ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ കോഹ്ലിയുടെ ചില പരാമർശങ്ങളും വെളിപ്പെടുത്തലുകളും ഇന്ത്യൻ ക്രിക്കറ്റിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും തന്നെ നീക്കിയ പരാമർശത്തിൽ ബിസിസിഐ പ്രസിഡന്റ് ആയ ഗാംഗുലിക്കെതിരെയുള്ള പരാമർശങ്ങളും ഉൾപ്പെട്ടിരുന്നു. ഇതോടെ ഇരുവരും ശീതയുദ്ധത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യയെ മനോഹരമായി നയിക്കുകയും സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ 113 റൺസിന് തോൽപ്പിച്ച് ചരിത്രവിജയം സ്വന്തമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ദ്രാവിഡ് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തിയത്.
advertisement
‘കളത്തിന് പുറത്ത് ഒട്ടേറെ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ സയമത്തും ഇതു തന്നെയായിരുന്നു സ്ഥിതി. ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോഹ്ലി ഉൾപ്പെട്ട പ്രശ്നമെന്ന നിലയിൽ, ടീമിന്റെ ആത്മവിശ്വാസത്തിന് കോട്ടം തട്ടാതെ മുന്നിൽനിന്ന് നയിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, കഴിഞ്ഞ മൂന്ന് ആഴ്ചയോളം പരിശീലനത്തിലും ടീമംഗങ്ങളുമായുള്ള ബന്ധത്തിലും കോഹ്ലി നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്.' - ദ്രാവിഡ് പറഞ്ഞു.
Also read- SA vs IND |ഏകദിന പരമ്പരയിലും രോഹിത്ത് ഇല്ല; കെ എല്‍ രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍
‘മത്സരം ആരംഭിച്ച്ചു കഴിഞ്ഞാൽ പിന്നെ പരിശീലകന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതകളുണ്ട്. മത്സരത്തിന് മുന്നോടിയായി മികച്ച മുന്നൊരുക്കം നടത്താനും ടീമിലെ അംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലുമാണ് ശ്രദ്ധ നൽകേണ്ടത്. ഇക്കാര്യത്തിൽ കോഹ്‌ലിയുടെ സംഭാവനകൾ മികച്ചതെന്ന് തന്നെ പറയണം. കഴിഞ്ഞ മൂന്ന് ആഴ്ചയായി പരിശീലനത്തിലും ടീമംഗങ്ങളുമായുള്ള ഇടപഴകലുകളിലും കോഹ്ലി പുലർത്തുന്ന മികവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. മികച്ച ക്യാപ്റ്റൻ എന്നതിലുപരി ഒരു മികച്ച നേതാവ് കൂടിയാണ് കോഹ്ലി. കളത്തിന് പുറത്ത് നടക്കുന്ന പ്രശ്നങ്ങൾ ഒരു തരത്തിലും ടീമിനെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കോഹ്‌ലിക്ക് കഴിഞ്ഞു.' - ദ്രാവിഡ് പറഞ്ഞു.
Also read- Ruturaj Gaikwad |'ഇവന്‍ രാജ്യത്തിനായി അത്ഭുതങ്ങള്‍ കാണിക്കും': ഗെയ്ക്വാദിനെ ചൂണ്ടി സെലക്ടര്‍മാര്‍
കോഹ്‌ലിയുടെ ക്യാപ്റ്റൻസി മികവിനെ പുകഴ്ത്തിയ ദ്രാവിഡ് അദ്ദേഹത്തിന്റെ സെഞ്ചുറി വരൾച്ചയെ കുറിച്ചും സംസാരിച്ചു. സെഞ്ചുറികൾ ശീലമാക്കിയ താരത്തിന് കഴിഞ്ഞ രണ്ട് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഫോർമാറ്റിലും സെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് സംസാരിച്ച ദ്രാവിഡ് താരം നെറ്റ്സിൽ കഠിന പരിശീലനമാണ് നടത്തുന്നതെന്നും വൈകാതെ തന്നെ അതിനുള്ള ഫലങ്ങൾ ലഭിക്കുമെന്നും വ്യക്തമാക്കി.
Also read- SA vs IND |സെഞ്ചൂറിയനിലെ ചരിത്രവിജയം നൃത്തച്ചുവടുകളുമായി ആഘോഷിച്ച് ടീം ഇന്ത്യ; വീഡിയോ വൈറല്‍
‘കോഹ്‌ലിയെ പോലൊരു വ്യക്തിക്കൊപ്പം പ്രവർത്തിക്കുക എന്നത് ഏറെ എളുപ്പമുള്ള കാര്യമാണ്, വ്യക്തിപരമായി ഒരു നല്ല മനുഷ്യനാണ് കോഹ്ലി. മികച്ച ബാറ്റർ കൂടിയാണ് കോഹ്ലി എന്നതിൽ ഒരു സംശയവുമില്ല. നിലവിൽ അദ്ദേഹത്തെ അലട്ടുന്ന പ്രശ്നം വലിയ സ്‌കോറുകൾ നേടാൻ കഴിയുന്നില്ല എന്നാതാണ്. മികച്ച തുടക്കങ്ങൾ ലഭിച്ചിട്ടും അത് വലിയ സ്കോറുകളിലേക്ക് മാറ്റാൻ കഴയുന്നില്ല എന്നതാണ് നിലവിലെ പ്രശ്നം. എന്നാൽ കോഹ്‌ലി നെറ്റ്സിൽ നടത്തുന്ന പരിശീലനം നിരീക്ഷിക്കുമ്പോൾ വലിയ സ്കോറുകൾ പിറക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. പെട്ടന്ന് തന്നെ അത് നേടുമെന്ന് ഉറപ്പിക്കാൻ കഴിയില്ലെങ്കിലും വലിയ സ്കോറുകളുമായി കോഹ്‌ലിയുടെ തിരിച്ചുവരവ് വൈകാതെ ഉണ്ടാകും.' - ദ്രാവിഡ് പറഞ്ഞു.