തിരുവനന്തപുരം: സംസ്ഥാനത്തു ഉന്നത പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിന്
ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പി.എസ്. സരിത് കസ്റ്റംസിനോടാണ് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സരിത്തിന്റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് ആ നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഈ നേതാവിന് വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ആരോപണവിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേ,ണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇയാളുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യിലിനു വിളിപ്പിക്കേണ്ടി വരുമെന്നതിനാൽ ഇതിന്റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Also Read
ഡോളർ കടത്ത്; ഉന്നതരും വിദേശികളും ഉൾപ്പെട്ടു; നിർണായക വിവരങ്ങൾ കോടതിക്ക് കൈമാറി കസ്റ്റംസ്
നേതാവ് കൈമാറിയ പണം, അതിനു പകരമായി
ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ച് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിനൊപ്പം ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ഇതിൽ ആർക്കൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നുമാണ് അന്വേഷിക്കുന്നത്.
ഒരു വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി ഷാർജയിൽ തുടങ്ങാൻ ഈ നേതാവ് പദ്ധതിയിട്ടിരുന്നതായും സ്വപ്ന അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനു വേണ്ടിയാണ് ഇവിടെ നിന്നും പണം ഡോളറാക്കി കടത്തിയത്. സർവകലാശാലാ ഫ്രാഞ്ചൈസി തുടങ്ങാൻ ബെംഗളൂരുവിൽ കൺസൽറ്റൻസി നടത്തുന്ന മലയാളിയാണ് നേതാവിനെ സഹായിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
നേതാവുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങൽ നൽകുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.