ഒരു അധ്യാപകനായ ശേഷവും വിദ്യാർത്ഥികൾക്ക് പ്രചോദനവും മാതൃകയുമാവുകയാണ് അമിത് കുമാർ നിരഞ്ജൻ. ഇതിനോടകം തന്നെ എട്ട് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഏഴ് വിഷയങ്ങളിൽ യുജിസി നെറ്റ് യോഗ്യതയും കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ രണ്ടാമത്തെ പിഎച്ച്ഡിയ്ക്കായുള്ള ശ്രമത്തിലാണ് അമിത് കുമാർ. വിദ്യാർത്ഥികളാണ് തനിയ്ക്ക് പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.
”ഒരോ വിഷയത്തെക്കുറിച്ചുള്ള അവരുടെ ജിജ്ഞാസയും ചോദ്യങ്ങൾ ചോദിക്കുന്നതും എനിക്ക് ഒരിക്കലും അവസാനിക്കാത്ത പ്രചോദനമാണ്” എന്ന് അദ്ദേഹം ഒരിക്കൽ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. കൂടാതെ മികച്ച മാർഗനിർദേശത്തിന്റെ അഭാവം മൂലം പഠനത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നം തനിക്ക് മനസ്സിലായെന്നും അമിത് വ്യക്തമാക്കി. ഈ പ്രശ്നം വിദ്യാർത്ഥികൾ അഭിമുഖീകരിക്കാത്ത വിധത്തിൽ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
advertisement
അതോടൊപ്പം ഉദ്യോഗാർത്ഥികൾ ആകസ്മികമായിട്ടല്ല, സ്വന്തം ഇഷ്ടപ്രകാരം തന്നെ അധ്യാപനം എന്ന കരിയർ തിരഞ്ഞെടുക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിലവിൽ ഏഴു വിഷയങ്ങളിലാണ് അദ്ദേഹം യുജിസി നെറ്റ് പരീക്ഷ പാസായത്. അമിത് കുമാറിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അശ്രാന്ത പരിശ്രമവും കഠിനാധ്വാനവും തന്നെയാണ്. 2010- ൽ കൊമേഴ്‌സിൽ യുജിസി-നെറ്റ്-ജെആർഎഫ് യോഗ്യത നേടിയ അദ്ദേഹം 2011- ൽ ഇക്കണോമിക്സിൽ യുജിസി നെറ്റ് യോഗ്യത നേടി. ആ യാത്ര അവിടെ അവസാനിച്ചില്ല. തുടർന്ന് 2012 ഡിസംബറിൽ മാനേജ്‌മെന്റിലും യുജിസി നെറ്റ് യോഗ്യത നേടി. എഡ്യൂക്കേഷനിൽ 2015 ഡിസംബറിൽ യുജിസി നെറ്റ് നേട്ടം കൈവരിച്ചു.
Also read-ഡ്രോണ്‍ പറത്താന്‍ ലൈസന്‍സ് വേണോ ? ആര്‍ക്കൊക്കെ ഡ്രോണ്‍ പറത്താം ?
ശേഷം 2019 ഡിസംബറിൽ പൊളിറ്റിക്കൽ സയൻസിലും 2020 ജൂണിൽ സോഷ്യോളജിയിലും നിരഞ്ജൻ നെറ്റ് കരസ്ഥമാക്കി. അതേസമയം കൊമേഴ്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷൻ, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, എച്ച്ആർ ആൻഡ് മാർക്കറ്റിംഗ്, നിയമം തുടങ്ങി എട്ട് വിഷയങ്ങളിൽ അദ്ദേഹം ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ നിലവിൽ, ഏഴ് വ്യത്യസ്ത വിഷയങ്ങളിൽ യുജിസി നെറ്റ് -ന് യോഗ്യത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തി കൂടിയാണ് അമിത് കുമാർ നിരഞ്ജൻ . ഇതിനുപുറമേ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ലണ്ടൻ എന്നിവയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.