കഴിഞ്ഞ വർഷം തന്റെ സീനിയർ ഉദ്യോഗസ്ഥനായ മധുകർ ഷെട്ടിയുടെ ആകസ്മിക നിര്യാണമാണ് യൂണിഫോമിനോട് വിടപറയാൻ ഈ യുവ പൊലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്. 'മധുകർ ഷെട്ടി സാറിന്റെ മരണമാണ് ഒരു പുനഃപരിശോധന നടത്താൻ പ്രേരിപ്പിച്ചത്. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമുണ്ടാകും. കാക്കി വേഷത്തോട് വിടപറയാനുള്ള സമയമായെന്ന് എനിക്ക് തോന്നി'- അണ്ണാമലൈ വ്യക്തമാക്കുന്നു. 46കാരനായ മധുകർ ഷെട്ടി എച്ച്1എൻ1 ബാധയെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്നാണ് മരിച്ചത്. പൊലീസ് ഓഫീസറുടെ യൂണിഫോം തരുന്ന അഭിമാനബോധത്തിന് സമാനതകളില്ലെന്ന് അണ്ണാമലൈ പറയുന്നു. 'ജീവിതത്തിലെ പല നല്ല മുഹൂർത്തങ്ങളും നഷ്ടപ്പെടുത്തേണ്ടിവന്നു. ഒപ്പമുള്ളവർക്ക് ആവശ്യമുള്ള സമയത്ത് എനിക്ക് അവർക്കൊപ്പം നിൽക്കാൻ കഴിയാതെ വന്നു. പറയേണ്ട സമയത്ത് ചില കാര്യങ്ങൾ പറയാൻ പോലും കഴിയാതെ പോയി'- അദ്ദേഹം പറയുന്നു. 'ജീവിതത്തിൽ നഷ്ടപ്പെട്ട ചില ചെറിയ കാര്യങ്ങൾക്ക് വേണ്ടി ഇനി സമയം ചെലവിടാനാണ് ആഗ്രഹം. മകന് നല്ലൊരു അച്ഛനാകണം. മുഴുവൻ സമയവും അവനൊപ്പം ഉണ്ടാകണം. കൃഷിയിലേക്ക് മടങ്ങണം. പൊലീസുകാരനല്ലാത്തതിനാൽ വീട്ടിലെ ആടുകൾ ഇനി എന്നെ അനുസരിക്കുമോ എന്ന് അറിയില്ല'- കുപ്പുസ്വാമി പറയുന്നു.
advertisement
ജൂൺ നാലിന് 33 വയസ് തികയുന്ന കുപ്പുസ്വാമി തമിഴ്നാട് കാരൂർ സ്വദേശിയാണ്. കോയമ്പത്തൂരിലെ പിഎസ്ജി കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയശേഷം ലഖ്നൗ ഐഐഎമ്മിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ജീവിതത്തിന്റെ ഗതി മാറ്റാൻ തീരുമാനിച്ചു എന്നുമാത്രമാണ് കുപ്പുസ്വാമി ന്യൂസ് 18നോട് പറഞ്ഞത്. എന്നാൽ സഹപ്രവർത്തകയായ ഐ ജി ഡി രൂപ പറയുന്നത് മറിച്ചാണ്. 'രാഷ്ട്രീയത്തിലിറങ്ങുന്ന ഡിസിപിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. രാഷ്ട്രീയത്തിലിറങ്ങാൻ ധൈര്യം വേണം. ജീവിതത്തിൽ വലിയ നേട്ടമുണ്ടാക്കിയ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് സന്തോഷകരമാണ്'- രൂപ ട്വീറ്റ് ചെയ്തു.
2018ൽ എച്ച് ഡി കുമാരസ്വാമി സർക്കാരാണ് അണ്ണാമലൈയെ ബംഗളൂരു സൗത്ത് ഡിസിപിയായി നിയമിച്ചത്. അതിന് മുൻപ് മൂന്ന് ദിവസത്തേക്ക് വൈ എസ് യെദ്യൂരപ്പ അധികാരത്തിലിരുന്നപ്പോൾ അണ്ണാമലൈയെ രാമനഗർ എസ് പിയായി നിയമിച്ചിരുന്നു. കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ തങ്ങിയിരുന്ന റിസോർട്ട് സ്ഥിതി ചെയ്തിരുന്ന കുമാര സ്വാമിയുട മണ്ഡലത്തിൽ ഒരു വിശ്വസ്തനെ ബിജെപി നേതാവിന് വേണമായിരുന്നു. 2011 ബാച്ച് ഉദ്യോഗസ്ഥനായ കുപ്പുസ്വാമി നേരത്തെ ചിക്കമംഗലൂരു എസ് പിയായിരുന്നു. ദക്ഷിണേന്ത്യയിലെ അയോധ്യ എന്ന് ബിജെപി തന്നെവിശേഷിപ്പിക്കുന്ന ബാബാ ബുധൻഗിരിയിലെ ദത്താസ്വാമി ദർഗയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ക്രമസമാധാനപ്രശ്നമാകാതെ തടഞ്ഞതും കുപ്പുസ്വാമിയായിരുന്നു. അതിന് മുപ് ഉഡുപ്പി എസ് പിയായും കാർക്കാല എ എസ് പിയായും സേവനം അനുഷ്ഠിച്ചു. 'സിങ്കം' കാക്കിവേഷം അഴിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വീരഗാഥകൾ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽമീഡിയ.