• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന കണ്ണൂരിലെ കരുത്തൻ; ഇനി കെ സുധാകരൻ കെപിസിസിയെ നയിക്കും

പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന കണ്ണൂരിലെ കരുത്തൻ; ഇനി കെ സുധാകരൻ കെപിസിസിയെ നയിക്കും

സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സിപിഎമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍.

കെ. സുധാകരൻ

കെ. സുധാകരൻ

  • Share this:
    ന്യൂഡല്‍ഹി/ തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ കണ്ണൂരിൽ നിന്നുള്ള ജനകീയനായ നേതാവ് കെ സുധാകരന്‍ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.

    താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സിപിഎമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്‌മെന്റുമായിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍.

    കോൺഗ്രസിന്റെ കരുത്തുറ്റ മുഖം

    കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഏറ്റവും ജനപിന്തുണയുള്ള നേതാക്കളിൽ ഒരാൾ. പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ്. പ്രവർത്തകരാണ് എന്റെ ശക്തിയെന്ന് പ്രഖ്യാപിച്ച നേതാവ്. കണ്ണൂർ ജില്ലയിലെ എടക്കാട് വില്ലേജിലെ  കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബ കുടി  മാധവിയുടേയും മകനായി 1948 ജൂൺ 7ന് ജനിച്ചു. എംഎ എൽഎൽബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം, പിന്നീട് നിയമബിരുദവും നേടി.

    രാഷ്ട്രീയ ജീവിതം

    കെഎസ് യുവിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി.1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്.1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

    1969-ൽ  അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു. 1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്. 1981-1984 കാലഘട്ടത്തിൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി. കെ പി സി സി നിർവ്വാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്.

    1984 മുതൽ 1991 വരെ കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ൽ അവസാനമായി നടന്ന കോൺഗ്രസിന്റെ  സംഘടന തെരഞ്ഞെടുപ്പിൽ മൽസരിച്ച് കണ്ണൂർ ഡിസിസിയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.1991 മുതൽ 2001 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സിപിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കമിട്ടത് കെ സുധാകരൻ ഡിസിസി പ്രസിഡന്റായിരുന്ന വേളയിലാണ്.1991-2001 കാലഘട്ടത്തിൽ യു.ഡി.എഫിന്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു. 2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറായി പ്രവർത്തിച്ചു വരുന്നു.

    തെരഞ്ഞെടുപ്പ് രാഷ്ട്രീയം

    1980 ൽ എടക്കാട് അസംബ്ലിയിൽ എകെജിയുടെ നാട്ടിൽ കന്നിയങ്കം. എടക്കാട് മണ്ഡലത്തിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ  ജയിക്കുന്നതു വരെ മൽസരിക്കാൻ അനുവദിക്കണമെന്നാണ് മൽസരത്തിനിറങ്ങാൻ ആവശ്യപ്പെട്ട ലീഡർ കെ.കരുണാകരനോട് കെ.സുധാകരൻ അന്ന് പറഞ്ഞത്. തുടർന്ന് 1982 ൽ എടക്കാടും 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ എൽഡിഫ് ജയിക്കുന്ന മണ്ഡലത്തിൽ കെ സുധാകരന്റെ വരവോടെ എതിരാളികളുടെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.

    1991 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ.സുധാകരൻ, സിപിഎമ്മിലെ ഒ. ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്. 3000  വോട്ടുകൾ കള്ളവോട്ടാണെന്ന് കെ സുധാകരൻ കോടതിയിൽ തെളിയച്ചതോടെ  സിപിഎം സ്ഥാനാർത്ഥി ഒ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992 ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ഒ ഭരതൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയും, 1996 ൽ സുപ്രീം കോടതി  ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.

    1996, 2001, 2006 ലും കണ്ണൂർ നിയമസഭാംഗമായി  കെ.സുധാകരൻ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനം, കായിക വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.2009-ൽ നടന്ന ലോക്സഭ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ കെ രാഗേഷിനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

    2014-കണ്ണൂർ ലോക്സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മൽസരിച്ചു.  2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിംഗ് എം പിയായിരുന്ന സിപിഎമ്മിലെ പി കെ ശ്രീമതിയെ  94,559 പരം  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിലപാടുകളിൽ വിട്ടുവീഴ്ച്ചയില്ലാതെ കോൺഗ്രസ് വേദികളിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന  സമാനതകളില്ലാത്ത നേതാവാണ് കെ.സുധാകരൻ.

    ഭാര്യ: സ്മിത  (റിട്ട. അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, കാടാച്ചിറ) മക്കൾ: സൻജോഗ് സുധാകർ, സൗരവ് സുധാകർ (ബിസിനസ്സ്), മരുമകൾ- ശ്രീലക്ഷ്മി
    Published by:Rajesh V
    First published: