മൈസൂരു കടകോളയിലെ ബീരഗൗഡനഹുണ്ഡിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച് പിതാവിന്‍റെ ഫാം ഹൗസിൽ കന്നുകാലികൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് നന്ദനെ പുള്ളിപ്പുലി ആക്രമിച്ചത്. ഈ ഫാം ഹൗസിനോട് ചേർന്ന് കർണാടക ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ 140 ഏക്കറോളം ഒഴിഞ്ഞ ഭൂമിയാണ്. ഇവിടെ ഒളിഞ്ഞിരുന്ന പുലി കന്നുകാലികൾക്ക് ഭക്ഷണം നൽകാനെത്തിയ കുട്ടിക്ക് മേൽ ചാടിവീഴുകയായിരുന്നു.
advertisement
അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയെങ്കിലും ധൈര്യം കൈവിടാതെ നന്ദൻ പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി. ഇതോടെ കഴുത്തില്‍ നിന്നും കടിവിട്ട പുലി കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. കഴുത്തിൽ നിന്നും തോളില്‍ നിന്നും രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻ തന്നെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കടാകോളയിലെയും സമീപ ഗ്രാമങ്ങളിലെയും ജനങ്ങൾ കർണാടക ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കുറ്റിക്കാടുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം.
Also Read-ആളുകൾക്കൊപ്പം കൂട്ടുകൂടി കളിച്ച് പുള്ളിപ്പുലി; കൗതുകവും ആശങ്കയും ഉയർത്തി ദൃശ്യങ്ങൾ വൈറൽ
പുള്ളിപ്പുലികൾ സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് വിശദീകരിച്ചത്. ജില്ലയിൽ നിന്നും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്ത കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.