ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിനടുത്തായി ചരിത്രപരമായ ചെങ്കോല്‍ സ്ഥാപിക്കാനും തീരുമാനമായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ചെങ്കോലിന് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവുമായി ഏറെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്നും അധികാരം ഇന്ത്യക്കാര്‍ക്ക് കൈമാറിയതിന്റെ പ്രതീകം കൂടിയാണ് ചെങ്കോല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായ രേഖകള്‍ പ്രകാരം ചെങ്കോലിന് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി വലിയ ബന്ധമാണുള്ളത്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണിന്റെ കാലം മുതലാണ് ചെങ്കോലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരകൈമാറ്റം എങ്ങനെ പ്രതീകാത്മകമായി രേഖപ്പെടുത്തുമെന്ന് മൗണ്ട് ബാറ്റണ്‍ ജവഹര്‍ലാല്‍ നെഹ്റുവിനോട് ചോദിച്ചിരുന്നു. ഇതേപ്പറ്റി ആലോചിച്ച നെഹ്റു ഇന്ത്യയുടെ അധികാരകൈമാറ്റം സംബന്ധിച്ച് ഒരു ചിഹ്നം നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായ സി രാജഗോപാലാചാരിയോട് ആവശ്യപ്പെട്ടു. രാജാജിയാണ് ചെങ്കോല്‍ എന്ന ആശയം മുന്നോട്ടു വെച്ചത്.
തമിഴ്നാട് ചരിത്രത്തില്‍ അധികാരമേല്‍ക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി അവിടുത്തെ മുതിര്‍ന്ന പുരോഹിതന്മാര് ചെങ്കോല്‍ നല്‍കിയിരുന്നു. ചോള രാജവംശത്തിലും ഈ പാരമ്പര്യം പിന്തുടര്ന്ന് പോന്നിരുന്നുവെന്നും രാജാജി ചൂണ്ടിക്കാട്ടി. അതുപോലെ ഇന്ത്യയുടെ അധികാരകൈമാറ്റത്തിനും ചെങ്കോല്‍ പ്രതീകമായി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വെച്ചു.
Also Read- പുതിയ പാര്‍ലമെന്റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ തുടര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനവേളയില്‍ ഉപയോഗിക്കാനുള്ള ചെങ്കോല്‍ താന്‍ കണ്ടെത്താമെന്നും രാജാജി പറഞ്ഞു. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത രാജാജി നേരെ എത്തിയത് തമിഴ്നാട്ടിലേക്കാണ്. തമിഴ്നാട്ടിലെ തിരുവാത്തുറൈ അഥീനം എന്ന മതസ്ഥാപനത്തിലേക്കാണ് അദ്ദേഹം എത്തിയത്. അന്നത്തെ അവിടുത്തെ ആത്മീയാചാര്യന് രാജാജി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.
Also Read- പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്ഷിക ദിനത്തില്‍; അപമാനകരമെന്ന് കോണ്‍ഗ്രസ് അന്നത്തെ മദ്രാസിലെ അറിയപ്പെടുന്ന ആഭരണ നിര്‍മ്മാതാവായ വുമ്മിഡി ബംഗാരു ചെട്ടിയാണ് ചെങ്കോല്‍ പണിതത്. അഞ്ച് അടി ഉയരമുള്ള ചെങ്കോലാണ് അദ്ദേഹം പണിതത്. ചെങ്കോലിന്റെ ഏറ്റവും മുകളില്‍ നന്തി(കാള)യുടെ രൂപവും ഉണ്ട്. നീതി എന്ന ആശയത്തെ പ്രതിനിധാനം ചെയ്താണ് ചെങ്കോലില്‍ നന്തിയെ സ്ഥാപിച്ചത്. രേഖകള്‍ പ്രകാരം ഈ മഠാധിപതി ചെങ്കോല്‍ ആദ്യം മൗണ്ട്ബാറ്റനാണ് നൽകിയത് . ശേഷം ചെങ്കോല്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു. പിന്നീട് ഒരു ഘോഷയാത്രയുടെ അകമ്പടിയോടെ ചെങ്കോല്‍ നെഹ്റുവിന് കൈമാറി. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 15 മിനിറ്റ് മുമ്പാണ് ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്. ചെങ്കോല്‍ കൈമാറ്റ വേളയില്‍ ഒരുപ്രത്യേക ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ 2021 ജനുവരി 15-നാണ് ആരംഭിച്ചത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയ്ക്ക് ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം പ്രവേശന കവാടങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടാകും. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മിച്ച ഭരണഘടനാ ഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Indian Parliament, Jawaharlal Nehru, Narendra modi