TRENDING:

ആദ്യം കലോത്സവങ്ങളിലെ താരം, പിന്നെ ഡോക്ടർ! രേണുരാജ് എങ്ങനെ സബ് കളക്ടറായി?

Last Updated:

'ഞാൻ മുന്നോട്ടുതന്നെ പോകും' എന്ന രേണുരാജിന്‍റെ വാക്കുകളാണ് കേരളം ഏറ്റെടുത്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്കൂളിൽ പഠിക്കുമ്പോൾ മിടുക്കിയായ വിദ്യാർത്ഥി, കലോത്സവവേദികളിലെ താരം. നൃത്തത്തിലും പ്രസംഗത്തിലും മിന്നിത്തിളങ്ങി. എന്നാൽ പ്ലസ് ടു കഴിഞ്ഞപ്പോൾ നൃത്തവും പ്രസംഗവുമല്ല, എൻട്രൻസ് എഴുതി എംബിബിഎസ് തെരഞ്ഞെടുത്തു. എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ സിവിൽ സർവ്വീസ് എഴുതിയെടുക്കണമെന്ന് ആശിച്ചു. ആഗ്രഹിച്ചപോലെ അതും നടന്നു. പറഞ്ഞുവരുന്നത് രേണുരാജ് IASനെക്കുറിച്ച്. ദേവികുളം സബ് കളക്ടർ എന്ന നിലയിൽ ധീരമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് രേണുരാജ് ഇപ്പോൾ വാർത്തയിലെ താരമായി മാറിയിരിക്കുന്നത്. രേണുരാജിനെതിരെ അധിക്ഷേപം ചൊരിഞ്ഞ എസ് രാജേന്ദ്രൻ MLA ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പാനുള്ള ശ്രമമാണ് നടത്തുന്നത്.
advertisement

ബ്യൂറോക്രസിയെ താരമാക്കുന്ന രാഷ്ട്രീയ അധഃപതനം

ഭൂമാഫിയയുടെ വിഹാരകേന്ദ്രം- അതാണ് മൂന്നാർ ഉൾപ്പെടുന്ന ദേവികുളം റവന്യൂ മേഖല. ഇവിടെ സബ് കളക്ടറായി വാഴണമെങ്കിൽ രാഷ്ട്രീയക്കാർക്കുമുന്നിൽ ഓച്ചാനിച്ചുനിൽക്കണം. അല്ലാത്തവർക്ക് അവിടെ തുടരാനാകില്ല. രേണുരാജിന് മുമ്പ് ശ്രീറാം വെങ്കിട്ടറാം, പ്രേംകുമാർ ഉൾപ്പടെയുള്ളവർ രാഷ്ട്രീയക്കാരുടെ അപ്രീതിക്ക് പാത്രമായിട്ടുണ്ട്. ഒമ്പത് മാസത്തിനിടെ 14 സബ് കളക്ടർമാരാണ് ദേവികുളത്ത് മാറിയെത്തിയത്. പഴയ മൂന്നാറിൽ മുതിരപ്പുഴയുടെ തീരത്ത് ചട്ടം ലംഘിച്ചുള്ള നിർമാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് രേണുരാജിനെ അധിക്ഷേപിച്ച് എസ്. രാജേന്ദ്രൻ MLA സംസാരിച്ചത്. നിർമാണത്തിന് രേണുരാജ് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. 'ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറാകുന്നവർക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ?'- ഒപ്പമുള്ളവരോട് സംസാരിക്കുന്ന രാജേന്ദ്രന്‍റെ വീഡിയോയാണ് കോളിളക്കമുണ്ടാക്കിയത്. ജനപ്രതിനിധികളേക്കാൾ മുകളിൽനിന്ന് ഉദ്യോഗസ്ഥർ അധികാരം പ്രയോഗിക്കുന്നതിനെയും രാജേന്ദ്രൻ വിമർശിക്കുന്നുണ്ട്. എന്നാൽ MLAയുടെ ഭീഷണിക്ക് വഴങ്ങാതെ സധൈര്യം മുന്നോട്ടുപോകുകയാണ് രേണുരാജ് IAS. എങ്ങനെയാണ് രേണുരാജ് സബ് കളക്ടറായത്? സംഭവബുഹലമായ ആ ജീവിതത്തിലേക്ക്...

advertisement

'വെറും IAS കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു'; രേണു രാജിനെതിരെ എസ് രാജേന്ദ്രന്റെ പരാമര്‍ശം ഇങ്ങനെ

നർത്തകി, പ്രാസംഗിക, പഠിക്കാനും മിടുക്കി...

സകലകലാവല്ലഭ- സ്കൂളിൽ പഠിക്കുമ്പോൾ അതായിരുന്നു രേണുരാജ്. ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനു സമീപത്തുള്ള ശ്രീശൈലത്തിൽ M.K രാജശേഖരൻ നായരുടെയും V.N ലതയുടെയും മൂത്തമകളാണ് രേണുരാജ്. KSRTC ജീവനക്കാരനായിരുന്നു രാജശേഖരൻ നായർ. സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ എല്ലാത്തിലും ഒന്നാമതായിരുന്നു രേണുരാജ്. ചങ്ങനാശേരി സെന്‍റ് തെരേസാസ് സ്കൂളിൽ നിന്ന് പതിനൊന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസായത്.

advertisement

ആഗ്രഹിച്ചതുപോലെ ഡോക്ടറായി...

മകൾ കളക്ടറായി കാണണമെന്നായിരുന്നു അച്ഛന്‍റെയും അമ്മയുടെയും ആഗ്രഹം. എന്നാൽ ഡോക്ടറാകാനായിരുന്നു രേണുരാജിന്‍റെ തീരുമാനം. ഡോക്ടറാകണമെന്ന ആഗ്രഹംകൊണ്ടുതന്നെ എൻട്രൻസ് കോച്ചിങ് കൂടി ലക്ഷ്യമിട്ട് തൃശൂരിലായിരുന്നു ഹയർ സെക്കൻഡറി പഠനം. എൻട്രൻസിൽ മെഡിസിന് അറുപതാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ MBBS പ്രവേശനം. 2009ൽ മികച്ച ജയത്തോടെ മെഡിസിൻ പഠനം പൂർത്തിയാക്കി. ഇതിനിടയിൽ വിദ്യാർഥി രാഷ്ട്രീയത്തിലും ഈ മിടുക്കി മിന്നിത്തിളങ്ങി. 2008-09 കാലഘട്ടത്തിൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സനായിരുന്നു രേണുരാജ്. 2014ൽ ഡോക്ടറായി പ്രാക്ടീസ് തുടങ്ങി. ഇതിനിടയിൽ ഒപ്പം പഠിച്ച ഡോ. എൽ.എസ് ഭഗത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.

advertisement

സബ് കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ MLA യോട് സിപിഎം വിശദീകരണം തേടും

സിവിൽ സർവ്വീസും കൈപ്പിടിയിലൊതുക്കിയ മിടുക്ക്...

എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ അത് സ്വന്തമാക്കുന്നതാണ് രേണുരാജിന്‍റെ രീതി. സ്കൂൾ-കോളേജ് പഠനകാലത്ത് ആഗ്രഹിച്ച വിജയങ്ങളൊക്കെ സ്വന്തമാക്കിയത് ആ നിശ്ചയദാർഢ്യത്തിലൂടെയായിരുന്നു. കൊല്ലം കല്ലുവാതുക്കൽ ESI ഡിസ്പെൻസറിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കവെയാണ് രേണുരാജിന് ഐഎഎസ് എഴുതാൻ ആഗ്രഹിച്ചത്. ഭർത്താവിന്‍റെ പൂർണ പിന്തുണയിൽ രേണുരാജ് തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു പഠിച്ചു. മികച്ച ജയത്തോടെ രേണുരാജ് IAS സ്വന്തമാക്കി. പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയാണ് അസിസ്റ്റന്‍റ് കളക്ടർ എന്ന നിലയിലെ പരിശീലനം രേണുരാജ് പൂർത്തിയാക്കിയത്.

advertisement

നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കാതെ...

തൃശൂരിലായിരുന്നു സബ് കളക്ടർ എന്ന നിലയിൽ രേണുരാജിന്‍റെ ആദ്യ നിയമനം. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രേണുരാജ് അധികം വൈകാതെ ചിലരുടെ കണ്ണിലെ കരടായി മാറി. വടക്കാഞ്ചേരി വാഴക്കോട്ട് സിപിഎം നേതാക്കളുടെ ഒത്താശയോടെ പ്രവർത്തിച്ച അനധികൃത ക്വാറി രേണുരാജ് പൂട്ടിച്ചു. പൊലീസും അധികാരികളും ഒത്താശ നൽകി പ്രവർത്തിച്ചുവന്ന ക്വാറിയാണ് രേണുരാജ് ഇച്ഛാശക്തിയോടെ പൂട്ടിച്ചത്. ഒരുദിവസം പുലർച്ചെ മറ്റാരെയും കൂട്ടാതെ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി രേണുരാജ് ക്വാറിക്കെതിരെ നടപടിയെടുത്തത്. പിന്നീട് ഒരു വർഷത്തോളം തൃശൂരിൽ തുടർന്ന രേണുരാജ് പ്രളയകാലത്ത് സ്വീകരിച്ച നടപടികൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സബ് കലക്ടറിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ MLA മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ദേവികുളത്തും പിന്നോട്ടില്ല...

വൻകിട ഭൂമാഫിയ വിരാജിക്കുന്നയിടമാണ് ദേവികുളം. ഇവിടേക്ക് എത്തുന്ന ആദ്യ വനിതാ സബ് കളക്ടറാണ് രേണുരാജ്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ സർക്കാർ ഭൂമി കൈയ്യേറിയുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന നാട്. ഇവിടെ ചുമതലയേറ്റ അന്നുമുതൽ ഇന്നുവരെ മുപ്പതോളം അനധികൃത നിർമാണങ്ങൾക്കാണ് രേണുരാജ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതിൽ ഗോകുലം ഗോപാലന്‍റെ മകന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടവും ഉൾപ്പെടും. ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് എസ് രാജേന്ദ്രൻ എംഎൽഎയുടെ അധിക്ഷേപം. എന്നാൽ അതിലൊന്നും തളരാതെ 'ഞാൻ മുന്നോട്ടുതന്നെ പോകും' എന്ന രേണുരാജിന്‍റെ വാക്കുകളാണ് കേരളം ഏറ്റെടുത്തിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
ആദ്യം കലോത്സവങ്ങളിലെ താരം, പിന്നെ ഡോക്ടർ! രേണുരാജ് എങ്ങനെ സബ് കളക്ടറായി?