പഴക്കടയിൽ നിന്നും 10 കിലോ മാമ്പഴമാണ് ഇയാൾ കടയിൽ നിന്നും മോഷ്ടിച്ചത്. ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഷിഹാബാണ് കവർച്ച നടത്തിയത്. കഴിഞ്ഞദിവസം രാത്രിയില്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് ഇയാൾ പഴക്കടയിൽ മോഷണം നടത്തിയത്.
Also Read-കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഒളിവില്‍
ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
advertisement
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് എതിരായ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.