്തിന് ഞങ്ങൾ ക്കും ഉത്തരമുണ്ടായിരുന്നില്ല.. അവരുടെ ദുരവസ്ഥ കണ്ട് ഞാൻ കോടതി സ്റ്റാഫിനോട് പറഞ്ഞു. നമുക്ക് ഈ വിവരം കോടതിയെ ധരിപ്പിക്കാം. ഞാൻ CI യേ വിളിച്ച് അഭിപ്രായം ചോദിച്ചു. കോടതി ഉദ്യോഗസ്ഥർക്ക് ആവശ്യംമായ അസിസ്റ്റൻസ് കൊടുക്കുക മാത്രമാണ് നമ്മുടെ ജോലി.. എന്തായാലും ഈ വിവരങ്ങളെല്ലാം കാണിച്ച് നമുക്ക് കോടതിയിൽ ഒരു റിപ്പോർട്ട് കൊടുത്തു നോക്കാം എന്ന് സാർ പറഞ്ഞതനുസരിച്ചു ഞങ്ങൾ അവിടെ നിന്നും തിരികെ പോന്നു.. സാഹചര്യങ്ങൾ എല്ലാം കാണിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ അന്ന് തന്നെ കൊടുത്തു. അത് കൊണ്ട് തല്ക്കാലം പ്രശ്നമൊഴിവാക്കാം എന്നാണ് ഞാൻ കരുതിയത്.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് തിങ്കളാഴ്ച കോടതി എന്നെ നേരിട്ട് വിളിപ്പിച്ചു.. ഉത്തരവ് നടപ്പാക്കാത്തത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു..അന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി അവരെ വീട്ടിൽ നിന്നും ഒഴിപ്പിച്ചു ഉത്തരവ് നടപ്പാക്കാൻ അന്ത്യശാസനവും നൽകി. ഒഴിപ്പിക്കൽ നടത്തി ഞാൻ നേരിട്ട് കോടതിയിൽ റിപ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ വീണ്ടും മേലുദ്യോഗസ്ഥരെ വിളിച്ചു. അവരും നിസഹായർ ആയിരുന്നു. സത്യത്തിൽ SI ആകാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാ ശപിച്ചു.. ഈ പാപം ഒക്കെ എങ്ങനെ തീർക്കും? എന്നാൽ പോലീസിന് മുൻപിൽ വേറെ വഴിയില്ലായിരുന്നു.. ആദ്യം പറഞ്ഞത് പോലെ നിയമം കണ്ണടക്കുമ്പോൾ കണ്ണ് തുറക്കാൻ അനുവാദമില്ലാത്ത ഒരു വിഭാഗമാണ് പോലീസുകാർ.. പലപ്പോഴും മനസ്സ് അംഗീകരിക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരും..
അങ്ങനെ വേണ്ടത്ര സന്നാഹങ്ങളുമായി ഞങ്ങൾ വീണ്ടും ഒഴിപ്പിക്കൽ നടപടിയിലേക്ക് കടന്നു. ഞങ്ങൾ ഒരു ദുഷ്ടകർമം ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെ അവർക്കെതിരെ കേസ് കൊടുത്തവരെ മനസ്സിൽ പ്രാകിക്കൊണ്ട് അവരോട് ഇറങ്ങാൻ കർശനമായി പറഞ്ഞു . ഇല്ലെങ്കിൽ അറസ്റ്റ് ചെയ്തു മാറ്റും എന്നറിയിച്ചു. ആ സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു. "സാർ ഇന്ന് ഹൈ കോടതി ഉത്തരവ് കിട്ടും.. ഈ ഓർഡർ സ്റ്റേ ചെയ്യും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും കാത്തിരുന്നു... ഒടുവിൽ അങ്ങനെ ഒരു ഉത്തരവും ഇല്ല എന്നുറപ്പിച്ച് ഞങ്ങൾ അവരെ കിടന്ന കിടക്കയോട് കൂടി പുറത്തിറക്കി.. ഒരു ആംബുലൻസ് വിളിച്ച് അതിൽ കയറ്റി.അവരെ എടുത്തു വാഹനത്തിൽ കയറ്റിയപ്പോൾ എനിക്ക് കൗതുകം തോന്നിയ ഒരു കാര്യം ഉണ്ടായി.. അവരുടെ കിടക്കയുടെ അടിയിൽ ഒരു വെട്ടുകത്തി.. സത്യത്തിൽ ആ വെട്ടുകത്തിയുടെ ബലത്തിൽ ആണ് ആ അമ്മയും പെൺകുഞ്ഞും അവിടെ അന്തിയുറങ്ങിയത്..
ആംബുലൻസിൽ കയറ്റിയ അമ്മയെയും മകളെയും ഞങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.. ചികിത്സക്കും അത്യാവശ്യം ചിലവിനും ഉള്ള പണം ആ പെൺകുഞ്ഞിന്റെ കയ്യിൽ കൊടുത്തു.. അവളുടെ കയ്യിൽ നിന്ന് ഫോൺ നമ്പർ വാങ്ങി കുറെ ബന്ധുക്കളെ വിളിച്ചു നോക്കി.. അടുത്ത ബന്ധുവിന്റെ പരാതിയിന്മേൽ കുടിയിറക്കപ്പെട്ട അവരെ സ്വീകരിക്കാൻ ഒരു ബന്ധുക്കളും തയ്യാറായില്ല.. ഞാൻ എല്ലാ കാര്യങ്ങളും CI യേ അറിയിച്ചു. അടിയന്തിരമായി അവർക്ക് എവിടെയെങ്കിലും ഒരു ഷെൽട്ടർ ഉണ്ടാക്കാൻ അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾ എല്ലാം തന്നെ ഇതിനകം ലോക്കൽ മീഡിയ പുറം ലോകത്തെ അറിയിച്ചിരുന്നു.. ഒരുപാട് വിമർശനങ്ങൾ പൊലീസിന് നേരെ ഉണ്ടായി.. ക്രൂരന്മാരായ പോലിസ്കാർ പാവപ്പെട്ട ഒരു സ്ത്രീയേ കിടക്കയോട് കൂടി തൂക്കിയിറക്കുന്ന ചിത്രം ആയിരുന്നു പിറ്റേന്ന് പ്രധാന ദിന പത്രങ്ങളിലെ പ്രൈം വാർത്ത..വിധി നടപ്പാക്കുന്നത് കോടതിയാണ്. പോലീസിന്റെ ചുമതല കോടതി ഉദ്യോഗസ്ഥർക്ക് സംരക്ഷണം കൊടുക്കുക എന്നത് മാത്രമാണ്. എന്നിട്ടും അവരെ കിടക്കയിൽ പിടിച്ചു ഇറക്കിയ ചിത്രത്തിൽ പോലിസ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
സത്യത്തിൽ നെയ്യാറ്റിൻകരയിൽ സംഭവിച്ചതും ഇതൊക്കെ തന്നെയാണ്.. ചുമതലപ്പെട്ടവർ സ്തബ്ധരായി നിൽക്കുമ്പോൾ പോലിസ് വരുംവരായ്ക നോക്കാതെ പ്രശ്നത്തിൽ ഇടപെടും.. ചിലപ്പോൾ വിജയിക്കും.. ഏറെ പരാജയങ്ങളും നേരിടേണ്ടി വരും..പോലിസ് പോലീസിന്റെ പണിയല്ല ചെയ്തത് എന്ന് പറഞ്ഞ് ഉന്നതോദ്യോഗസ്ഥന്റെ കുറെ ശകാരം എനിക്ക് കിട്ടി. അപ്പോഴും CI എന്നെ ആശ്വസിപ്പിച്ചു.. നമ്മുടെ മുൻപിൽ വേറെ ഓപ്ഷൻ ഇല്ല എന്ന് പറഞ്ഞു ധൈര്യം തന്നു. പോക്കറ്റിൽ നിന്ന് കുറച്ചു പൈസ എടുത്തു തന്നിട്ട് അവർക്കു ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാൻ പറഞ്ഞു.. നമുക്ക് അവരെ protect ചെയ്യണം. നീ ഇറങ്ങു.. എല്ലാ സപ്പോർട്ടും തരാം.. ബാക്കിയെല്ലാം വരുന്നിടത്തു വച്ചു കാണാമെന്നു DYSP യും പറഞ്ഞു.. അന്നുമുതൽ ആ അമ്മയ്ക്കും മകൾക്കും ഒരു വീടുണ്ടാക്കി കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം..
ഇതിനകം കുറെ സഹായങ്ങൾ ബബിതക്കു കിട്ടിയിരുന്നു.. ടേക്ക് ഓഫ് എന്ന സിനിമയുടെ അണിയറപ്രവർത്തകർ ശ്രീ. കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ അവരെ സാമ്പത്തികമായി സഹായിച്ചു.. അന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ആയിരുന്ന അറയ്ക്കൽ പിതാവ്, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി അധികൃതർ എന്നിവരൊക്കെ സഹായവും ആയെത്തി.. ആരൊക്കെ സഹായിച്ചാലും ആ അമ്മയ്ക്കും മകൾക്കും പോലീസിനെ ആയിരുന്നു വിശ്വാസം..അവർക്ക് കിട്ടിയ സഹായത്തിൽ നിന്നും പണം എടുത്ത് അവരുടെ പേരിൽ കാഞ്ഞിരപ്പള്ളി അടുത്ത് 5 സെന്റ് സ്ഥലം വാങ്ങി.. ആ സ്ഥലത്തു ഒരു വീട് വയ്ക്കാൻ പലരുടെയും സഹായം തേടി.. വാഗ്ദാനങ്ങൾ ഒരുപാട് കിട്ടിയെങ്കിലും അതൊന്നും ഫലംപ്രാപ്തിയിൽ എത്തിയില്ല. ആ സമയത്താണ് തിടനാട് സ്വദേശിയായ വരകുകാലാപ്പറമ്പിൽ
സിനിൽ എന്നയാൾ ഞങ്ങൾക്ക് ഫുൾ സപ്പോർട്ടുമായി വന്നത്. ഇതിനകം വീടിന്റെ പ്രാരംഭ ജോലികൾ ഞങ്ങൾ തുടങ്ങിയിരുന്നു.. കാഞ്ഞിരപ്പള്ളിക്കരായ രാജൻ, രാജു എന്നിവരൊക്കെ സഹായിച്ചു.ബാക്കി ഏതാണ്ട് ഒൻപതര ലക്ഷത്തോളം രൂപ ഒറ്റക്ക് ചിലവാക്കി സിനിൽ ചേട്ടനാണ് ബബിതയുടെ സ്വപ്നഭവനം പൂർത്തിയാക്കിയത്..
2018 ജനുവരി 26 ന് തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ബഹുമാനപ്പെട്ട കേരള വൈദ്യുതി മന്ത്രി ശ്രീ. M.M മണി അവർകൾ ഈ സ്വപ്നവീടിന്റെ താക്കോൽ ബബിതയ്‌ക്കും മകൾക്കുമായി കൈമാറിയപ്പോൾ അത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിലപ്പെട്ട ഒരു മുഹൂർത്തമായി മാറി. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ അങ്ങനെ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ചാരിതാർഥ്യം നൽകിയ ഒരു സംഭവത്തിനു കാരണമായി...
ഇതൊക്കെ ഇവിടെ കുറിച്ചത്... നെയ്യാറ്റിൻകര ഒരു നോവായി മനസ്സിൽ ഉരുണ്ട് കൂടിയപ്പോൾ സമാന അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയിൽ എനിക്കുണ്ടായ ഓർമ്മകൾ ആണ്.. അപ്പോഴും ഞാൻ വെറുതെ ആശിക്കുകയാണ്... ആ ലൈറ്റർ തെളിക്കുന്നതിന് മുൻപ് ആ പോലിസ് ഉദ്യോഗസ്ഥർ അത് തട്ടി കളഞ്ഞെങ്കിൽ.... മൂന്നു സെന്റ് അല്ല മൂന്ന് ഏക്കർ നഷ്ടപ്പെട്ടാലും അതിനൊപ്പം വരുമോ ഒരു മനുഷ്യജീവൻ... ഇവിടെ ഒരു ജീവനല്ലല്ലോ.... ഒരായിരം പേരുടെ മനസ്സിൽ അടങ്ങാത്ത വേദന കോരിയിട്ടില്ലേ.....