മുതുകോര മലയുടെ താഴ്‌വാരം വളരെ അപകടം നിറഞ്ഞതാണ് . ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്ക, അതുകൊണ്ട് തന്നെ പാറയുടെ മുകളിലെ നിൽപ്പ് എപ്പോഴും സാഹസികത നിറഞ്ഞതാണ്. തുടർച്ചയായി വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ സങ്കിർണ്ണമാക്കും. ഇത്തരത്തിലുള്ള അപകട ഘട്ടങ്ങളെ മറികടക്കാൻ സഹായിക്കുന്നതാണ് ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന മേഘങ്ങളും വിദൂര ദൃശ്യങ്ങളും . ഈ മനോഹര കാഴ്ചകൾ തന്നെയാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് മുതുകോരമലയെ വ്യത്യസ്തമാക്കുന്നത്.
advertisement
കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് വിളിപ്പേരുള്ള മുതുകോരമലയുടെ മുകൾ തട്ടിലെ കാഴ്ചയാണ് മറ്റു മലനിരകളിൽ നിന്നും ഇവിടം വ്യത്യസ്തമാക്കുന്നത്. മൂന്നു കിലോമീറ്ററോളം നീളത്തിൽ കോതപ്പുല്ലും പാറക്കൂട്ടങ്ങളും ചെറിയ കുറ്റി ചെടികളും കുന്നിൻ ചെരുവിൽ വളരുന്ന മരങ്ങളും നിറഞ്ഞ ഇവിടുത്തെ വനമേഖല വിസ്തരിച്ചു കിടക്കുകയാണ്. ഒരാൾ പൊക്കത്തിലാണ് മുതുകോരമലയിൽ കോതപ്പുല്ലുകൾ വളർന്നുനിൽക്കുന്നത്. ഈ പുല്ലുകൾക്ക് ഇടയിലൂടെ നടന്നു മുകളിൽ എത്തിയാൽ മനോഹര കാഴ്ച ആസ്വദിക്കാനാകും. മഴക്കാലത്തു ഇവിടെ എത്തിയാൽ കോടമഞ്ഞു പുതച്ച് നിൽക്കുന്ന മലനിരകൾ കാണാം.
കേരളത്തിലേക്ക് റബ്ബർ എത്തിച്ച മർഫി സായിപ്പ് പണി കഴിപ്പിച്ച ബംഗ്ലാവും മുതുകോര മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. പൂഞ്ഞാർ, തെക്കേക്കര, കൂട്ടിക്കൽ എന്നിങ്ങനെ മൂന്ന് പഞ്ചായത്തുകളിലായി മുതുകോരമല വ്യാപിച്ചുകിടക്കുന്നു .
കൈപ്പള്ളി, കുന്നോന്നി, ഏന്തയാർ തുടങ്ങിയ ഇടങ്ങളിലൂടെ മുതുകോര മലയിലേക്ക് എത്തിച്ചേരാൻ സാധിക്കും. തേയില തോട്ടങ്ങളും, ഓറഞ്ചു തോട്ടങ്ങളും നിറഞ്ഞ മലയോര കാർഷിക ഗ്രാമമായ കൈപ്പള്ളിയുടെ നെറുകൈയിലാണ് മുതുകോര മലയുടെ സ്ഥാനം.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ചില പ്രദേശങ്ങൾ മുതുകോരമലയുടെ മുകളിൽ നിന്നും നോക്കിയാൽ കാണാം. ചെറിയ ഇടവേളകൾക്കുള്ളിൽ കാലാവസ്ഥകൾ മാറി മറിഞ്ഞേക്കാവുന്ന പ്രകൃതി വിസ്മയം കൂടിയാണ് മുതുകോരമല. ഇല്ലിക്കൽ കല്ലും, ഇലവീഴാപൂഞ്ചിറയും, വാഗമണ്ണും, ഉറുമ്പി ഹിൽസും മുതുകോര മലയുടെ സമീപത്തുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.