തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചിരുന്നു. കേസ് കോവളം പൊലീസിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നൽകിയ മൊഴിയിലും പീഡനരോപണത്തിൽ യുവതി ഉറച്ചു നിന്നതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.
നിയമസഭാ വളപ്പിൽനിന്നോ എംഎൽഎ ഹോസ്റ്റലിൽനിന്നോ എൽദോസിനെ അറസ്റ്റു ചെയ്യുകയാണെങ്കിൽ മാത്രം സ്പീക്കറെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയാൽ മതിയാകും. അല്ലെങ്കിൽ അറസ്റ്റു ചെയ്തശേഷം സ്പീക്കറെ അറിയിക്കും. നിയമസഭാ സെക്രട്ടേറിയറ്റ് ഈ വിവരം ബുള്ളറ്റിനായി പുറത്തിറക്കി മറ്റു സാമാജികരെ അറിയിക്കും. റിമാൻഡ് ചെയ്താൽ അക്കാര്യം മജിസ്ട്രേറ്റും സ്പീക്കറെ അറിയിക്കും.
advertisement
കഴിഞ്ഞ മാസം 28നാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കമ്മീഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു.
പരാതി പിൻവലിച്ചാൽ 30 ലക്ഷംരൂപ നൽകാമെന്ന് എല്‍ദോസ് കുന്നപ്പിള്ളിൽ വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. ആരോപണത്തെത്തുടർന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു. താൻ നിരപരാധിയാണെന്നും തന്റെ ഫോൺ സുഹൃത്തായിരുന്ന യുവതി മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മുൻകൂർ ജാമ്യേപേക്ഷയിൽ പറയുന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും അപേക്ഷയിൽ പറയുന്നു.