സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.
advertisement
മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സിപിഎമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്മെന്റുമായിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍.
Also Read-പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന കണ്ണൂരിലെ കരുത്തൻ; ഇനി കെ സുധാകരൻ കെപിസിസിയെ നയിക്കും
കെ പി സി സിയുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായ കെ സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസിന്റെ യുവനേതാവും തൃത്താല മുന്‍ എം എല്‍ എയുമായ വി ടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് വി ടി ബല്‍റാം കെ പി സി സിയുടെ പുതിയ അധ്യക്ഷന് അഭിവാദ്യം അര്‍പ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രസിഡന്റിന് അഭിവാദനങ്ങളെന്ന് ബല്‍റാം കുറിച്ചു.
കേരളത്തില്‍ ഉടനീളമുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അവര്‍ക്ക് ലഭ്യമായ എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി ഉയര്‍ത്തിയ പ്രതീക്ഷയും ആവേശവും കൈമുതലാക്കി പാര്‍ട്ടിയെ സമൂലമായി പുനരുദ്ധരിക്കാന്‍ കെ സുധാകരന് കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നെന്നും ബല്‍റാം കുറിച്ചു.