തിരുമാൾ നിൽക്കുന്നതും ഇരിക്കുന്നതുമായ വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനകത്തുള്ള ഭിത്തികളിൽ പല്ലവരും ചാലൂക്യരും തമ്മിലുള്ള സംഘർഷങ്ങളും യുദ്ധരംഗങ്ങളുമെല്ലാം കൊത്തി വെച്ചിട്ടുണ്ട്. ഈ യുദ്ധരംഗങ്ങളിൽ യോദ്ധാക്കൾക്കൊപ്പം കുതിരകൾ, ആനകൾ, എന്നിവയെല്ലാം ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
ഈ ക്ഷേത്രത്തിലെ ഓരോ ശില്പവും ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഭിത്തിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അവയോരോന്നിനും പിന്നിൽ ഒരോ കഥകളുമുണ്ട്. നൃത്തം, സംഗീതം, മറ്റ് കലാപരിപാടികൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക വിനോദങ്ങളുടെ ചിത്രീകരണങ്ങളും ഇവിടുത്തെ ഭിത്തികളിൽ കാണാം.
advertisement
എന്നാൽ, ഇവയ്ക്കെല്ലാം പുറമേ, വൈകുണ്ഡ പെരുമാൾ ക്ഷേത്രത്തിൽ ഒരു പ്രത്യേക ശിൽപമുണ്ട്. പല്ലവ ഭരണാധികാരിയായിരുന്ന നരസിംഹ വർമന്റെ കാലത്ത് കാഞ്ചീപുരം സന്ദർശിച്ച പ്രശസ്ത ചൈനീസ് സന്യാസിയും തീർത്ഥാടകനുമായ ഹ്യൂയാൻ സാങ്ങിന്റെ ശിൽപമാണിത്. പല്ലവ ഭരണാധികാരികൾ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ശിൽപം ക്ഷേത്രത്തിൽ സ്ഥാപിച്ചത്.
ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള ഭിത്തിയിലാണ് ഹ്യൂയാൻ സാങ്ങിന്റെ ശിൽപമുള്ളത്. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന നയതന്ത്ര ബന്ധത്തിന്റെ അടയാളം കൂടിയാണ് ഈ ശിൽപം.
ഏഴാം നൂറ്റാണ്ടിൽ, പല്ലവരുടെ ഭരണത്തിൻ കീഴിൽ കാഞ്ചീപുരം ബുദ്ധമതക്കാരുടെയും ജൈന മതക്കാരുടെയും കേന്ദ്രമായിരുന്നുവെന്നും ഹ്യൂയാൻ സാങ് തന്റെ രചനകളിൽ പറഞ്ഞിട്ടുണ്ട്.