Explained| ഡോക്റ്ററോട് ചോദിക്കാം; വാക്സിന്റെ രണ്ടാമത്തെ ഡോസിനുശേഷം എത്ര ദിവസം കഴിഞ്ഞാൽ രോഗപ്രതിരോധശേഷി ഉണ്ടാകും?
- Published by:Rajesh V
- news18-malayalam
Last Updated:
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER) എന്ന സ്ഥാപനത്തിന്റെ ഡയറക്റ്ററായ ഡോ രാകേഷ് അഗർവാൾ ആണ് സംശയങ്ങൾക്ക് ഉത്തരം നൽകുന്നത്.
കോവിഡ് എന്ന മഹാമാരിയുടെ വ്യാപനം നമ്മുടെ ജീവിതങ്ങളെ മാറ്റി മറിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഈ രോഗം സൃഷ്‌ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും നമ്മളെ വിട്ടുപോയിട്ടില്ല. അതിന്റെ ഫലമെന്നോണം വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും കാട്ടുതീ പോലെ പടരുന്നത് നാം കാണുന്നുണ്ട്. അതൊക്കെ വിശ്വസിച്ച് പലരും തികച്ചും തെറ്റായതും അശാസ്ത്രീയവുമായ രീതിയിൽ കൊറോണ വൈറസ് രോഗബാധയെ കൈകാര്യം ചെയ്യാനും തുടങ്ങിയിരിക്കുന്നു. ഈ പംക്തിയിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത് കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവുമായും വാക്സിനുമായുമൊക്കെ ബന്ധപ്പെട്ട് വായനക്കാർക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കുക എന്നതാണ്.
ഈ ആഴ്ചത്തെ പംക്തിയിൽ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ഡോ രാകേഷ് അഗർവാൾ ആണ്. അദ്ദേഹം പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER) എന്ന സ്ഥാപനത്തിന്റെ ഡയറക്റ്റർ കൂടിയാണ്. വാക്സിൻ എത്രത്തോളം ഫലപ്രദമാണ്, ഹോർമോണുകളെയും തൈറോയ്ഡ് ഗ്രന്ഥിയെയും കോവിഡ് ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അദ്ദേഹം ഇന്ന് ഉത്തരം നൽകുന്നത്.
advertisement
വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചതിനുശേഷം ശരീരത്തിൽ കോവിഡ് 19 ആന്റിബോഡികൾ വികസിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?
ഉണ്ട്. കോവിഡ് 19-ന് കാരണമായ SARS-CoV-2 എന്ന വൈറസിനെതിരെയുള്ള ആന്റിബോഡികൾ വികസിപ്പിക്കാനും അതിലൂടെ സെല്ലുലാർ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനുമാണ് വാക്സിൻ സഹായിക്കുക. അതിനാൽ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ ഒരു വ്യക്തിയുടെ രക്തം പരിശോധിക്കുന്നതിലൂടെ ആന്റിബോഡികൾ ഉണ്ടായിട്ടുണ്ടോ എന്നറിയാം. എങ്കിലും, രോഗപ്രതിരോധശേഷിയുള്ള മിക്കവാറും വ്യക്തികളിൽ ആന്റിബോഡികൾ രൂപപ്പെടും എന്നതിനാലും ഈ ടെസ്റ്റ് വളരെ ശ്രമകരമായതിനാലും പൊതുവെ അത് റെക്കമെന്റ് ചെയ്യുന്നില്ല. അതോടൊപ്പം, തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ആന്റിബോഡികൾ വികസിച്ചിട്ടില്ലാത്ത വ്യക്തികളിലും സെല്ലുലാർ ഇമ്യൂൺ റെസ്പോൺസിലൂടെ കോവിഡ് 19-നെതിരെയുള്ള സംരക്ഷണവലയം ഉടലെടുക്കും.
advertisement
വാക്സിന്റെ രണ്ടാമത്തെ ഡോസിനുശേഷം എത്ര ദിവസം കഴിഞ്ഞാൽ രോഗപ്രതിരോധശേഷി ഉണ്ടാകും?
ആദ്യത്തെ ഡോസ് സ്വീകരിച്ച് 15 ദിവസം കഴിയുമ്പോൾത്തന്നെ പ്രതിരോധശേഷി ഉണ്ടായിത്തുടങ്ങും. പക്ഷേ, ഇതിന്റെ ഫലം അധികകാലം നിലനിൽക്കണമെന്ന് നിർബന്ധമില്ല. രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചതിനു ശേഷമേ ആന്റിബോഡികളും അതിലൂടെ പ്രതിരോധവും കൂടുതൽ ശക്തമാവുകയുള്ളൂ. രണ്ടാമത്തെ ഡോസ് എടുത്ത് ഏതാണ്ട് 15 ദിവസം കഴിയുമ്പോഴാണ് പ്രതിരോധശേഷി അതിന്റെ പരമാവധി നിലയിലെത്തുക.
advertisement
വാക്സിന്റെ ഫലസിദ്ധി കുറഞ്ഞുവരുമോ? വാക്സിൻ ഇനി ഫലപ്രദമല്ലെന്ന് നമ്മളെങ്ങനെ തിരിച്ചറിയും?
മറ്റു രോഗങ്ങളുടെ വാക്സിനുകളിൽ ചിലതിന്റെ ഫലസിദ്ധി കാലം കടന്നുപോകുംതോറും കുറഞ്ഞുവരും. മറ്റു ചിലത് ജീവിതകാലം മുഴുവനുമുള്ള പ്രതിരോധം നൽകും. ഏത് വാക്സിനായാലും അത് എത്രകാലം ഫലപ്രദമായി തുടരുന്നുണ്ടെന്ന് വാക്സിൻ സ്വീകരിച്ചയാളെ നിരീക്ഷിക്കുന്നതിലൂടെ മാത്രമേ അറിയാൻ കഴിയൂ. കോവിഡ് 19 വാക്സിന്റെ കാര്യത്തിൽ ഇത് കൃത്യമായി അറിയാൻ ഇനിയും സമയമെടുക്കും.
advertisement
കോവിഡ് 19 രോഗം ഇതിനകം പിടിപെട്ടിട്ടുള്ള ഒരാൾ വാക്സിൻ സ്വീകരിച്ചാൽ എന്താണ് സംഭവിക്കുക?
കോവിഡ് രോഗബാധ ഉണ്ടായിട്ടുള്ളയാൾക്ക് വാക്സിൻ കുത്തിവെയ്ക്കുന്നത് സുരക്ഷിതം തന്നെയാണ്. മറ്റുള്ളവരെപ്പോലെ തന്നെ അവരും വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് രോഗം വന്നുപോയവരിൽ നിരവധി പേർക്ക് വൈറസിനെ ചെറുക്കാൻ കുറഞ്ഞ അളവിലുള്ള ആന്റിബോഡികൾ മാത്രമേ ഉണ്ടായിട്ടുണ്ടാവൂ. വാക്സിൻ എടുക്കുന്നതിലൂടെ അവരിലെ ആന്റിബോഡികളുടെ അളവ് കൂടുകയും കൂടുതൽ പ്രതിരോധശേഷി ഉണ്ടാകാൻ അതവരെ സഹായിക്കുകയും ചെയ്യുന്നു. അതിലൂടെ രണ്ടാമതും കോവിഡ് ബാധിക്കാനുള്ള സാധ്യത തുലോം കുറയുന്നു.
advertisement
കോവിഡ് 19 നമ്മുടെ തൈറോയ്ഡ് ഗ്രന്ധിയെയോ ഹോർമോൺ ബാലൻസിനെയോ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ?
ഇതുവർ തൈറോയ്ഡ് ഗ്രന്ഥിയുടെയോ ഹോർമോണുകളുടെയോ പ്രവർത്തനത്തെ കോവിഡ് 19 ബാധിക്കുന്നതായി അറിവില്ല. ഇനിയുണ്ടെങ്കിൽ തന്നെ അത് വളരെ നിസാരമായ തോതിലായിരിക്കും. വൈദ്യസഹായം വേണ്ട വിധത്തിൽ ഗൗരവമുള്ളതാവില്ല.
advertisement
Keywords: Covid, Vaccine, Immunity, Pandemic, Doctor, കോവിഡ്, വാക്സിൻ, മഹാമാരി, രോഗപ്രതിരോധം, ഡോക്റ്റർ
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 10, 2021 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| ഡോക്റ്ററോട് ചോദിക്കാം; വാക്സിന്റെ രണ്ടാമത്തെ ഡോസിനുശേഷം എത്ര ദിവസം കഴിഞ്ഞാൽ രോഗപ്രതിരോധശേഷി ഉണ്ടാകും?