കൊട്ടാരത്തിന്റെ പരിസരത്തായി ഒരു ശാസ്താ ക്ഷേത്രവും മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഒരു പകർപ്പും പുരാണങ്ങളിലെ കഥകൾ വിശദീകരിക്കുന്ന ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു . ശാസ്താ ക്ഷേത്രത്തിലെ കൽഭിത്തികളിൽ ആകർഷകമായ രീതിയിൽ ചുറ്റുവിളക്ക്(വിളക്കുകളുടെ നിര) കൊത്തിയിട്ടുണ്ട് . ഇത്തരത്തിൽ പാറകളിൽ വെട്ടിയ വിളക്കുകൾ ഇന്ത്യയിൽ തന്നെ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുകയുള്ളു.
ദ്രോണി(ആയുർവേദ മസ്സാജുകൾക്കുള്ള ട്രീറ്റ്മെന്റ് ബെഡ്), പനയോല, വിളക്കുകൾ, ജ്വല്ലറി ബോക്സുകൾ, പ്രതിമകൾ, ആയുധങ്ങൾ തുടങ്ങിയ പുരാതന വസ്തുക്കളും കൊട്ടാരത്തിലുണ്ട്. കൂടാതെ അനുഷ്ഠാനങ്ങൾക്കായി വർഷത്തിലൊരിക്കൽ മാത്രം ഉപയോഗിക്കുന്ന അതുല്യമായ ഒരു ശംഖും കൊട്ടാരത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. നിരവധി വിനോദസഞ്ചാരികളാണ് വർഷം തോറും പൂഞ്ഞാർ കൊട്ടാരം സന്ദർശിക്കാൻ എത്തുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന ഒരു ചരിത്ര സ്മാരകമാണ് ഇപ്പോൾ കൊട്ടാരം.
advertisement
പൂഞ്ഞാർ കൊട്ടാരത്തിന്റെ ചരിത്രം
ദ്രാവിഡ ചരിത്രത്തിൽ പൂഞ്ഞാർ കൊട്ടാരത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. തിരുവിതാംകൂറിലെ രാജകുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൂഞ്ഞാർ രാജാക്കന്മാരാണ് പൂഞ്ഞാർ കൊട്ടാരം നിർമ്മിച്ചത്. മാനവിക്രമ കുലശേഖര പെരുമാളാണ് പൂഞ്ഞാർ രാജാവംശത്തിന്റെ സ്ഥാപകൻ. സംഘകാലത്ത് ജീവിച്ചിരുന്ന പാണ്ഡ്യ രാജാക്കന്മാരിൽ നിന്നാണ് പൂഞ്ഞാർ രാജാവംശത്തിന്റെ ഉത്ഭവം.
എ ഡി 1152-ൽ തുടരെ തുടരെയുണ്ടായ ആഭ്യന്തര യുദ്ധങ്ങളെത്തുടർന്ന് മാനവിക്രമ കുലശേഖര പെരുമാളും കൂട്ടരും മധുരയിൽ നിന്ന് താമസം മാറുകയും അവരുടെ കുലദേവതയായ മീനാക്ഷിയുടെ മൂന്നു വിഗ്രഹങ്ങളിലൊന്ന് വഹിച്ചുകൊണ്ട് മീനച്ചിലാറിന്റെ തീരത്തുള്ള മീനാക്ഷി ക്ഷേത്രത്തിൽ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒരു കുടുംബ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. അങ്ങനെയാണ് പൂഞ്ഞാർ കൊട്ടാരം സ്ഥാപ്പിക്കാൻ മാനവിക്രമ തീരുമാനിക്കുന്നത്. പിന്നീട് പ്രകൃതി സമ്പന്നമായിരുന്ന ഇന്നത്തെ കോട്ടയം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങൾ അടങ്ങുന്ന സ്ഥലങ്ങൾ മാനവിക്രമ കൈയ്യടിക്കി. മധ്യ കേരളം ഭരിച്ചിരുന്ന തെക്കുംകൂർ രാജാക്കന്മാർക്ക് വേണ്ടി അദ്ദേഹം പൂഞ്ഞാർ ഭൂപ്രദേശം വിട്ട്കൊടുക്കാതെ സംരക്ഷിച്ചതായി ചരിത്രകാരന്മാർ പരാമർശിക്കുന്നുണ്ട്.പൂഞ്ഞാറിലെ ധര്‍മശാസ്താ ക്ഷേത്രം, നായാട്ടുപാറ ഗണപതി ക്ഷേത്രം, നടക്കല്‍ ഭഗവതി ക്ഷേത്രം, സരസ്വതി ദേവി ക്ഷേത്രം, മങ്കൊമ്പ് ധര്‍മശാസ്താ ക്ഷേത്രം മുതലായവയും സ്ഥാപിച്ചത് പൂഞ്ഞാര്‍ രാജവംശമാണ്.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള വാസ്തുകലയുടെ സൗന്ദര്യവും തനിമയും ഒത്തുചേരുന്ന അപൂര്‍വ നിര്‍മിതികളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ കൊട്ടാരം.