മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര നായകന്മാരും ചേർന്നാണ് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചത്.
'ബ്രൂസ് ലീ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഗംഭീര ഫസ്‌റ്റ് ലുക്ക് മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന 'ബ്രൂസ് ലീ' എന്ന ഈ മാസ്സ് ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ് ലീ'.
advertisement
എസ്രാ, ലൂസിഫർ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റർ ചെയ്ത ആനന്ദ് രാജേന്ദ്രൻ ആണ് ഡിസൈനർ. അനീഷ് മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നു. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ.
ആക്ഷൻ സിനിമകളിൽ പ്രഗൽഭരായ രണ്ടു പേരായ ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് സിനിമ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം 2021ൽ മാത്രമെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.
വളരെയധികം പ്രേത്യേകതകൾ നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കും.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുവാൻ തയാറെടുക്കുന്നത്.
2020 ഓഗസ്റ്റ് 17നാണ് ഉണ്ണി സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ 'ഉണ്ണി മുകുന്ദൻ ഫിലിംസ്' (UMF) ആരംഭിച്ചത്. സ്വന്തം നിർമ്മാണ കമ്പനിയെപ്പറ്റി ഉണ്ണി പറഞ്ഞ വാക്കുകൾ ചുവടെ.
"ജീവിതകാലം മുഴുവനും ഞാൻ സ്വപ്നം കണ്ടിരുന്നു. പലതിലും ഞാൻ എന്നെ വിഭാവനം ചെയ്തു നോക്കി, ഈ പ്രപഞ്ചം എനിക്കൊപ്പം അതിനെ യാഥാർഥ്യമാക്കാൻ ഒപ്പം നിന്നു. അത്തരമൊരു സ്വപ്നമായിരുന്നു ഒരു നടനാവുക എന്നത്. ആ വിശ്വാസത്തെ ആധാരമാക്കി ഒരു നിർമ്മാതാവെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് 'ഉണ്ണി മുകുന്ദൻ ഫിലിംസിലൂടെ' (UMF) ഞാൻ ചുവടുവയ്ക്കുന്നു. സിനിമയ്ക്ക് അർത്ഥവത്തായ ഒന്ന് തിരികെ നൽകുക എന്ന എന്റെ ശ്രമത്തിന്റെ ഭാഗമാണ് UMF. പ്രചോദനാത്മകവും, മാനസികോല്ലാസം പകരുകയും ചെയ്യുന്ന സൃഷ്‌ടികൾ മെനഞ്ഞെടുക്കാനും, കഴിവുകളെ പിന്തുണയ്ക്കാൻ ഉതകുന്നതുമായ ഒരു പ്ലാറ്റ്‌ഫോമാവുകയുമാണ് UMF ലക്ഷ്യമിടുന്നത്."