കണ്ണൂരിൽ തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി. രാജീവ്ജി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തിട്ടുണ്ട്. ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. വിലാപയാത്ര കടന്നു വന്ന തലശ്ശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും തകർന്ന നിലയിലാണ്. തോട്ടട എസ് എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്. അക്രമത്തിന്റെ രംഗം ചിത്രികരിച്ച ഓൺലൈൻ ചാനലിന്റെ മൊബൈൽ ഫോണും മൈക്കും ചിലർ തട്ടിയെടുത്തതായും പരാതിയുണ്ട്.
advertisement
കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ സികെജി സെന്ററിനു നേരെ ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെ ആക്രമണമുണ്ടായി.ഓഫീസിന് മുന്നിലെ കൊടിമരം പിഴുതെടുത്തു കൊണ്ടുപോയി. ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. വിവരം ലഭിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് നേതാക്കളും പൊലീസും സ്ഥലത്തെത്തി.
ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള മഠത്തിൽ മുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണം നടന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് മഠത്തിൽ മുക്കിൽ നടത്തിയ ഡി വൈ എഫ് ഐ- എസ് എഫ് ഐ പ്രതിഷേധ പ്രകടനത്തിനിടയിൽ ഒരു കൂട്ടം പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസിന്റെ ബോർഡും കസേരയും മേശയുമടക്കമുള്ള ഉപകരണങ്ങൾ അടിച്ച് തകർക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് രണ്ടാമത്തെ തവണയാണ് ഈ ഓഫീസ് ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഠത്തിൽ മുക്കിലെ ഓഫീസ് ആക്രമിച്ചിരുന്നു.