സിനിമാക്കാരുടെ മാത്രമല്ല, വിനോദ സഞ്ചാരികളുടെയും ശ്രദ്ധാ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇലവീഴാപ്പൂഞ്ചിറ. മാങ്കുന്ന്, കൊടയത്തൂർ മല, തോണിപ്പാറ എന്നിങ്ങനെ മൂന്നു കുന്നുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഇടമാണ് ഇലവീഴാപ്പൂഞ്ചിറ. കോട്ടയം ജില്ലയിലെ കാഞ്ഞാറിനടുത്തു മേലുകാവ് എന്ന ഗ്രാമത്തിലാണ് ഈ വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ് ഇഷ്ടപ്പെടുന്ന സാഹസിക യാത്രികർക്ക് അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപ്പൂഞ്ചിറ.
സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം,തേയിലതോട്ടങ്ങൾ നിറഞ്ഞ താഴ്വരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു . ഇലവീഴാപ്പൂഞ്ചിറയിൽ നിന്നും താഴേക്ക് നോക്കിയാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ എന്നീ ആറ് ജില്ലകളുടെ ഭാഗങ്ങൾ കാണാൻ സാധിക്കും. മഴയും, കോടയും ഇല്ലാത്ത സമയത്ത് മാത്രമാണ് ഈ കാഴ്ച കാണാൻ സാധിക്കുക. അതിരാവിലെ സൂര്യോദയവും,സന്ധ്യാ സമയത്ത് സൂര്യസ്തമയവും കാണാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു അതിമനോഹരമാണ് ഇലവീഴാപ്പൂഞ്ചിറയിലെ പകലും സന്ധ്യയും.
advertisement
ഇലവീഴാപ്പൂഞ്ചിറയിലെ കാലാവസ്ഥയിൽ മാറ്റം സംഭവിക്കുന്നത് വളരെപ്പെട്ടെന്നാണ്. വെയിൽ തെളിഞ്ഞു കുന്നിൻ മുകളിൽ എത്തുമ്പോഴേക്കും കോടമഞ്ഞ് വെയിലിനെ മൂടും. ഇത് കാണേണ്ട കാഴ്ച തന്നെയാണ്. കുറച്ചു സമയത്തിന് ശേഷം കാറ്റിന്റെ അകമ്പടിയോടെ മഴ തകർത്തു പെയ്യാൻ തുടങ്ങുന്നതും ഇലവീഴാപ്പൂഞ്ചിറയിലെ നിത്യ കാഴ്ചയാണ് . ഇലവീഴാപ്പൂഞ്ചിറ എന്ന സ്ഥലം എല്ലാവർക്കും പരിചിതമാണെങ്കിലും ഇവിടെ ഒരു വയർലെസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് പുറം ലോകം അറിയുന്നത് “ഇലവീഴാപ്പൂഞ്ചിറ” എന്ന മലയാള സിനിമക്ക് ശേഷമാണ്. ഇലവീഴാപ്പൂഞ്ചിറയുടെ വ്യൂ പോയിന്റിലാണ് കേരള പോലീസിന്റെ വയർലെസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഉയരം കൂടിയ പ്രദേശമായതിനാൽ വഴിയുടെ ഇരുവശങ്ങളിലും അധികൃതർ മിന്നൽ രക്ഷാചാലകവും സ്ഥാപിച്ചിട്ടുണ്ട്.
ഇടുക്കിയിൽ നിന്നും വരുന്നവർക്ക് തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച് കാഞ്ഞാറിലെത്തി അവിടെനിന്നും 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം.
പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ്. കോട്ടയത്തു നിന്നും 60 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.