എന്താണ് കേസ്
2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read-മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സർക്കാർ
advertisement
കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷന് പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതേ വിട്ടത്. അതിന് മുൻപ് മറ്റൊരു പ്രതിയേയും വെറുതേ വിട്ടയച്ചിരുന്നു. ഇനി പ്രായപൂർത്തിയാവാത്ത ഒരു പ്രതി കൂടി വിചാരണ നേരിടാനുണ്ട്. മുട്ടിക്കുളങ്ങര ജുവൈനൽ കോടതിയിലാണ് കേസ് നടക്കുന്നത്.
വീഴ്ച പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ
വാളയാർ കേസ് തോറ്റത് എങ്ങനെയെന്ന് പരിശോധിയ്ക്കാനായിരുന്നു സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. റിട്ടയേർഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി ചുമതലപ്പെടുത്തി. പൊലീസിനും പ്രോസിക്യൂഷനും ഒരു പോലെ വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിട്ടില്ല.
കേസ് വീണ്ടും കോടതിയിൽ
വാളയാർ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഏതന്വേഷണത്തിനും സന്നദ്ധമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. നവംബർ 9 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും.
വിധിയുടെ ഒന്നാം വർഷത്തിൽ പെൺകുട്ടികളുടെ അമ്മയുടെ സത്യഗ്രഹം
കോടതി വിധിയുടെ ഒന്നാം വർഷികത്തിൽ നീതിയ്ക്കായി വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങുകയാണ് ഈ അമ്മ. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ വ്യക്തമാക്കി. തെരുവിൽ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചു.