എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ പീഡന പരാതിയിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാരോപണം; കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി

Last Updated:

എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എംഎൽഎ ഒളിവിലാണ്.
advertisement
പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
''മറ്റ് സ്ത്രീകളുമായി ബന്ധവുമുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ പിൻമാറാൻ ശ്രമിച്ചു. പക്ഷെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും എൽദോസ് പിൻതുടര്‍ന്നു. കഴിഞ്ഞ 14 ന് കോവളത്ത് വച്ച് പരസ്യമായി മർദ്ദിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. കഴിഞ്ഞ 29 ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കോവളം പൊലീസ് കേസെടുത്തില്ല. ഒത്തുതീര്‍പ്പിനാണ് സ്റ്റേഷൻ ഓഫീസര്‍ ശ്രമിച്ചത്. ഈ മാസം ഒൻപതിന് വീട്ടിലെത്തിയ എൽദോസ് കുന്നപ്പള്ളി ഭീഷണിപ്പെടുത്തി കോവളം എസ്എച്ച്ഒ യുടെ മുന്നിലെത്തിച്ച് പരാതി പിൻവലിച്ചെന്ന് പറയാൻ നിര്‍ബന്ധിച്ചു. അഭിഭാഷകന്റെ മുന്നിൽ വച്ചാണ് പണം വാഗ്ദാനം ചെയ്തത്'' ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി.
advertisement
Also Read- 'എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു; കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം നൽകി': പരാതിക്കാരി
ഇതിനിടെ, പരാതിക്കാരിയായ അധ്യാപികക്കെതിരെ എല്‍ദോസിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതി. എറണാകുളം കുറുപ്പുംപടി പൊലീസ് സ്‌റ്റേഷനില്‍ എംഎല്‍എയുടെ പിഎയാണ് ഇന്നലെ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.
advertisement
എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ മാറിനില്‍ക്കാനാണ് തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ പീഡന പരാതിയിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാരോപണം; കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement