കോട്ടയം: നെയ്യാറ്റിൻകരയിലെ കുടുംബത്തിന്റെ കണ്ണീരും രാജന്റെയും അമ്പിളിയുടെയും മരണവും കേരളമനസാക്ഷിയെ വല്ലാതെ കുത്തിമുറിവേൽപിക്കുകയാണ്. സോഷ്യൽ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം ശക്തമാകുമ്പോൾ സമാനമായ സന്ദർഭത്തിൽ ഒരു പൊലീസുകാരൻ ചെയ്ത നന്മയും ചർച്ചയാവുകയാണ്.
കോടതി വിധി നടപ്പാക്കാനായി രോഗിയായ അമ്മയേയും സ്കൂൾ വിദ്യാർത്ഥിയായ മകളേയും ഒറ്റ മുറി വീട്ടിൽ നിന്നും മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവർക്ക് പുതിയൊരു അഭയം കണ്ടെത്തി നൽകിയ എസ് ഐ അൻസലിന്റെ നന്മക്കഥയാണിത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകൾ സൈബയ്ക്കുമാണ് അൻസൽ അഭയം നൽകിയത്.
Also Read- വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
കോടതി ഉത്തരവ് നടപ്പാക്കാതെ എസ്ഐ ആയിരുന്ന അൻസലിന് മറ്റ് നിർവാഹമില്ലായിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കി പൊടിതട്ടി പോകാൻ അദ്ദേഹം തയാറായില്ല. അനാഥരായ ആ അമ്മയെയും മകളെയും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കാൻ അൻസൽ എന്ന മനുഷ്യൻ മുന്നിട്ടിറങ്ങിയതോടെ ഒരുപാട് സുമനസുകൾ ഒപ്പം കൂടി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പൊലീസുകാരൻ എന്ന നിലയിൽ അൻസൽ ഒറ്റദിവസം കൊണ്ട് കേരള പൊലീസിന്‍റെ മുഴുവൻ അഭിമാനമായി.
Also Read- നെയ്യാറ്റിന്കരയില് പൊള്ളലേറ്റ് ദമ്പതിമാര് മരിച്ച സംഭവം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
2017 മാർച്ചിലാണ് സംഭവം നടന്നത്. രോഗിയായ ബബിതയെ എസ്ഐയും സംഘവും കിടക്കയോടെ വീട്ടിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. എസ്ഐ അൻസലിന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. ആരോരും ആശ്രയമില്ലാത്ത ആ അമ്മയും മകൾക്കും പിന്നീട് അൻസലിന്‍റെ നേതൃത്വത്തിൽ നൽകിയ സഹായം ചെറുതൊന്നുമല്ല.
വീട്ടിൽ നിന്നും ഇറക്കിവിട്ട അന്നു മുതൽ അവരുടെ എല്ലാ ആവശ്യങ്ങൾക്കും അൻസൽ ഒപ്പം നിന്നു. കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസും ജമാ അത്ത് ഭാരവാഹികളും സഹായത്തിന് എത്തി. ഇരുവർക്കും ആദ്യഘട്ടമായി കിടക്കാൻ ഒരിടവും മകൾക്ക് പഠിക്കാൻ ആവശ്യമായ സഹായവും അൻസലിന്‍റെ നേതൃത്വത്തിൽ ചെയ്തു. വാടക വീട്ടിൽ താമസത്തിന് എത്തുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ കൈതാങ്ങായി തനിക്കും മകൾക്കും ഒപ്പംനിന്നവരോട് കണ്ണീരിന്‍റെ ഭാഷയിലാണ് ബബിത നന്ദി അറിയിച്ചത്.
ബബിതയുടെ വീട് ഒഴിപ്പിച്ചിട്ടു, പത്തുമാസവും ആറു ദിവസവും കഴിഞ്ഞപ്പോൾ , ബബിതയ്ക്കു സ്വപ്ന ഭവനം നിർമ്മിച്ച് നൽകിയത് അൻസലിന്റെ നിശ്ചയദാർഢ്യം ഒന്നുമാത്രമാണ്. കുടുംബത്തെ സഹായിക്കാൻ അൻസലിനൊപ്പം ആദ്യാവസാനം കൂടെ നിന്നത് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ സിപിഒമാരായ ശ്രീരാജ്, അനിൽ പ്രകാശ്, വിജയൻ, എഎസ്ഐ ജോയ് തോമസ് എന്നിവരാണ്. സിഐ ഷാജു ജോസും ഡിവൈഎസ്പി ഇമ്മാനുവേൽ പോളും ഈ കാരുണ്യപ്രവൃത്തിക്ക് എല്ലാ പിന്തുണയും നൽകി. ഈ നന്മനിറഞ്ഞ പ്രവൃത്തിക്ക് അൻസലിന് കേരള പൊലീസിന്റെ പ്രശംസസാപത്രവും ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Commit suicide, Husband and wife, Kanjirappally, Kerala police, Thiruvananthapuram