ബന്ധങ്ങളിൽ പരസ്പര ബഹുമാനത്തിന്റെ ആവശ്യകതയെക്കുറിച്ചും ലൈംഗിക ബന്ധത്തിൽ പരസ്പര സമ്മതത്തെക്കുറിച്ചും ആൺകുട്ടികളെ സ്കൂളുകളിൽ നിന്ന് തന്നെ പഠിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന അധികൃതർ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഓരോ രാജ്യത്തും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും ഇത് ലക്ഷക്കണക്കിന് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് -19 മഹാമാരി സമയത്ത് ഈ പ്രശ്നങ്ങൾ വർദ്ധിപ്പിച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Also Read- വാക്സിന്റെ രണ്ടാമത്തെ ഡോസിനുശേഷം എത്ര ദിവസം കഴിഞ്ഞാൽ രോഗപ്രതിരോധശേഷി ഉണ്ടാകും?
advertisement
15 മുതൽ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ 31%, അല്ലെങ്കിൽ 852 മില്യൺ സ്ത്രീകൾ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് 2000-2018 വരെയുള്ള ദേശീയ ഡാറ്റ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഈ വിഷയം സംബന്ധിച്ച ഏറ്റവും വലിയ സർവ്വേ റിപ്പോർട്ടാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഭർത്താവോ അടുപ്പമുള്ള പങ്കാളിയോ ആണ് ലൈംഗികമായി പീഡിപ്പിക്കുന്നവരിൽ അധികവും. ദരിദ്ര രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ അധികവും നടക്കുന്നത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആളുകൾ മടി കാണിക്കുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഉയർന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഞെട്ടിക്കുന്ന കണക്കുകളാണിതെന്നും ഇത്തരത്തിലുള്ള അക്രമണങ്ങളെ തടയാൻ ഗവൺമെന്റുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും റിപ്പോർട്ട് തയ്യാറാക്കിയ ക്ലോഡിയ ഗാർസിയ-മോറെനോ പറഞ്ഞു. കിരിബതി, ഫിജി, പപ്പുവ ന്യൂ ഗ്വിനിയ, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കുകൾ യൂറോപ്പിലാണ്.
Also Read- Explained: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ; പോക്സോ നിയമം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ചില പ്രദേശങ്ങളിൽ, പകുതിയിലധികം സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അക്രമങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെ ചെറുപ്പം മുതൽ ആരംഭിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 15 മുതൽ 19 വയസ്സ് പ്രായമുള്ള നാല് കൗമാരക്കാരായ പെൺകുട്ടികളെ എടുത്താൽ അവരിൽ ഒരാൾ ശാരീരികമോ ലൈംഗികമോ ആയ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ഗാർസിയ-മോറെനോ പറയുന്നു.
ഈ അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അനാവശ്യ ഗർഭധാരണത്തിനും മറ്റ് സങ്കീർണതകൾക്കും കാരണമാകുമെന്നും മോറെനോ പറഞ്ഞു.
ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ഇന്ത്യയിൽ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ. 2018 ലെ കണക്കു പ്രകാരം ഡൽഹിയിൽ മാത്രം ഒരു ദിവസം ശരാശരി അഞ്ചു സ്ത്രീകൾ മാനഭംഗത്തിന് ഇരയാകുന്നുണ്ട്.
Keywords: women, WHO, sexual abuse, ലൈംഗിക പീഡനം, സ്ത്രീകൾ, ലോകാരോഗ്യ സംഘടന
