വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് എംവി ഗോവിന്ദൻ നടത്തിയത്. പാർട്ടി മുൻകൈയ്യിലാണ് കോഴിക്കോട് പരിപാടി നടക്കുക. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അണി ചേർക്കും. മുസ്ലീംലീഗിനെ ഉൾപ്പെടെ പങ്കെടുപ്പിക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. ഇത് ഒറ്റപ്പെട്ട നിലപാടല്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനം
വർഗീയ ശക്തികൾ ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങളേയും അണിനിരത്തി മുന്നോട്ടു പോകാൻ ശ്രമിച്ചു. അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച കോൺഗ്രസിനെ മാത്രം മാറ്റി നിർത്തി. അവസരാവദ നിലപാട് സിപിഎമ്മിനില്ല. അന്നും ഇന്നും നാളേയും ഒരേ നിലപാടാണ്. ഏക സിവിൽ കോഡ് ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള നീക്കമായിരുന്നു. ഏക സിവിൽ കോഡിൽ കോൺഗ്രസിനെ മാറ്റി നിർത്തിയത് അഴകൊഴമ്പൻ നിലപാട് ആയതിനാലാണ്.
advertisement
സിപിഎമ്മിന്റെ അന്നത്തേയും ഇന്നത്തേയും നിലപാട് ശരിയാണ്. ഇടി മുഹമ്മദ് ബഷീർ എന്ന ലീഗ് നേതാവ് തന്നെ സിപിഎം പരിപാടിയിൽ സഹകരിക്കുമെന്ന് പറഞ്ഞു. സതീശനും സുധാകരനുമൊക്കെയാണ് ബേജാറായത്. സിപിഎമ്മിന്റെ മുദ്രാവാക്യത്തോട് താത്പര്യം ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ സാങ്കേതിക കാരണം മാത്രമാണ് ലീഗ് പറഞ്ഞത്. ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്.
പലസ്തീൻ ഐക്യദാർഢ്യവുമായി മുന്നോട്ടു പോകാൻ കോൺഗ്രസ് തയാറാല്ല. പലസ്തീൻ അനുകൂല ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് നോട്ടീസ് കൊടുത്തു. പലസ്തീനോട് കോൺഗ്രസ് സൗമീപനം എന്തെന്ന് ഇത് വ്യക്തമാക്കുന്നു. ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്. അത്തരത്തിൽ ചിന്തിക്കുന്ന കോൺഗ്രസുകാരേയും ക്ഷണിക്കും. ലീഗ് പ്രവർത്തകർക്കും കോൺഗ്രസ് പ്രവർത്തര‍്‍ക്കും വരാം. അവരെയെല്ലാം ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാല കാഴ്ചപ്പാടാണ് സിപിഎമ്മിന്.
യുഡിഎഫിൽ നിന്ന് ലീഗിനെ മാത്രം ക്ഷണിച്ചത് കോഴിക്കോട് നടക്കുന്ന പരിപാടി ആയതിനാലാണ്. ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗാണ്. പിന്നെന്തിന് ക്ഷണിക്കാതിരിക്കണം. മുസ്ലീം ലീഗിനെ മുന്നണിയുടെ ഭാഗമായി മാറ്റാൻ നോക്കുകയല്ല. പലസ്തീൻ ഐക്യദാർഢ്യമാണ് വിഷയമെന്നും ഗോവിന്ദൻ പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലം മുതലുള്ള പലസ്നതീന് നയം കോൺഗ്രസ് മാറ്റിയത് നരസിംഹറാവുവിന്റെ കാലത്താണ്. പലസ്തീൻ ഐക്യദാർഢ്യം കോൺഗ്രസ് അജൻഡ അല്ല. കോൺഗ്രസിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് പലസ്തീൻ വിരുദ്ധ നിലപാടാണുള്ളതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.