2018 മെയ് 10 നാണ് അട്ടപ്പാടിയിൽ നിന്നും ഡാനിഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2 വർഷവും നാലു മാസവുമായി തൃശൂർ അതിസുരക്ഷാ ജയിലിലും മറ്റുമായി തടവിലാണ്. കോഴിക്കോട് രണ്ടും, പാലക്കാട് എട്ടും, മഞ്ചേരി രണ്ടും, ഊട്ടിയിൽ ഒന്നും യുഎപിഎ കേസുകളാണ് ഡാനിഷിനു മേൽ ഉള്ളത്. നിലവിൽ എല്ലാ കേസിലും കോടതികൾ ജാമ്യം അനുവദിച്ചു.
എല്ലാ കേസുകളിലും ജാമ്യക്കാരെ നിറുത്തി ജാമ്യ ബോണ്ട് ഒപ്പിട്ടു കോടതികൾ ഒന്നൊന്നായി ഡാനിഷിനെ അതതു കേസുകളിൽ റിലീസ് ചെയ്തു വരികയായിരുന്നു. ഒടുവിൽ പാലക്കാട് കോടതിയിൽ കൂടി ജാമ്യബോണ്ട് ഒപ്പിട്ടതോടെ തിങ്കളാഴ്ച പാലക്കാട് കോടതിയും ഇയാളെ റിലീസ് ചെയ്യാൻ ഉത്തരവിട്ടു. കോടതിയുടെ റിലീസ് ഓർഡർ തൃശൂർ അതീവ സുരക്ഷാ ജയിലിൽ എത്തിച്ച് ഡാനിഷ് ജയിലിൽ നിന്നും മോചിതനായി പുറത്തിറങ്ങുന്നതിനിടക്കാണ് ആൻറി ടെററിസ്റ്റ് സ്ക്വാഡ് സംഘം ജയിലിലെത്തി മറ്റൊരു കേസിൽ പ്രതി ചേർത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് കോടതിയിൽ ഹാജരാക്കി.
advertisement
എന്നാൽ കേസിൽ പ്രതിയായിരുന്നെങ്കിൽ ഡാനിഷിനെ നേരത്തെ അറസ്റ്റ് ചെയ്യാമെന്നിരിക്കെ ജാമ്യം ലഭിച്ചു പുറത്തു വരുന്ന സമയം വരെ കാത്തിരുന്നു അറസ്റ്റ് ചെയ്തത് , ജനാധിപത്യ വിരുദ്ധവും അധാർമ്മികവുമാണെന്ന് ജനകീയ മനുഷ്യാവാകാശ പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ഇത് വൈര്യ നിര്യാതന ബുദ്ധിയോടു കൂടിയുള്ള കേരള പൊലീസിന്റെ നടപടിയാണ്. രാഷ്ട്രീയ പ്രതിയോഗികളെ ഇത്തരം നിയമ നടപടികളിൽ കുരുക്കി തടവിലാക്കി നിയമ വ്യവസ്ഥയെയും അതിന്റെ അടിത്തറയായ ഭരണഘടനാ ധാർമ്മികതയെയും മൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ .
ഉത്തർ പ്രദേശിൽ യോഗി സർക്കാർ വേട്ടയാടിയ ഡോക്ടർ കഫീൽഖാനെ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് തടവിലടച്ച നടപടി അലഹബാദ് ഹൈക്കോടതി അടുത്തിടെയാണ് റദ്ദാക്കിയത്. ജനാധിപത്യ- മനുഷ്യാവകാശ സംരക്ഷണത്തിന് സഹായകമായ ആ വിധി ആഘോഷിക്കപ്പെടുമ്പോൾ പിണറായി സർക്കാരിന്റെ ന പൊലീസ് യോഗി സർക്കാരിന്റെ പാത പിന്തുടരുന്നത് അംഗീകരിക്കാനാവിലെന്ന് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡൻറ് അഡ്വ. തുഷാർ നിർമ്മൽ സാരഥി,സെക്രട്ടറി സി പി റഷീദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.