ഡോളർ വിദേശത്തേക്ക് കടത്തിയതിൽ സംസ്ഥാനത്തെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവിന് പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും കസ്റ്റംസസിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് സ്വപ്നയും സരിത്തും മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തിൽ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണം. നയതന്ത്ര ചാനൽ വഴി റിവേഴ്സ് ഹവാലയ്ക്ക് ഈ ഉന്നതൻ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ട് എന്ന വാർത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം.
advertisement
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിട്ടും ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറിനെ സർവീസിൽ നിന്നും പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. സ്വപ്‌നയും ശിവശങ്കറും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ തിരിച്ച് പ്രതികളെ സംരക്ഷിക്കാനും ശ്രമിക്കുന്നു. ആരോപണവിധേയനായ ഉന്നത രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇറങ്ങാത്തത് നാണക്കേടും പരാജയഭീതിയും കൊണ്ടാണ്. ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ടു ചെയ്യില്ല എന്ന തിരിച്ചറിവുമൂലമാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റു കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് 500 രൂപയുടെ കിറ്റു പോലുമില്ല. കിറ്റിനുള്ള സഞ്ചി വാങ്ങിയതിൽ തന്നെ കമ്മിഷൻ അടിച്ചിരിക്കുന്നു. അതിൽ പോലും കമ്മിഷനടിക്കുന്ന പ്രവർത്തനമാണ് സർക്കാരിന്റേത്. എല്ലാ സർക്കാരുകളും പെൻഷൻ കൊടുക്കാറുള്ളതാണ്. പെൻഷൻ പദ്ധതി കൊണ്ടു വന്നത് കോൺഗ്രസ് സർക്കാരാണ്. അതുകൊണ്ട് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോട് പറയാനില്ലാത്തതിനാലാണ് അദ്ദേഹം പ്രചാരണ രംഗത്തില്ലാതിരുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാഷ ആർഎസ്എസിന്റെ ഭാഷയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‍ലിം ലീഗിനായിരിക്കും ആധിപത്യം എന്നാണ് അദ്ദേഹം പറയുന്നത്. ആർഎസ്എസ് സംസാരിക്കുന്ന ഭാഷയിലാണ് വിജയരാഘവൻ സംസാരിക്കുന്നത്. വർഗീയത ഇളക്കിവിടാനാണ് ഈ സംസാരം എന്ന് ജനങ്ങൾ തിരിച്ചറിയും. കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി എവിടെ നിൽക്കുന്നു എന്നതിന്റെ പ്രതീകമാണെന്നും ചെന്നിത്തല പറഞ്ഞു.