ഈ മാസം 18 ന് ബംഗളൂരു ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, ബിനീഷുമായും ലഹരിക്കടത്ത് കേസിൽ പ്രതിയായ അനൂപ് മുഹമ്മദുമായും ഒരുപോലെ ബന്ധവും സാമ്പത്തിക ഇടപാടുകളുമുള്ള അരുൺ എസ്, തിരുവനന്തപുരം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന്റെ ഉടമസ്ഥ പങ്കാളി റഷീദ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഹാജരാകാൻ 10 ദിവസത്തെ സമയം വേണമെന്ന് അരുൺ ഇ ഡി യോട് ആവശ്യപ്പെട്ടു. ലഹരി കടത്ത് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 20 തവണ അരുൺ പണം അയച്ചിട്ടുണ്ട്. ഈ പണത്തിൻറെ ഉറവിടവും എന്തിനുവേണ്ടിയാണ് അനൂപിന് പണം നൽകിയത് എന്നതുമാണ് പ്രധാനമായും ഇ ഡി ആരായുന്നത്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ ഏഴ് ലക്ഷം രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്.
advertisement
അബ്ദുൽ ലത്തീഫിനും റഷീദ്ദിനും ഇത് രണ്ടാം തവണയാണ് ഇ ഡി നോട്ടീസ് അയയ്ക്കുന്നത്. ലത്തീഫിനെ കാണാനില്ലെന്ന് വീട്ടുകാർ അറിയിച്ചതിനാൽ നോട്ടീസ് വീട്ടുകാർക്ക് കൈമാറുകയായിരുന്നു. ബിനീഷ് ഗൾഫിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ബിനീഷിന്റെ ബിനാമിയാണ് അബ്ദുൾ ലത്തീഫ് എന്നാണ് ഇ ഡി നിഗമനം. ഗൾഫിൽ ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അടക്കം ലത്തീഫിന്റെ പങ്ക് സംശയിക്കുന്നുണ്ട്.
അബ്ദുൾ ലത്തീഫിന്റെ തിരുവന്തപുരത്തെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയ ഇ ഡി പല സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തിരുന്നു. നേരത്തെ അബ്ദുൾ ലത്തീഫിന് നോട്ടീസ് നൽകിയപ്പോൾ അമ്മ കോവിഡ് പോസിറ്റീവ് ആണെന്നും നവംബർ 4 വരെ ക്വാറന്റീൻ ആണന്നുമുള്ള മറുപടിയാണ് നൽകിയത്. എന്നാൽ അതിനുശേഷവും ഇ ഡി ക്ക് മുന്നിൽ ഹാജരാവാൻ ലത്തീഫ് തയ്യാറായില്ല. ഇതേത്തുടർന്നാണ് ലത്തീഫിന് രണ്ടാംതവണയും നോട്ടീസ് നൽകിയത്.
You may also like:കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ്
ഈ നാല് പേരോടും ഹാജരാകാൻ നിർദ്ദേശിച്ച നവംബർ 18ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് ബിനീഷ് കോടിയേരിയുടെ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. അന്നാണ് ബിനീഷിന്റെ ജാമ്യാപേക്ഷയ്ക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മറുപടി നൽകേണ്ട ദിവസം.ഇ ഡിയുടെ 13 ദിവസത്തെ കസ്റ്റഡിക്ക് ശേഷം നവംബർ 11ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യാപേക്ഷ നൽകിയിരുന്നു.
ഇ ഡി ശക്തമായി എതിർത്തതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കാൻ ബംഗളൂരു സിറ്റി സെഷൻസ് കോടതി 34 തയ്യാറായില്ല. ജാമ്യം നൽകിയാൽ ബിനീഷ് രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ബിനീഷിന് കേരളത്തിൽ വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ഇ ഡി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യാപേക്ഷ എങ്കിലും പരിഗണിക്കണമെന്ന് ബിനീഷിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അന്നതിന് തയ്യാറായില്ല.
You may also like:'നാട്ടിലൊക്കെ തന്നെയുണ്ട്; ഇഞ്ചിക്കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടോ?: ട്രോളുമായി മന്ത്രി കെ ടി ജലീൽ
ബിനീഷിനെയും ബിനാമികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്ന് ഇ ഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. മലയാളികളായ അനൂപ് മുഹമ്മദ്, റജീഷ് രവീന്ദ്രൻ , കന്നട നടി അനിഘ എന്നിവർ ലഹരി കടത്തു കേസിൽ ബംഗളൂരുവിൽ പിടിയിലായതാണ് ഇപ്പോഴത്തെ കേസിലെ തുടക്കം. അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി പണം നൽകിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള കേസിലാണ് ഒക്ടോബർ 29ന് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിപ്പിച്ചത്.
നേരത്തെയും രണ്ട് തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് രണ്ടരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം നാല് ദിവസം, പിന്നീട് അഞ്ചുദിവസം, വീണ്ടും 4 ദിവസം അങ്ങനെ 13 ദിവസം ഇഡി കസ്റ്റഡിയിലായിരുന്നു ബിനീഷ് കോടിയേരി. നവംബർ 11ന് ബിനീഷിനെ14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ബിനീഷ് കോടിയേരി ഇപ്പോൾ ബംഗളൂരുവിലെ സെൻട്രൽ ജയിലായ പരപ്പന അഗ്രഹാരയിലാണ്. ലഹരി കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട അനൂപ് മുഹമ്മദും റജീഷ് രവീന്ദ്രനും ഇതേ ജയിലിൽ തന്നെയാണ് ഇപ്പോഴുള്ളത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിത അടക്കം നിരവധി പ്രമുഖർ തടവിൽ കിടന്നതിന്റെ പേരിൽ വാർത്താ പ്രാധാന്യം നേടിയ ജയിലാണ് പരപ്പന അഗ്രഹാര.
അവിടെ 8498 ാം നമ്പർ തടവുകാരനായി ബിനീഷ് കോടിയേരി എത്തി 48 മണിക്കൂറിനുള്ളിൽ ആണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണൻ തൽക്കാലത്തേക്ക് ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളാലാണ് തീരുമാനം എന്നാണ് പാർട്ടി വിശദീകരണം. പരപ്പന അഗ്രഹാരയിലേക്ക് നവംബർ 11ന് ബിനീഷ് കോടിയേരി പോകുമ്പോൾ
അച്ഛൻ സിപിഎം കേരള സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറി ആയിരുന്നു. എന്തായാലും ഇപ്പോൾ ആ സ്ഥാനത്ത് ആ അച്ഛൻ ഇല്ല.