സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ
തനിക്കെതിരേയുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നാണ് തന്ത്രിയുടെ പ്രധാന വാദം. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താനായി ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചെന്നും അത് താൻ തടഞ്ഞെന്നും തന്ത്രി വാദിക്കുന്നു. ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോൾ, പൂജകൾ നിർത്തിവെക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാൻ സർക്കാർ ആലോചിച്ചു. ആ ശ്രമവും വിഫലമാക്കിയതായി തന്ത്രി അവകാശപ്പെടുന്നു. ഇക്കാരണങ്ങളാണ് പ്രതികാരനടപടിയെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
advertisement
എസ്ഐടിക്കെതിരെ
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ ചിലകാര്യങ്ങൾ എസ്‌ഐടി മറച്ചുവെച്ചെന്നും തന്ത്രി വാദമുയർത്തി. പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തിരുന്നുവെന്നും അത് മറച്ചുവെച്ചെന്നും തന്ത്രി ആരോപിക്കുന്നു. തന്നിലൂടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയെന്ന വാദങ്ങൾക്ക് ബലം കിട്ടാനാണ് ഇക്കാര്യങ്ങൾ മറച്ചുവെച്ചതെന്നാണ് വാദം.
'ഗൂഢാലോചനയിൽ പങ്കാളിയല്ല'
തന്ത്രിയുടെ പദവി എന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നും ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലോ സ്വത്തുക്കളുടെ പരിപാലനത്തിലോ തനിക്ക് യാതൊരു നിയമപരമായ അധികരവുമില്ലെന്നും തന്ത്രി പറയുന്നു. ദേവസ്വം മാന്വൽ പ്രകാരം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും തിരുവാഭരണങ്ങളുടെയും സംരക്ഷണവും കണക്കെടുപ്പും ദേവസ്വം കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മാത്രം ഉത്തരവാദിത്തമാണ്. ഭരണപരമായ ക്രമക്കേടുകൾ തടയാൻ തനിക്ക് നിയമപരമായ ബാധ്യതയില്ല. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രതികരിച്ചില്ല എന്നത് ക്രിമിനൽ ഗൂഢാലോചനയായി കാണാനാവില്ലെന്നും തന്ത്രി വാദിക്കുന്നു.
വിഗ്രഹ കവചങ്ങളിലെ സ്വർണം തേഞ്ഞുപോയതിനാൽ അവ വീണ്ടും പൂശണമെന്ന് താൻ നൽകിയ അഭിപ്രായം സദുദ്ദേശപരമായിരുന്നു. മറ്റുള്ളവർ സ്വർണം പൂശിയ ഭാഗങ്ങളെ "ചെമ്പ് തകിടുകൾ" എന്ന് വിശേഷിപ്പിച്ചപ്പോൾ, താൻ അവ "സ്വർണം പൂശിയവ" എന്ന് തന്നെയാണ് രേഖകളിൽ വ്യക്തമാക്കിയതെന്നും ഇത് താൻ ഗൂഢാലോചനയിൽ പങ്കാളിയല്ല എന്നതിന് തെളിവാണെന്നും തന്ത്രി ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.
ഇതും വായിക്കുക: അറസ്റ്റ് എന്തിനായിരുന്നു? സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന് കോടതി
അറസ്റ്റ്
ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിരുന്നിട്ടും അതിന് ഒത്താശചെയ്തെന്ന കുറ്റത്തിന് ജനുവരി 9നാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമലയിൽ താന്ത്രികാവകാശമുണ്ടായിരുന്ന താഴമൺ കുടുംബാംഗമായ തന്ത്രി, പാളികൾ കടത്താൻ കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് മൗനാനുവാദം നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി, 2019 മേയ് 18ന് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡലപാളികളും അഴിച്ചുമാറ്റി ഉണ്ണികൃ ഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആവശ്യമായ താന്ത്രികനടപടികൾ പാലിച്ചില്ല എന്നീ കുറ്റങ്ങൾ ആരോപിച്ചായിരുന്നു തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്.
തെളിവിന്റെ കണികപോലുമില്ലെന്ന് കോടതി
അതേസമയം കേസിൽ തന്ത്രിക്കെതിരേ തെളിവുകളൊന്നും ഹാജരാക്കാൻ പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി ജാമ്യവിധിയിൽ വ്യക്തമാക്കി. സ്വർണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമതലയിൽ വരുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകളൊന്നും പ്രത്യേക അന്വേഷണസംഘത്തിന് ഹാജരാക്കാനുമായില്ല. ഗൂഢാലോചന നടത്തിയതിനും തെളിവില്ല. 2019 ജൂലായ് 20, മേയ് 18 തീയതികളിൽ പാളികൾ കൊണ്ടുപോകുന്ന വേളയിൽ തയാറാക്കിയ നിർണായകമായ മഹസറുകളിൽ തന്ത്രി ഒപ്പുവച്ചിട്ടില്ല. ദേവസ്വം ബോർഡ് നേരത്തേയെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മഹസറുകൾ തയാറാക്കപ്പെട്ടത്.
പാളികൾ കൈമാറ്റംചെയ്തതിന് ശബരിമല ക്ഷേത്രത്തിലെ പൂജകളുമായോ ആചാരങ്ങളുമായോ മതപരമായ ചടങ്ങുകളുമായോ ബന്ധമില്ല. തന്ത്രിയുടെ ചുമതല പൂജകളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾ, തിരുവാഭരണങ്ങളടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ സൂക്ഷിക്കൽ എന്നിവയിലൊന്നും തന്ത്രിക്ക് പങ്കില്ല. അവയെല്ലാം തിരുവിതാംകൂർ ദേവസ്വം മാന്വൽപ്രകാരം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. പ്രശസ്തമായ ശബരിമല ക്ഷേത്രത്തിലെ തന്ത്രിയെന്നനിലയിലും ചികിത്സാ ആവശ്യങ്ങൾ മുൻനിർത്തിയുമാണ് വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
Summary: In a significant development in the Sabarimala gold theft case, Thantri Kandararu Rajeevaru has raised serious allegations against the Kerala government in his bail application, claiming his arrest is a politically motivated act of vengeance. The Thantri claims the government is targeting him because he successfully blocked attempts to allow women into the temple. He stated that he had previously threatened to stop pujas and walk out of the temple to protect its customs against police and political interference.
