തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കി പൊലീസ്. എം.എല്‍.എയ്ക്കെതിരെ പീഡനം ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്താനും തീരുമാനം. അതേസമയം നിയമവിരുദ്ധമായി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഫേസ്ബുക്കിലൂടെ എം.എല്‍.എ പ്രതികരിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കോവളം എസ്.എച്ച്.ഒയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും തീരുമാനമായി.
എം എൽ എ ഓഫീസില്‍ വരാതെയും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും എല്‍ദോസ് കുന്നപ്പിള്ളിൽ എം.എല്‍.എ നാല് ദിവസമായി ഒളിവ് ജീവിതത്തിലാണ്. അവിടെ ഇരുന്ന് ഫേസ്ബുക്കില്‍ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചു.
പരാതിക്കാരിയെ പേരെടുത്തല്ലങ്കിലും ക്രിമിനല്‍ എന്നാണ് എം.എല്‍.എ വിശേഷിപ്പിക്കുന്നത്. തട്ടിപ്പ് വശമില്ല, തെറ്റ് ചെയ്തിട്ടില്ല, വിശ്വസിക്കുന്ന ദൈവം മാത്രം തുണ, അധികാരം തനിക്ക് അവസാനവാക്കല്ല, പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും നന്ദിയെന്നും പറഞ്ഞ് കുറിപ്പ് അവസാനിക്കുന്നു. എന്നാല്‍ എം.എല്‍.എയുടെ അറസ്റ്റിലേക്ക് തന്നെയാണ് പൊലീസിന്റെ നീക്കം. ഇന്നലെ വിശദമൊഴിയെടുത്തപ്പോള് പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു. അതിനാല്‍ പീഡനക്കുറ്റം കൂടി ചുമത്തി അന്വേഷണസംഘം പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.
ശനിയാഴ്ചയാണ് എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അതിന് ശേഷമാവും അറസ്റ്റ്. എങ്കിലും അതിന് മുന്‍പ് തന്നെ എം.എല്‍.എയെ കണ്ടെത്തി അറസ്റ്റിനുള്ള മുന്നൊരുക്കമെല്ലാം പൂര്‍ത്തിയാക്കാനാണ് തീരുമാനം. എം.എല്‍.എയ്ക്കെതിരെ പാര്‍ട്ടി അന്വേഷണവും തുടരുകയാണ്. പ്രതിപക്ഷ നേതാവ്എം.എല്‍.എയ്ക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്താനും കേസൊതുക്കാനും ശ്രമിച്ചെന്ന പരാതിയില്‍ കോവളം എസ്.എച്ച്.ഒ ജി.പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. പ്രൈജുവിനെ ഇന്നലെ സ്ഥലംമാറ്റിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Eldose P Kunnapillil MLA, Kovalam