റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റിസോർട്ടിന് മൂന്നുവശവും കാടാണ്. ഇവിടെ മൊബൈൽ ഫോണിന് റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
advertisement
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതൽ പേർ ഈ പ്രദേശത്തേക്ക് എത്താൻ തുടങ്ങിയത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. എന്നാൽ കാട്ടാനയുൾപ്പടെയുള്ള വന്യമൃഗങ്ങളുടെ വിഹാര പ്രദേശത്ത് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ടെൻറുകൾ ഒരുക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് അടിയന്തിരമായി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റിസോർട്ടിനെതിരെ വനംവകുപ്പ്
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിൽ സ്വകാര്യ റിസോർട്ടിനെതിരെ വനംവകുപ്പ്. യുവതി താമസിച്ച റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിർത്തിയിൽ 10 മീറ്റർ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത്. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.