• HOME
  • »
  • NEWS
  • »
  • money
  • »
  • മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സർക്കാർ

മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സർക്കാർ

മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുന്നതിൻരെ ഭാഗമായുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ് ഗ്രാഷ്യയായി പണം നല്‍കുന്ന പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചത്.

    ഇതോടെ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ആര്‍.ബി.ഐ. മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

    Also Read 'രണ്ട് കോടി വരെ വായ്പ ഉള്ളവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പിഴ പലിശ ഒഴിവാക്കാം'; കേന്ദ്രം സുപ്രീം കോടതിയിൽ

    രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവിൽ കൂട്ടുപലിശ ഒഴിവാക്കണമെന്ന് ഒക്ടോബര്‍ 14ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

    രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസ കാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിങ് കമ്പനികള്‍ക്ക് നല്‍കും. 500 കോടി രൂപ മുതല്‍ 6000 കോടി രൂപ വരെയാണ് പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക.

    എം.എസ്.എം.ഇ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, കെഡ്രിറ്റ് കാര്‍ഡ് തിരിച്ചടവ്, കണ്‍സ്യൂമര്‍ വായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. രണ്ട് കോടി രൂപ വരെ വായ്പുള്ളവര്‍ക്ക് മാത്രമേ ഈ ആനൂകുല്യത്തിന് അര്‍ഹതയുള്ളു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി മുഴുവനായോ ഭാഗികമായോ വിനിയോഗിച്ചവര്‍ക്കും മൊറട്ടോറിയം ലഭിക്കാത്തവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

    ഫെബ്രുവരി 29 വരെ വായ്പ അക്കൗണ്ടുകളില്‍ കുടിശ്ശിക തുക രണ്ട് കോടി കവിയരുത്. എല്ലാ വായ്പകളും കൂടി രണ്ട് കോടിക്ക് മുകളിലാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ പലിശയാണ് കണക്കുകൂട്ടുക. വായ്പ നല്‍കിയത് ഏതെങ്കിലും ബാങ്കിങ് കമ്പനിയോ ബാങ്കോ സഹകരണ ബാങ്കോ ആയിരിക്കണം തുടങ്ങിയവയാണ് പദ്ധതിയിലെ വ്യവസ്ഥകള്‍.

    റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെയാണ് കൂട്ടുപലിശ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. മൊറട്ടോറിയം പ്രകാരം മാസത്തവണ നീട്ടിവെയ്ക്കാമെങ്കിലും ബാങ്കിങ് രീതിയനുസരിച്ച് പലിശ മാറ്റിവെയ്ക്കാന്‍ കഴിയാത്തതിനാല്‍ അത് വായ്പ തുകയോട് ചേര്‍ക്കുകയായിരുന്നു. ഇതോടെ മൊറട്ടോറിയത്തിന് ശേഷം മാസത്തവണകളുടെ എണ്ണം കൂടുകയോ ഉയര്‍ന്ന തുക മാസത്തവണയായി അടക്കേണ്ടിവരികയോ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇക്കാലയളവില്‍ പൂര്‍ണമായും പലിശയിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇതിനുപിന്നാലെയാണ് കൂട്ടുപലിശ ഇളവ് നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
    Published by:Aneesh Anirudhan
    First published: