നട്ടാൽ കുരുക്കുന്ന നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ആരോപണത്തിന്റെ സൂത്രധാരന് ആരെന്നു വ്യക്തമായി. കോടിയേരിക്ക് മകൻ പ്രതിയാകുമെന്ന വേവലാതിയാണ്. കൂപ്പറിൽ കയറി പരിചയമുള്ളവർക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ എളുപ്പമെന്നും ചെന്നിത്തല പരിഹസിച്ചു.
സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുവാൻ പോകുന്നതിൻ്റെ അസ്വസ്ഥതയിലാണ് കോടിയേരി. കോൺസുലേറ്റിൻ്റെ ചടങ്ങിൽ താൻ പങ്കെടുത്താൽ അതെങ്ങനെയാണ് പ്രോട്ടോക്കോൾ ലംഘനമാകുന്നത്. അങ്ങനെയെങ്കിൽ തനിക്കൊപ്പം പങ്കെടുത്ത ബിജെപി നേതാവ് ഒ.രാജഗോപാലും സിപിഎം നേതാവ് എം.വിജയകുമാറും പ്രോട്ടോക്കോൾ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താൻ എന്തായാലും കാരാട്ട് റസാഖിൻ്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറിൽ കേറിയവരൊക്കെെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
ഐഎംഇഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
യുഎഇ ദേശീയദിനത്തിൻ്റെ ഭാഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. ഒരു ഉപഹാരവും ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോഗിച്ചിട്ടുമില്ല. നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങേണ്ട ഗതികേടൊന്നും തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
"കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പർ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെടുന്ന ഒരു പാർട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിൻ്റേയും കസേരയിൽ ഇരിക്കുന്നതിന് നല്ല നമസ്കാരം" - ചെന്നിത്തല പറഞ്ഞു.
