ഏകദിനത്തിൽ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്നും മുൻകൂർ ചർച്ചയൊന്നും നടന്നില്ലായിരുന്നുവെന്നും പറഞ്ഞ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്നും പറഞ്ഞു. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നുവെന്നും കോഹ്ലി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പ്രസ്താവിച്ച വാദങ്ങൾ തള്ളുന്നതായിരുന്നു കോഹ്‌ലിയുടെ വാക്കുകൾ.
advertisement
കോഹ്ലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ക്യാപ്റ്റനെ മാറ്റാൻ തങ്ങൾക്ക് പ്ലാൻ ഇല്ലായിരുന്നുവെന്നും എന്നാൽ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങൾ മാറുകയായിരുന്നെന്നുമാണ് ഗാംഗുലി പറഞ്ഞത്. ഗാംഗുലി പറഞ്ഞതിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രസ്താവന കോഹ്‌ലിയിൽ നിന്നും വന്നതോടെ ബിസിസിഐ പ്രസിഡന്റിന് നേരെ ആരാധകർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് കൊണ്ട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ഗാംഗുലി. കൊൽക്കത്തയിൽ നടന്ന പത്രസമ്മേളനത്തിൽ ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ദാദയുടെ പ്രതികരണം ഇങ്ങനെ. 'ഒന്നും പറയാനില്ല, എന്നാല്‍ ഇക്കാര്യം ബിസിസിഐ പരിശോധിക്കുന്നുണ്ട്'.
ബിസിസിഐയുമായുള്ള ആശയവിനിമയത്തില്‍ വിള്ളലുണ്ടായതായി കോഹ്‌ലിയുടെ പ്രസ്താവനകളിൽ വ്യക്തമായിരുന്നു. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ പ്രതികരണങ്ങള്‍ പത്രസമ്മേളനത്തിൽ കോഹ്ലി തള്ളിയതിൽ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു.
ഏകദിനത്തിൽ ക്യാപ്റ്റൻ സ്ഥാനം നഷ്‌ടമായതിലും ഗാംഗുലി നൽകിയ വിശദീകരണത്തിൽ നിന്നും വിഭിന്നമായ നിലപാടാണ് കോഹ്ലി സ്വീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ചീഫ് സെലക്ടർ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യമാണ് ഞങ്ങൾ സംസാരിച്ചത്. പരമ്പരയ്ക്കുള്ള ടീമിന്റെ കാര്യത്തിൽ പരസ്പരധാരണ വരുത്തി. പിന്നീട് ഫോൺ സംഭാഷണ൦ അവസാനിക്കുന്നതിന് തൊട്ടു മുൻപ് മാത്രമാണ് അഞ്ച് സെലക്ടർമാരും ഇനിയങ്ങോട്ട് ഞാൻ ആയിരിക്കില്ല ഏകദിന ക്യാപ്റ്റൻ എന്ന് പറഞ്ഞു. പിന്നീട് സെലക്ഷൻ നടത്തുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. അതിന് മുൻപ് ഇക്കാര്യത്തെ കുറിച്ച് യാതൊരു വാർത്താവിനിമയവും നടന്നിട്ടില്ല. ഏകദിനത്തിൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരേണ്ടെന്നാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. അക്കാര്യം അംഗീരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാൽ ഇത് നേരത്തെ തന്നെ സൂചിപ്പിക്കാമായിരുന്നെന്നുമായിരുന്നു കോഹ്ലി പ്രതികരിച്ചത്.
