മഞ്ഞിൽ പൊതിഞ്ഞ മലനിരകളും, തുടർച്ചയായി വീശുന്ന കാറ്റും, നൂൽമഴയുമെല്ലാം ഇല്ലിക്കൽ കല്ലിന്റെ പ്രത്യേകതകളാണ്.നിരവധി ഔഷധസസ്യങ്ങൾ ഇല്ലിക്കൽ മലയുടെ മുകളിൽ വളരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.മനോഹരവും സാഹസികത നിറഞ്ഞതുമാണ് ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര. ഇല്ലിക്കൽ കല്ല് ഇത്രയധികം ജനശ്രദ്ധ ആകർഷിക്കാനുള്ള പ്രധാന കാരണം സോഷ്യൽ മീഡിയ ഗ്രൂപ്പുകളാണ്. ഇല്ലിക്കൽ കല്ലിന്റെ നിരവധി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഈരാറ്റുപേട്ടയ്ക്കടുത്തു സ്ഥിതി ചെയ്യുന്ന മൂന്നിലവ്, തലനാട് പഞ്ചായത്തുകൾക്ക് അതിർ വരമ്പ് നിശ്ചയിക്കുന്നത് ഇവിടുത്തെ മലനിരകളാണ്.
advertisement
വിവാഹ വീഡിയോഗ്രാഫർമാരുടെയും, ഫോട്ടോഷൂട്ടുകാരുടെയും പ്രിയപ്പെട്ട ലൊക്കേഷനായി ഇല്ലിക്കൽ കല്ല് മാറിക്കഴിഞ്ഞു. വാഗമണ്ണിൽ നിന്ന് മുപ്പത് കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്ന് ഇരുപത് കിലോ മീറ്ററും അകലെയാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള ഹെയർപിൻ വളവുകളിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് സഞ്ചാരികൾക്ക് ഇല്ലിക്കൽ കല്ല് അടുത്ത് കാണാൻ സാധിക്കുക. മലമുകളിൽ നിന്ന് നോക്കുമ്പോൾ വിദൂരതയിൽ നീല രേഖപോലെ അറബിക്കടൽ കാണാൻ സാധിക്കും എന്നത് ഇല്ലിക്കൽ കല്ലിന്റെ വലിയൊരു പ്രേത്യേകതയാണ്. പൂർണ്ണ ചന്ദ്ര ദിനത്തിൽ ചന്ദ്രൻ ഉദിച്ചുയരുന്നത് മലമുകളിൽ നിന്നും കാണാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
ഇല്ലിക്കൽ കല്ലും ഐതീഹ്യവും
വനവാസ കാലത്ത് പഞ്ചപാണ്ഡവരും പാഞ്ചാലിയും ഇവിടെ താമസിച്ചു പോന്നു, ഒരു ദിവസം പാഞ്ചാലി ഭക്ഷണം നൽകാൻ വൈകിയപ്പോൾ ക്ഷുഭിതനായ ഭീമൻ ഒരു ഉലക്ക എടുത്ത് ദൂരേക്ക് എറിയുകയും ഇത് കുടക്കല്ലിന്റെയും കൂനൻ കല്ലിന്റെയും ഇടയിൽ പതിക്കുകയും ചെയ്തു. അങ്ങനെ അവിടെ ഒരു തോട് ഉണ്ടായി പിന്നീട് ഈ സ്ഥലം “ഒലക്കപ്പാറ” എന്ന് അറിയപെടുകയും ചെയ്തു.