ഇന്ത്യയുടെ മുൻനിര ബൌളർമാരിൽ മൂന്നു പ്രമുഖർക്ക് പരിക്കേറ്റതോടെയാണ് നടരാജൻ ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് അവസരം ലഭിച്ചത്. ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷമി എന്നിവരാണ് ഉമേഷ് യാദവിന് മുമ്പ് പരിക്ക് കാരണം ടിമിൽ നിന്ന് പുറത്തായത്. ഇതോടെ ജസ്പ്രിത് ബുംറയ്ക്കൊപ്പം പേസ് ആക്രമണം നടത്താൻ യുവതാരങ്ങൾ രംഗത്തിറങ്ങും.
advertisement
മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഷമിക്കു പകരം മുഹമ്മദ് സിറാജ് കളിച്ചിരുന്നു. മികച്ച പ്രകടനമാണ് സിറാജ് നടത്തിയത്. ജനുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറയ്ക്കും സിറാജിനും താക്കൂറിനുമൊപ്പം ടി നടരാജനോ നവ്ദീപ് സെയ്നിയോ കളത്തിലിറങ്ങും.
Also Read- 'നെറ്റ് ബോളിംഗിൽ തുടങ്ങി ഇപ്പോൾ ഇന്ത്യൻ ടീമിൽ'; നടരാജന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍
തമിഴ്നാട്ടിലെ സേലത്തിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപട്ടിയിൽ നിന്ന് ഓസ്ട്രേലിയ വരെ വന്നുനിൽക്കുന്ന നടരാജന്റെ ജീവിതം ആയിരക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. ഓരോ തവണയും ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെയായിരുന്നു നടരാജന്റെ ജീവിതം. തമിഴ്നാട് പ്രീമിയർ ലീഗിലെ മികച്ച പ്രകടനം വഴി ഐപിഎല്ലിൽ എത്തുകയും, അവിടെ നടത്തിയ തകർപ്പൻ പന്തേറിലൂടെ ടീം ഇന്ത്യയിൽ ഇടംനേടുകയുമായിരുന്നു ടി. നടരാജൻ. ടി20യിലും ഏകദിനത്തിലും നന്നായി ബൌൾ ചെയ്തതാണ് ഇപ്പോൾ ടെസ്റ്റ് ടീമിൽ പരിഗണിക്കാൻ ഇടയാക്കിയത്.
