ഇന്ത്യയുടെ ഏകദിന ടീമിന്റെ (Indian ODI Team) ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ (Virat Kohli) മാറ്റി രോഹിത് ശര്‍മയെ (Rohit Sharma) നിയമിച്ചതിനു പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങളാണ് ബിസിസിഐ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly).
ട്വന്റി 20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഗാംഗുലി പറഞ്ഞത്. 'ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് ഞങ്ങള്‍ കോഹ്ലിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നായകനെ മാറ്റാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. എന്നാല്‍, കോഹ്ലി ട്വന്റി 20 നായകസ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി.'- ഗാംഗുലി പറഞ്ഞു.
'പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് നായകന്മാര് എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ട്വന്റി 20 നായകസ്ഥാനവും ഏകദിന നായകസ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോഹ്ലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റുന്നതിലേക്ക് കാര്യങ്ങള്‍ പോയത്,' സൗരവ് ഗാംഗുലി വ്യക്തമാക്കി.
രോഹിത് ശര്‍മയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് താനും സെലക്ടര്‍മാരും കോഹ്ലിയോട് ഇക്കാര്യം സംസാരിച്ചിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി. 'ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ കോഹ്ലിയോട് വ്യക്തിപരമായി സംസാരിച്ചിരുന്നു, സെലക്ടര്‍മാരും കോഹ്ലിയോട് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച നടത്തയിരുന്നു. ഇതിന് ശേഷമാണ് രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപനം നടത്തിയത്.'- ഗാംഗുലി പറഞ്ഞു.
Rohit Sharma |കോഹ്ലിയെപ്പോലെ ഒരു താരത്തെ ആരാണ് അവഗണിക്കുകയെന്ന് രോഹിത് ശര്‍മ്മ
ടീം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുന്‍ നായകന് വിരാട് കോഹ്ലിയെ പ്രശംസിച്ച് രോഹിത് ശര്‍മ. കഴിഞ്ഞ ദിവസമാണ് ഓള്-ഇന്ത്യ സീനിയര്‍ സെലക്ഷന് കമ്മിറ്റി രോഹിത് ശര്‍മയെ ഏകദിനത്തിലും ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ സ്ഥാനം ഇല്ലെങ്കിലും വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനെ നയിക്കുന്നവരില്‍ ഒരാളാണെന്ന് ബൊറിയ മജൂംദാറിന് നല്കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.
'കോഹ്ലിയെപ്പോലെ നിലവാരമുള്ള ഒരു ബാറ്ററെ ഏത് ടീമും ആഗ്രഹിക്കും. ടി20 ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുണ്ടാവുകയെന്നത് ആലോചിക്കുമ്പോള്‍ തന്നെ അത്ഭുതമാണ്. അതിന് പുറമെ കോഹ്ലിയുടെ പരിചയസമ്പത്ത്, അദ്ദേഹം ബാറ്റ് കൊണ്ട് എത്ര മത്സരങ്ങളിലാണ് ഇന്ത്യയുടെ രക്ഷക്കെത്തിയിരിക്കുന്നത്' -രോഹിത് വാചാലനായി.
'കോഹ്ലിയുടെ നിലവാരമുള്ള ഒരു കളിക്കാരനെ ടീമിന് ആവശ്യമുണ്ട്. അതിന് പുറമെ ഇപ്പോഴും ഈ ടീമിനെ നയിക്കുന്നവരിലൊരാളാണ് കോഹ്ലി. ഇതെല്ലാം ചേരുമ്പോള്‍ ആര്‍ക്കാണ് അദ്ദേഹത്തെ കൈവിടാനാവുക. അദ്ദേഹത്തെപ്പോലൊരു കളിക്കാരനെ ആര്‍ക്കാണ് അവഗണിക്കാനാവുക'- രോഹിത് ചോദിച്ചു.
കോഹ്ലിക്ക് പകരം ടി20 ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തെരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sourav ganguly, T20 Cricket, Virat kohli