വാസ്തുവിദ്യ
ലാറ്ററൈറ്റ് കല്ല്, ടെറാക്കോട്ട ടൈലുകൾ, തേക്ക് മരം എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ചതുരാകൃതിയിൽ ഉള്ള ഒരു പൂമുഖത്തിന്റെ പ്രവേശന കവാടവും, കേരളത്തിലെ പരമ്പരാഗത ഭവനം പോലെയാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പ്രധാന പ്രതിഷ്ഠയായ സുബ്രഹ്മണ്യ സ്വാമി വേലേന്തി ശ്രീകോവിലിൽ നിൽക്കുന്നു, വിഗ്രഹത്തിന്റെ പശ്ചാത്തലം സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് മുമ്പിലായി ഏകശിലയിൽ കൊത്തിയെടുത്ത ദീപസ്തംഭം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഘടനയിൽ ഉടനീളം ഇത്തരം കൊത്തുപണികൾ കാണാൻ സാധിക്കും.
പ്രേത്യേകതകൾ
കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലും കാണാൻ സാധിക്കാത്ത പല പ്രേത്യേകതകളും ഈ ക്ഷേത്രത്തി ലുണ്ട് .കിഴക്കോട്ടുനോക്കി നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റു പ്രതിഷ്ഠകളിൽ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹ ഭാവത്തിൽ പടച്ചട്ട അണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്ര ഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതും ആയിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലുള്ള വിഗ്രഹവും പ്രതിഷ്ഠയും കാണുവാൻ സാധിക്കില്ല.
advertisement
ഉപദേവതകൾ
സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ചു ധാരാളം ഉപദേവതകളെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി, ദുർഗ്ഗ, തൂണിന്മേൽ ഭഗവതി, അയ്യപ്പൻ, നാഗ ദൈവങ്ങൾ, ഗണപതി, ബ്രഹ്മരക്ഷസ്സ്, എന്നിവരാണ് ഇവിടുത്തെ പ്രധാന ഉപദേവതകൾ.നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേ തൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതും വളരെ അപൂര്‍വ്വമായ ഒന്നായി കാര്യമായാണ് കരുതിപ്പോരുന്നത്.
ഇടിച്ചു പിഴിഞ്ഞു പായസം, ഉരിയരി പായസം, പഞ്ചാമൃതം, കാർത്തിക ഊട്ട്, പാൽ പായസം തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ഏറ്റുമാനൂർ-നീണ്ടൂർ റോഡ് വഴി ആറു കിലോ മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കോട്ടയത്തു നിന്നും പതിനേഴു കിലോ മീറ്ററും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.5 കിലോ മീറ്ററുമാണ് ക്ഷേത്രത്തിലേക്ക് ഉള്ള ദൂരം