സ്വന്തമായി ബുട്ടീക്ക് നടത്തുന്ന സബിത ഇപ്പോൾ വലിയ ആത്മസംതൃപ്തിയിൽ ആണ്. കാരണം നിരവധി പെൺകുട്ടികളുടെ വിവാഹത്തിന് നിറമുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകാൻ സാധിക്കുന്നു എന്നത് തന്നെ. ചെറിയ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുക എന്നത് സബിതയുടേയും കൂട്ടുകാരികളുടേയും പതിവായിരുന്നു. പല പെൺകുട്ടികൾക്കും വിവാഹ വസ്ത്രങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകിയിരുന്നു ഇവർ. ഇങ്ങനെ എത്തിക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും ഇടുന്ന ആളുടെ ഇഷ്ടത്തിന് അനുസരിച്ച് ആകാറില്ല എന്നത് സബിതയെ നൊമ്പരപ്പെടുത്താറുണ്ടായിരുന്നു.
advertisement
അങ്ങനെയൊരിക്കൽ ഒരു പെൺകുട്ടിക്ക് വിവാഹ വസ്ത്രത്തിന്റെ ആവശ്യം വന്നപ്പോൾ സബിത തന്റെ വാട്സ് ആപ്പ് കൂട്ടായ്മയിൽ ഒരു വോയ്സ് മെസേജ് അയയ്ക്കുകയായിരുന്നു. പഴയതും പുതുമ നഷ്ടപ്പെടാത്തതുമായ വിവാഹ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ എത്തിച്ചു തരണമെന്ന് അഭ്യർഥിച്ച്.
സബിതയെ അത്ഭുതപ്പെടുത്തും വിധമായിരുന്നു പ്രതികരണം. നിരവധി പേർ നല്ല തിളങ്ങുന്ന വിവാഹ വസ്ത്രങ്ങൾ അയച്ചുകൊടുത്തു. പ്രമുഖ ബോളിവുഡ് ഡസൈനർ സവ്യ സാചി വരെ വിവാഹ വസ്ത്രം അയച്ചു തന്നു എന്ന് സന്തോഷത്തോടെ സബിത പറയുന്നു.
ഇങ്ങനെ ലഭിച്ച വസ്ത്രങ്ങളെല്ലാം തന്റെ ബുട്ടീക്കിൽ പ്രത്യേക സെക്ഷനാക്കി സൂക്ഷിച്ചിരിക്കുകയാണ് സബിത. ആവശ്യക്കാർക്ക് വരാം, എടുക്കാം.
കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിലാണ് സബിതയുടെ ഈ പ്രത്യേക ബുട്ടൂക്ക് ആദ്യം പ്രവർത്തനം തുടങ്ങിയത്. തുടക്കം ഗംഭീരമായി. പിന്നീടങ്ങോട്ട് സംഭവനകളുടെ ഒരു പ്രളയം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ സംരംഭം കേരളത്തിൽ അങ്ങോളം ഇങ്ങോളം തുടങ്ങി സബിത. ഇപ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 10 ൽ ഏറെ സ്ഥലത്ത് ഇത്തരം ബൂട്ടിക് പ്രവർത്തിക്കുന്നു. പാവപ്പെട്ട ആർക്കും വരാം. സൗജന്യമായി ഇഷ്ടപ്പെട്ട വസ്ത്രം എടുത്തുകൊണ്ടു പോകാം. വിവാഹ നാളിൽ ധരിക്കേണ്ടതും തലേന്നും പിറ്റേന്നും ഇടേണ്ടതും എല്ലാം ഇവിടെ നിന്ന് തെരഞ്ഞെടുക്കാം.
വിവാഹ വസ്ത്രങ്ങൾക്ക് പുറമെ ആഭരണങ്ങളും ചെരുപ്പും ബെഡ്ഷീറ്റും അടക്കം ഇവിടെ നിന്ന് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. തികച്ചും സൗജന്യമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ ഒന്നും തിരികെ നൽകേണ്ടതില്ല എന്നതും ശ്രദ്ധേയമാണ്. കൂടുതൽ സ്ഥലങ്ങളിൽ സേവനം ലഭ്യമാക്കി പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറം പകരുക എന്നതാണ് സബിതയുടെ ലക്ഷ്യം.