Campus Murder| ധീരജിന്റെ കൊലപാതകം: കലാലയങ്ങളിൽ സംഘർഷം തുടരുന്നു; മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവല്ലയിലും മലപ്പുറത്തും വടകരയിലും സംഘർഷം
തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയും (Engineering Student) എസ്എഫ്ഐ (SFI) പ്രവർത്തകനുമായ ധീരജ് (Dheeraj) കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് കലാലയങ്ങളില്‍ സംഘർഷം തുടരുന്നു.
മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചു
തിങ്കളാഴ്ച സംഘർഷമുണ്ടായ എറണാംകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. ധീരജ് കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് എസ് എഫ് ഐ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
എറണാകുളം മഹാരാജാസ് കോളജിൽ ഇന്നെലെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയുൾപ്പെടെ 10 കെ.എസ്.യു പ്രവർത്തകർക്കാണ് പരിക്കേറ്റത്. എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായെത്തി നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നെന്നാണ് കെ.എസ്.യുവിന്റെ പരാതി. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിലും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച എറണാംകുളം മഹാരാജാസ് കോളജിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി.
advertisement
തിരുവല്ലയിൽ കോൺഗ്രസ് ഓഫീസ് തകർത്തു
എസ് എഫ് ഐ തിരുവല്ലയിൽ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രകടനമായി എത്തിയ പ്രവർത്തകർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുറ്റപ്പുഴ മാർത്തോമ്മ കോളജിൽനിന്നും ആരംഭിച്ച പ്രകടനമാണ് അക്രമാസക്തമായത്. പ്രകടനത്തിന്റെ പിൻനിരയിലുണ്ടായിരുന്ന 50ഓളം പ്രവർത്തകർ ബ്ലോക്ക് കമ്മിറ്റി ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു.
ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രവർത്തകർ ഓഫീസിനുള്ളിലെ മേശയും കസേരകളും കൊടി തോരണങ്ങളും നശിപ്പിച്ചു. പൊലീസെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിരവധി കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു.
advertisement
വടകരയിൽ സംഘർഷം
വടകരയിൽ പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും നാട്ടുകാരിൽ ചിലരുമായി തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് വിടാൻ പറ്റില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും ക്ലാസ് വിടണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇതിനെത്തുടർന്നു രക്ഷിതാക്കളും പരിസരവാസികളും സമരക്കാരുമായി തർക്കമായി.
തുടർന്നാണ് സംഘർഷമുണ്ടായത്. ചിലർക്ക് നിസാര പരിക്കേറ്റു. ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ സമ്മതിച്ചില്ലെന്ന് അധ്യാപകർ പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
advertisement
മലപ്പുറത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം
മലപ്പുറത്ത് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്ക് സമീപം കോൺഗ്രസ്- ഡി വൈ എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറം ടൗൺ ഹാളിൽ കെപിസിസി സംഘടിപ്പിച്ച മേഖല കൺവെൻഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനവുമായെത്തിയതോടെയാണ് സംഭവവികാസങ്ങൾക്ക് തുടക്കം. നഗരത്തിൽ ഒരു മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. പൊലീസിന്റെയും മുതിർന്ന നേതാക്കളുടെയും ഇടപെടലിനെ തുടർന്നാണ് സംഘർഷം അവസാനിച്ചത്.
കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും നൊച്ചാടും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായി. പേരാമ്പ്ര പ്രസിഡൻസി കോളജ് റോഡിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ജനൽ ചില്ലുകളും ഡോറിന്റെ ചില്ലും തകർന്നു. പേരാമ്പ്ര പൊലീസ് സബ്ബ് ഇൻസ്പക്ടർ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
advertisement
ജനുവരി 22ന് ഉദ്ഘാടനം ചെയ്യാനുള്ള നൊച്ചാട് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫിസിനു നേരേയും കല്ലേറുണ്ടായി. ഇവിടെ വ്യാപകമായി കോൺഗ്രസ് പ്രചരണ ബോർഡുകൾ നശിപ്പിച്ചു. പേരാമ്പ്രയിലും നൊച്ചാടും ശക്തമായ പൊലീസ് കാവലുണ്ട്.
പാലക്കാട് ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2022 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Campus Murder| ധീരജിന്റെ കൊലപാതകം: കലാലയങ്ങളിൽ സംഘർഷം തുടരുന്നു; മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചു