ബെംഗലൂരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ
ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച രണ്ടു പേരുടെ പേരുകൾ കോടതിയിൽ വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ്. അനിക്കുട്ടൻ, അരുൺ എസ് എന്നീ പേരുകളാണ് ഇ.ഡി കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി അറിയിച്ചു.
ബിനീഷിന്‍റെ ഡ്രൈവറാണ് അനി കുട്ടൻ. ഇയാൾ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത അനൂപിന്‍റെ ഡെബിറ്റ് കാർഡ് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. എന്നാൽ ഈ പണത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദീകരിക്കാൻ ബിനീഷിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അനി കുട്ടനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read
ബിനീഷ് കോടിയേരി റിമാൻഡിൽ; മാധ്യമങ്ങളിൽ വാർത്ത വരുന്നത് ഒഴിവാക്കാനാകില്ലെന്ന് കോടതി
അരുൺ എസ് എന്നയാൽ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻതുകകളാണ് കൈമാറിയിരിക്കുന്നതെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഈ പണം പിന്നീട് പിൻവലിക്കപ്പെട്ടിട്ടുണ്ട്.
ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു , ബിനീഷിനെ പുറത്തു വിട്ടാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ സ്വാധീനിക്കാനും , രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരുന്ന
ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ ബിനീഷിനെ, കേസിലെ മറ്റു പ്രതികളെ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷ് നൽകിയ ജാമ്യാപേക്ഷ ഈ മാസം 18-ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ ഡി ഒരാഴ്ച സമയം ചോദിച്ചതിനെ തുടർന്നാണ് കോടതി നടപടി.
കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളി. മാധ്യമ റിപ്പോർട്ടുകളെ കുറിച്ചും അഭിഭാഷകൻ പരാതി ഉന്നയിച്ചു. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സാധാരണമാണെന്നും അത് ഒഴിവാക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.