Also Read- Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ
ജി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളെ ശബരിമലയിലേക്ക് വഴി തിരിച്ചുവിട്ടത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരന്‍ നായര്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞിരുന്നു. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തിൽ സര്‍ക്കാരിന് എതിരായി വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രതികരണം.
advertisement
പിന്നാലെ ധർമടത്ത് വോട്ട് ചെയ്ത് പുറത്തിറങ്ങിയ മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ- അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ മാത്രമല്ല ജനങ്ങളുടെ കോപവും മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സര്‍ക്കാരിനുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അയ്യപ്പ കോപമുണ്ടാകും. വിശ്വാസികളെ എൽഡിഎഫ് സര്‍ക്കാര്‍ മുറിവേൽപ്പിച്ചുവെന്നും ചെന്നിത്തല പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശക്തമായ പ്രതികരണമാണ് നടത്തിയത്. ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന നടത്തുന്നത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടുമാത്രമാണ്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഇടതുപക്ഷ നേതാക്കളെല്ലാം വിശ്വാസികളെ ലക്ഷ്യംവെച്ചുകൊണ്ട് പതിവില്ലാത്ത വിധത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നെന്ന് കോടിയേരി പറഞ്ഞു. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
Also Read- 'പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തത്'; കെ സുരേന്ദ്രൻ
സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹം നടത്തിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.
'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി നേരത്തേ അത് ചെയ്തിരുന്നെങ്കിൽ ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും എകെ ആന്റണി ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എടുത്തുചാടി കുഴപ്പങ്ങൾ ഉണ്ടാക്കിയതിന് തന്നോടും തന്റെ ഗവൺമെന്റിനോടും ക്ഷമിക്കണം എന്ന് പറയാൻ കൂടി മുഖ്യമന്ത്രി തയ്യാറാകണം.- മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു.
കോണ്‍ഗ്രസ് കെ മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവരും വിഷയം ഏറ്റെടുത്തു. വോട്ടെടുപ്പിനിടെ ശബരിമലയും വിശ്വാസവും ചര്‍ച്ചയാകുന്നതിലെ അപകടം ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ വിശ്വാസം സംബന്ധിച്ച ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. ഇതിനും ജി സുകുമാരൻ നായർ മറുപടിയുമായെത്തി. വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയുമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.