advertisement
വീടിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന കാർ കാണിക്കാൻ ഒരാൾ തന്റെ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു വെള്ള സെഡാൻ കാറിനടുത്തേക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങുന്നത് നമുക്ക് വീഡിയോയിൽ കാണാം. കാർ കണ്ട് അതീവ സന്തുഷ്ടയായ ആ അമ്മ മകനോട് ആ കാർ ആരുടേതാണെന്ന് ചോദിക്കുന്നു. ഇത് തന്റെ കാർ അല്ലെന്നും അമ്മയുടേതാണെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറയുന്നു. അതിനെത്തുടർന്നുള്ള അമ്മയുടെ സന്തോഷപ്രകടനം വിവരിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല. സന്തോഷം കൊണ്ട് അലറിവിളിക്കുന്ന അമ്മ ആ കാറിന് ചുറ്റും നടക്കുന്നതും മകനെ കെട്ടിപ്പിടിച്ച് ആഹ്‌ളാദം പങ്കുവെയ്ക്കുന്നതും വീഡിയോയിൽ കാണാം.
Also Read കൊടകര കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിയുടെ പങ്ക് അന്വേഷിക്കണം: പദ്മജ വേണുഗോപാല്‍
@KhristianLue എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ആ മകൻ ഈ വീഡിയോ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. "ഇതൊരു ബെൻസോ ബെന്റ്ലി കൂപ്പോ ഒന്നുമല്ല, പക്ഷേ ഞാൻ എന്റെ അമ്മയ്ക്കായി ഇന്നൊരു കാർ വാങ്ങി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, അമ്മേ" എന്ന ക്യാപ്ഷ്യനോട് കൂടിയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. 36 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനകം 2.8 ദശലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്. 27,000 പേർ വീഡിയോ റീട്വീറ്റ് ചെയ്തപ്പോൾ 2,23,000 പേർ അത് ലൈക്ക് ചെയ്തു. ലക്ഷക്കണക്കിന് ട്വിറ്റർ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയതോടൊപ്പം അവരിൽ പലർക്കും ഉണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഈ വീഡിയോ പ്രചോദനമായി.
Also Read 'നിങ്ങൾക്ക്' ബഹുമാനം കുറവാണോ? തലശ്ശേരിക്കാരൻ എംഎൽഎ സ്പീക്കറെ 'നിങ്ങൾ' എന്ന് വിളിക്കുമ്പോൾ
"ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം കരച്ചിൽ അടക്കിപ്പിടിച്ച് വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു, പക്ഷെ ഒടുവിൽ ഞാൻ പരാജയപ്പെട്ടു", ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. "ആ അമ്മയുടെ സന്തോഷ പ്രകടനം മനസിൽ നിന്ന് മായുന്നില്ല" എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. "സഹോദരാ, നിങ്ങൾ എന്താണോ അങ്ങനെ തന്നെ തുടരുക. ഒരിക്കലും മാറരുത്. ആ സ്ത്രീ നിങ്ങളെ അർഹിക്കുന്നുണ്ട്", മൂന്നാമതൊരാൾ കമന്റ് ചെയ്തു. മറ്റു ചിലരാകട്ടെ ഇതുപോലെ തങ്ങളുടെ മാതാപിതാക്കൾക്ക് അപ്രതീക്ഷിതമായി സമ്മാനങ്ങൾ നൽകിയ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.
നമുക്ക് ഈ അമ്മയ്ക്കും മകനും എല്ലാക്കാലത്തും എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.
