ഏറെ വേദനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് കോൺഗ്രസ് വിട്ടതെന്നും നേതാവില്ലാത്ത ഒരു പാർട്ടിയാണ് കോൺഗ്രസെന്നും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്ത് (Digambar Kamat). യാത്ര കൊണ്ട് വോട്ട് കിട്ടില്ലെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
'''കോൺഗ്രസ് ഒരു നേതാവില്ലാത്ത അവസ്ഥയിലേക്കെത്തി. പാർട്ടിയിൽ കൃത്യമായ മാർഗനിർദേശങ്ങളില്ല. യാത്രകളിൽ നിന്ന് വോട്ട് ലഭിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെടുത്ത ചില തീരുമാനങ്ങൾ എന്നെ ഞെട്ടിച്ചു. നിയമസഭയിലെ ഏറ്റവും മുതിർന്ന നേതാവായിരുന്നിട്ടും അവർ എന്നോട് പെരുമാറിയ രീതി വേദനിപ്പിക്കുന്നതായിരുന്നു. മുഖ്യമന്ത്രിയായി അഞ്ച് വർഷം ഞാൻ വിജയകരമായാണ് പൂർത്തിയാക്കിയത്. എന്നിട്ടും അവർ എന്നോട് മോശമായി പെരുമാറി'', ദിഗംബർ കാമത്ത് ന്യൂസ് 18 നോട് പറഞ്ഞു. ഇനിയൊരിക്കലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കില്ലെന്ന് പ്രവർത്തകരിൽ ചിലർ തന്നോട് പറഞ്ഞതായും കാമത്ത് കൂട്ടിച്ചേർത്തു.
advertisement
രാജ്യാന്തര തലത്തിൽ മോദി ഇന്ത്യയുടെ നിലവാരം ഉയർത്തിയെന്നും കാമത്ത് പ്രശംസിച്ചു. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ നിങ്ങൾ കാണുന്നുണ്ട്. ആഗോള തലത്തിൽ അദ്ദേഹം ഇന്ത്യയ്ക്ക് ഒരു പ്രതിച്ഛായ സൃഷ്ടിച്ചു. വിദേശികൾ നമ്മളെ ബഹുമാനത്തോടെയാണ് നോക്കുന്നതെന്ന് വിദേശത്ത് പോകുന്നവർക്കെല്ലാം മനസിലാകും. മുൻപ് ഇങ്ങനെ ആയിരുന്നില്ല സ്ഥിതി'', കാമത്ത് കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ ആരും പ്രശ്നങ്ങൾ പരിഹരിക്കാനായി തന്നെ സമീപിച്ചില്ലെന്നും കാമത്ത് പറഞ്ഞു. ''ഞങ്ങൾ വേദനിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. ഒരു കേന്ദ്ര നേതാവ് ഗോവയിലെത്തിയിരുന്നു. അപ്പോൾ പോലും എന്നെ വിളിക്കാനോ കാണാനോ ഉള്ള മര്യാദ അദ്ദേഹത്തിനില്ലായിരുന്നു. ഞാൻ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. എനിക്കെതിരെ അയോഗ്യതാ പ്രമേയം (disqualification motion) ഫയൽ ചെയ്തു. മറ്റു പലരും പാർട്ടി വിട്ടു പോയപ്പോഴും കോൺഗ്രസിനൊപ്പം നിന്നയാളാണ് ഞാൻ'', കാമത്ത് ന്യൂസ് 18 നോട് പറഞ്ഞു.
ബി.ജെ.പി സർക്കാരിൽ എന്തെങ്കിലും പദവി വാഗ്‌ദാനം ചെയ്‌തിരുന്നോ എന്ന ചോദ്യത്തോടും കാമത്ത് പ്രതികരിച്ചു: ''ഞാൻ പ്രതിഫലം ആഗ്രഹിക്കാതെയാണ് ബി.ജെ.പിയിൽ ചേർന്നത്. എന്റെ വിധി ഞാൻ ബിജെപിയുടെ കൈകളിലേക്ക് വിട്ടു കൊടുത്തു''.
ദിഗംബര്‍ കാമത്ത് പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ എന്നിവർ ഉൾപ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ഗോവയിൽ നിന്നും ബിജെപിയിൽ ചേർന്നത്. ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എംഎൽഎമാർ. ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവുമായി കാമത്തിന് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
