ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (South Africa Tour) ഏകദിന പരമ്പരക്കുള്ള (ODI series) ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് (Ruturaj Gaikwad) എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നേരത്തെ ടി20 കളിച്ചിട്ടുള്ള റുതുരാജ് ഇപ്പോള്‍ ഏകദിന ടീമിലെത്തിയിരിക്കുകയാണ്. രാജ്യത്തിനായി അത്ഭുത പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിയും എന്നാണ് സെലക്ടര്‍മാരുടെ വിശ്വാസം. എപ്പോള്‍ കളിപ്പിക്കണം എന്നത് ടീം മാനേജ്മെന്റ് തീരുമാനിക്കും. മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള അംഗീകാരമായാണ് റുതുരാജിനെ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തിയത് എന്നും ചേതന്‍ ശര്‍മ്മ വ്യക്തമാക്കി.
ഐപിഎല്ലിലെയും അടുത്തിടെ അവസാനിച്ച വിജയ് ഹസാരേ ഏകദിന ടൂര്‍ണമെന്റിലേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റുതുരാജ് ഗെയ്ക്വാദിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎല്‍ അവസാന സീസണില്‍ 16 ഇന്നിംഗ്സുകളില്‍ 45.35 ശരാശരിയിലും 136.26 സ്ട്രൈക്ക് റേറ്റിലും 635 റണ്‍സ് താരം അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും കുറിച്ച് ഗെയ്ക്വാദ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയും ചെയ്തു.
വിജയ് ഹസാരേ ട്രോഫിയിലാവട്ടെ വിസ്മയ ഫോമിലായിരുന്നു റുതുരാജ് ഗെയ്ക്വാദ്. അഞ്ച് മത്സരങ്ങളില്‍ നാല് ശതകങ്ങള്‍ നേടിയപ്പോള്‍ 168 ഉയര്‍ന്ന സ്കോര്‍.
അതേസമയം, ഇതാദ്യമായിട്ടാണ് രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നാകനാവുന്നത്. ബാറ്ററെന്ന നിലയില്‍ ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഇനി ക്യാപ്റ്റന്‍സിയിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ മുമ്പ് അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും കളിക്കുമെന്ന് അദ്ദേഹം പിന്നീട് അറിയിച്ചതോടെ ആശങ്ക നീങ്ങുകയായിരുന്നു. പുതിയ ടീമില്‍ ബാറ്ററായിട്ടാണ് കോഹ്ലിയെ കാണാനാവുക. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെറുമൊരു ടീമംഗം മാത്രമായി അദ്ദേഹം കളിക്കാനൊരുങ്ങുന്നത്.
Also read:
Quinton de Kock |ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡീ കോക്ക്; ദക്ഷിണാഫ്രിക്ക പരുങ്ങലില്‍
ഇതാദ്യമായാണ് ബുംറ ദേശീയ ടീമിന്റെ നേതൃനിരയിലേക്കു വരുന്നത്. ജനുവരി 19നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. 19ന് പാളിലായിരിക്കും ആദ്യ ഏകദിനം. രണ്ടാമത്തെ മത്സരം 21ന് ഇതേ വേദിയില്‍ തന്നെ നടക്കും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം 23ന് കേപ്ടൗണിലാണ്.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്, റുതുരാജ് ഗെയ്കവാദ്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന് കിഷന്, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, ആര് അശ്വിന്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.