TRENDING:

കുതിക്കാനൊരുങ്ങി ചന്ദ്രയാൻ -3; ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയ്ക്ക് മൂന്നാമൂഴം

Last Updated:

ചാന്ദ്ര പര്യവേക്ഷണത്തിൽ ഐഎസ്ആർഒയുടെ മൂന്നാമൂഴമാണ് ചന്ദ്രയാൻ -3

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കവികൾക്കും കാല്പനികർക്കും മാത്രമല്ല, ശാസ്ത്രജ്ഞർക്കും ഏറെ പ്രിയപ്പെട്ടതാണ് ചന്ദ്രൻ. ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഏറെക്കാലമായി ശ്രമങ്ങൾ നടക്കുന്നുണ്ട്. പത്തുവർഷത്തിൽ ഏറെയായി ഇന്ത്യയും ചാന്ദ്ര പര്യവേക്ഷണത്തിന്റെ പാതയിലാണ്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ -3 ആവേശകരമായ കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായ ചന്ദ്രയാൻ -3 ജൂലൈ 12നും 19നും ഇടയിൽ വിക്ഷേപിക്കപ്പെടും.
advertisement

ചന്ദ്രയാൻ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്നും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലുള്ള വിക്ഷേപണ കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. കോട്ടയത്തെ കോതവാര സെന്റ് സേവിയേഴ്‌സ് കോളേജിൽ വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.

Also read-യുനെസ്‌കോയില്‍ വീണ്ടും അംഗമാകാനൊരുങ്ങുന്ന അമേരിക്ക സംഘടനയില്‍ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

‘അവസാന ഘട്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. അത് ഈ മാസം അവസാനത്തോടെ പൂർത്തിയാകും. എൽ വി എം -3 എന്ന റോക്കറ്റാണ് ലോഞ്ചിനായി ഉപയോഗിക്കുക. അതിന്റെ അസംബ്ലിങ്ങുമായി ബന്ധപ്പെട്ട ജോലികൾ നടക്കുകയാണ്. അസംബിൾ ചെയ്യാനുള്ള എല്ലാ ഭാഗങ്ങളും ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. ജൂലൈ 12നും 19നും ഇടയിൽ വിക്ഷേപണം നടക്കും.’ എസ് സോമനാഥ് പറഞ്ഞു. വിക്ഷേപണത്തിനിടയിൽ പ്രതിസന്ധികൾ ഇല്ലാതെയിരിക്കാൻ ചന്ദ്രയാൻ -3ൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർഡ്‌വെയർ, ഘടന, കംപ്യൂട്ടറുകൾ, സോഫ്റ്റ്‌വെയർ, സെൻസറുകൾ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്.

advertisement

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം

ചാന്ദ്ര പര്യവേക്ഷണത്തിൽ ഐഎസ്ആർഒയുടെ മൂന്നാമൂഴമാണ് ചന്ദ്രയാൻ -3. ചന്ദ്രയാൻ -3 ന് മൂന്ന് പ്രധാന ലക്ഷ്യങ്ങളാണുള്ളതെന്ന് ഐഎസ്ആർഒ അധികൃതർ വിശദീകരിക്കുന്നു:

ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ്, ചന്ദ്രോപരിതലത്തിൽ റോവർ പ്രവർത്തിപ്പിച്ചു കാണിക്കൽ, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തൽ എന്നിവയാണത്. ചന്ദ്രയാൻ -2ൽ, വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡിംഗിനിടെ തകർന്നിരുന്നു. അതോടെ, ചന്ദ്രയാൻ -3 നടക്കേണ്ടത് അനിവാര്യമായി മാറുകയായിരുന്നു. 2024ൽ ജപ്പാന്റെ സഹായത്തോടെ ഇന്ത്യ ചന്ദ്ര ധ്രുവ പര്യവേക്ഷണത്തിന് പദ്ധതിയിടുന്നുണ്ട്. അതിനു മുന്നോടിയായി ലാൻഡിംഗ് ടെക്‌നിക്കുകൾ കൃത്യമാക്കുക എന്നൊരു ഉദ്ദേശം കൂടെ ചന്ദ്രയാൻ -3നുണ്ട്.

advertisement

Also read- ചൈനയിൽ വീണ്ടും കോവിഡ് തരംഗം; പ്രതിവാരം കേസുകൾ ആറരക്കോടിയിലെത്തിയേക്കും; മഹാമാരി തിരികെ വരുമോ?

ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽ വി എം 3) യാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ -3 നെയും വഹിച്ചു കൊണ്ട് കുതിച്ചുയരുക. ലാൻഡറിന്റെയും റോവറിന്റെയും ഭാഗങ്ങൾ എൽ വി എം 3ലുണ്ട്. ഈ ഭാഗത്തെ ഒരു പ്രൊപ്പൾഷൻ മൊഡ്യൂൾ വഴി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും. സ്‌പെക്ട്രോ – പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ്) എന്ന ഉപകരണം ഈ പ്രൊപ്പൾഷൻ മൊഡ്യൂളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയെക്കുറിച്ച് ചന്ദ്രനിൽ നിന്നും പഠിക്കുന്നതിനായുള്ള സാമഗ്രിയാണിത്. ചന്ദ്രനിൽ ഒരു പ്രത്യേക ഭാഗത്തു നിന്നും ഇത് ഭൂമിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും പുതിയ അറിവുകളും നൽകിക്കൊണ്ടിരിക്കും.

advertisement

ഡിസൈനും പ്രത്യേകതകളും

ചന്ദ്രയാൻ -2ൽ ഉണ്ടായിരുന്നതു പോലെയുള്ള ഓർബിറ്റർ ചന്ദ്രയാൻ -3ൽ ഉണ്ടായിരിക്കില്ല. പകരം, ഒരു റോവറും ലാൻഡറുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാനാണ് ഈ ദൗത്യം നിയോഗിച്ചിരിക്കുന്നത്. കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം എത്തിയിട്ടില്ലാത്ത ഭാഗങ്ങളാണ് ദൗത്യം പ്രധാനമായും പഠിക്കുക. ജിഎസ്എൽവി – എം കെ 3 എന്ന ലോഞ്ചറാണ് ചന്ദ്രയാൻ -3നായി പ്രവർത്തിക്കുക. 170 x 36500 കിലോമീറ്റർ വ്യാപ്തിയുള്ള എല്ലിപ്റ്റിക് പാർക്കിംഗ് ഓർബിറ്റിൽ ഈ ലോഞ്ചർ പേടകത്തെ എത്തിക്കും.

advertisement

അധികമാരും എത്തിച്ചേർന്നിട്ടില്ലാത്ത ചന്ദ്രനിലെ ചില ഉൾഭാഗങ്ങളിൽ ഐസും ധാതു നിക്ഷേപങ്ങളും ഉണ്ടായിരിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ട്. പര്യവേക്ഷണം ഉപരിതലത്തിൽ മാത്രം ഒതുങ്ങില്ലെന്നും ഉപരിതലത്തിനു തൊട്ടുതാഴെയുള്ള ഭാഗങ്ങളും, അന്തരീക്ഷത്തിന്റെ പുറം പാളിയും പഠന വിധേയമാക്കുമെന്നും ഐഎസ്ആർഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിന് 100 കിലോമീറ്റർ മുകളിൽ നിന്നും എടുക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഉപരിതലത്തെക്കുറിച്ചും പഠിക്കും.

Also read- തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയ്ക്ക് നെഞ്ചു വേദന വരാന്‍ കാരണമെന്ത്?

ചന്ദ്രയാൻ -3ന്റെ ലാൻഡർ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, നാല് ഫുൾ ത്രോട്ടബിൾ എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.’ഇത്തവണ കൂടുതൽ ഇന്ധനം സൂക്ഷിച്ചിട്ടുണ്ട്. ലാൻഡിംഗ് സാങ്കേതിക വിദ്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഊർജ്ജോൽപാദനത്തിനായി സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്. സെൻസറുകളും, വേഗത അളക്കാൻ ലേസർ ഡോപ്ലർ വെലോസിമീറ്ററുമുണ്ട്. കഴിഞ്ഞ വർഷം വികസിപ്പിച്ച സാങ്കേതിക വിദ്യയാണത്. നേരത്തേ നിശ്ചയിച്ചയിടത്ത് ലാൻഡിംഗിനു ബുദ്ധിമുട്ടു നേരിട്ടാൽ മറ്റൊരിടത്തേക്ക് മാറാനുള്ള സാങ്കേതിക വിദ്യയും സോഫ്റ്റ് വെയർ വഴി ഉൾപ്പെടുത്തിയിട്ടുണ്ട്.’

ചന്ദ്രയാൻ -2ൽ നിന്നുമുള്ള വ്യത്യാസം

തൊട്ടു മുൻപത്തെ ചാന്ദ്ര ദൗത്യത്തിൽ നിന്നും വലിയ വ്യത്യാസങ്ങളാണ് ചന്ദ്രയാൻ -3ന് ഉള്ളത്. ചന്ദ്രയാൻ -3 വിക്ഷേപിക്കപ്പെടുന്നത് ഒരു ലാൻഡറും റോവറും മാത്രം കൂട്ടിച്ചേർത്താണ്. ചന്ദ്രയാൻ -2ന് ഒരു ഓർബിറ്ററും അധികമായി ഉണ്ടായിരുന്നു. ചന്ദ്രയാൻ -2ൽ വിക്ഷേപിച്ച ഓർബിറ്റർ നിലവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. അതുവഴിയായിരിക്കും പുതിയ ദൗത്യം ഭൂമിയുമായി ആശയവിനിമയം നടത്തുക. ചന്ദ്രയാൻ -2ന്റെ പരാജയത്തിൽ നിന്നും ഉൾക്കൊണ്ട പല പാഠങ്ങളും ചന്ദ്രയാൻ -3ന്റെ നിർമാണത്തിൽ സഹായിച്ചിട്ടുണ്ട്. ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറകൾ പുതിയ ദൗത്യത്തിന്റെ ഭാഗമാണ്. ലാൻഡൻ ചന്ദ്രോപരിതലത്തോട് അടുക്കുമ്പോൾ, ഈ ക്യാമറകൾ സഹായമാകും.

ചന്ദ്രയാൻ -2ൽ ഇത്തരം ഒരു ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ, ചന്ദ്രയാൻ -3ൽ രണ്ടു ക്യാമറകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രയാൻ -2ന്റെ ഓർബിറ്ററിൽ ഒമ്പത് ഉപകരണങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവയെല്ലാം ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തിൽ സജീവമായി ഉപയോഗത്തിലുണ്ട്. ചന്ദ്രയാന്റെ രണ്ടു പതിപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതു തന്നെ. ചന്ദ്രയാൻ -3 ന്റെ പ്രൊപ്പൾഷൻ മൊഡ്യൂളിൽ ഷേപ്പ് എന്ന ഉപകരണം മാത്രമാണ് അധികമായി ഉള്ളത്. ചന്ദ്രനിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ എക്‌സോ പ്ലാനറ്റുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രയോജനകരമാകും.

Also read- അറബിക്കടലിൽ ബിപർജോയ് പോലുള്ള ശക്തമായ ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നത് എന്തുകൊണ്ട്?

സൗരയൂഥത്തിന് പുറത്തുള്ള മറ്റു ഗ്രഹങ്ങളിൽ മനുഷ്യ വാസം സാധ്യമാണോ എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തുക. ‘പ്രകാശത്തിന്റെ പ്രതിഫലനം ഉപയോഗിച്ച് ചെറു ഗ്രഹങ്ങളെക്കുറിച്ച് ഭാവിയിൽ കണ്ടെത്താൻ സാധിച്ചാൽ, അത് എക്‌സോ പ്ലാനറ്റുകളെക്കുറിച്ചുള്ള പഠനത്തിന് സഹായിക്കും. ജീവന്റെ സാന്നിധ്യമുള്ള ഗ്രഹങ്ങൾ, മനുഷ്യ വാസം സാധ്യമായ ഗ്രഹങ്ങൾ എന്നിങ്ങനെ പലതും പഠിക്കാൻ കഴിയും.’ ഐഎസ്ആർഒ വിശദീകരിക്കുന്നു. ലേസർ റിട്രോ റിഫ്‌ളക്ടർ അറേ (എൽ ആർ എ) എന്ന ഉപകരണവും ചന്ദ്രയാൻ -3 ദൗത്യത്തിന്റെ ഭാഗമായ ലാൻഡറിനോട് ഘടിപ്പിച്ചിട്ടുണ്ട്. ചാന്ദ്ര വ്യവസ്ഥയുടെ ഘടന മനസ്സിലാക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Explained/
കുതിക്കാനൊരുങ്ങി ചന്ദ്രയാൻ -3; ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയ്ക്ക് മൂന്നാമൂഴം
Open in App
Home
Video
Impact Shorts
Web Stories