ശ്രീവിദ്യക്കും ഭർത്താവ് ഭൈരവിനും പത്തുമാസം പ്രായമുള്ള മോളും നാലുവയസുള്ള മകനുമാണ് ഉള്ളത്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി തന്റെ മുലപ്പാൽ ദാനം ചെയ്യുക എന്നത് ശ്രീവിദ്യയുടെ ആശയമായിരുന്നു. അവരുടെ സാമൂഹിക ലക്ഷ്യത്തെ പിന്തുണച്ച ഭർത്താവ് ഭൈരവ്, മുലപ്പാൽ ദാനം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുകയും പ്രക്രിയയിൽ അവളെ സഹായിക്കുകയും ചെയ്തു.
പ്രസവ ചികിത്സാ വിദഗ്ധരുടെ സഹായത്തോടെ, ശ്രീവിദ്യ അടുത്തുള്ള തിരുപ്പൂർ ജില്ലയിലെ ഒരു എൻജിഒയുടെ സംരംഭമായ അമൃതം മുലപ്പാൽ ദാന ക്യാമ്പിലേക്ക് മുലപ്പാൽ സംഭാവന ചെയ്യാൻ തുടങ്ങി.
advertisement
തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ചാംദിവസം മുതലാണ് ശ്രീവിദ്യ തന്റെ മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയത്. ഏഴ് മാസത്തിനുള്ളിൽ 105 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് 2022 ൽ ഇടം നേടുകയും ചെയ്തു.
Also Read- എയര്‍ ഫ്രെഷ്നറുകൾ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ പ്രശ്നങ്ങൾ നിരവധിയെന്ന് വിദഗ്ധർ
എൻജിഒയുടെ ഇൻസ്ട്രക്ടർമാരുടെ ഉപദേശപ്രകാരം താൻ ആദ്യം മുലപ്പാൽ ശേഖരിച്ച് സൂക്ഷിച്ചുവെന്നും പിന്നീട് കോയമ്പത്തൂരിലെ മുലപ്പാൽ ബാങ്കിന് നൽകിയെന്നും ശ്രീവിദ്യ പറയുന്നു.
അമ്മമാർ മരിച്ചതോ അവരെ പരിപാലിക്കാൻ കഴിയാത്തതോ ആയ നവജാതശിശുക്കളെ പലപ്പോഴും ബാങ്കിൽ നിന്നുമുള്ള മുലപ്പാൽ ഉപയോഗിച്ചാണ് പരിപാലിക്കുന്നത്. ശ്രീവിദ്യയുടെ മുലപ്പാൽ കോയമ്പത്തൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലും എത്തിച്ചു. സാധാരണയില്‍ കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങൾക്ക് അവ ഇവിടെ വിതരണം ചെയ്തു.
“പല കുട്ടികളും വേണ്ടത്ര മുലപ്പാൽ ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുന്നു. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന നവജാത ശിശുക്കള്‍ പ്രത്യേകിച്ചും. ചില കുട്ടികൾക്ക് ഭാരം കുറവായതിനാൽ ഇൻകുബേറ്ററുകളിൽ വയ്ക്കുന്നു, അവരെ എനിക്ക് സഹായിക്കാൻ ആഗ്രഹമുണ്ട്”- തന്റെ തീരുമാനത്തെക്കുറിച്ച് ശ്രീവിദ്യ പറയുന്നു.
ജീവൻ രക്ഷിക്കാൻ മുലപ്പാൽ ദാനം ചെയ്യാൻ ഈ തലമുറയിലെ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരണമെന്നും ശ്രീവിദ്യ അഭ്യർത്ഥിച്ചു.
നവംബറിൽ കോയമ്പത്തൂരിൽ നിന്നുതന്നെയുള്ള എഞ്ചിനിയറിങ് ബിരുദധാരി സിന്ധു മോണിക്ക ഏഴുമാസത്തിനിടെ 42 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് റെക്കോഡിട്ടിരുന്നു. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സും ഈ നേട്ടത്തെ അംഗീകരിച്ചിരുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ഏറ്റവും കൂടുതൽ മുലപ്പാൽ സംഭാവന ചെയ്യപ്പെട്ടത് യുഎസിലെ ടെക്സാസിലാണ്. 1569.79 ലിറ്റാണ് 2011 ജനുവരി 11നും 2014 മാർച്ച് 25 നും ഇടയിൽ നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്കിലേക്ക് അലിസ് ഓഗ്‌ലെട്രിയ എന്ന യുവതി സംഭാവന നൽകിയത്.
മുലപ്പാൽ ഒരു നവജാതശിശുവിന് പോഷകാഹാരത്തിന്റെ പ്രധാന ഉറവിടമാണ്, കൂടാതെ കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിക്കുന്നു.
പ്രസവശേഷം ആദ്യത്തെ ആറുമാസത്തേക്ക് നവജാതശിശുവിന് മുലപ്പാൽ മാത്രം നൽകണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, കുട്ടി ഒരുവയസിൽ എത്തുന്നതുവരെ കട്ടിയുള്ള ഭക്ഷണങ്ങൾ അവതരിപ്പിച്ചതിനു ശേഷവും മുലപ്പാൽ തുടരാൻ ഉപദേശിക്കുന്നു, മുലയൂട്ടൽ കൂടുതൽ കാലം തുടരാമെന്നും വിദഗ്ധർ പറയുന്നു. കുട്ടികൾക്ക് രണ്ട് വയസ്സ് വരെ മുലയൂട്ടുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.