നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'പറഞ്ഞ് പറഞ്ഞ് മടുത്തു, രോഹിത്തുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല'; ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി കോഹ്ലി

  'പറഞ്ഞ് പറഞ്ഞ് മടുത്തു, രോഹിത്തുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല'; ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി കോഹ്ലി

  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും കളിക്കാന്‍ സന്നദ്ധനാണെന്നും കോഹ്ലി വ്യക്തമാക്കി.

  Virat Kohli

  Virat Kohli

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ണായക പ്രതികരണവുമായി ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലി (Virat Kohli). രോഹിത് ശര്‍മയുമായി Rohit Sharma) യാതൊരുവിധ പ്രശ്നവുമില്ലെന്നും ഇക്കാര്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ വിശദീകരിച്ച് കൊണ്ടേയിരിക്കുകയാണെന്നും വിശദീകരണം നല്‍കി മടുത്തെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ (South Africa Tour) ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി.

   'എനിക്ക് രോഹിതുമായി പ്രശ്നങ്ങളൊന്നും തന്നെയില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇത് വ്യക്തമാക്കുകയാണ്. എനിക്ക് അത് മടുത്തു. എന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു പ്രവര്‍ത്തനവും ആശയവിനിമയവും ഒരിക്കലും ടീമിനെ അപമാനിക്കുന്നതായിരിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിനോട് ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.'- കോഹ്ലി വ്യക്തമാക്കി.

   ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്നും വിരാട് കോഹ്ലി അറിയിച്ചു. ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും കളിക്കാന്‍ സന്നദ്ധനാണെന്നും കോഹ്ലി മാധ്യമങ്ങളോട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വളരെ ആവേശത്തോടെയാണ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

   'ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയെ വലിയ ആവേശത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും.'- കോഹ്ലി പറഞ്ഞു.

   'ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതില്‍ നിന്ന് ഒന്നിനും എന്നെ തടയാനാകില്ല. രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ ടീമിനൊപ്പമുണ്ടാകില്ല എന്നതിനാല്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് നഷ്ടമാകും.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.


   ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയ്ക്കുണ്ടാകുമെന്ന് അറിയിച്ച കോഹ്ലി രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തതിന് ശേഷമാണ് ആ വിവരം ചീഫ് സെലക്ടര്‍മാരും സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളും തന്നെ അറിയിച്ചതെന്നും അതിന് മുന്നോടിയായി ചര്‍ച്ച പോലും നടത്തിയില്ലെന്നും കോഹ്ലി വ്യക്തമാക്കി.

   'ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യമാണ് ഞങ്ങള്‍ സംസാരിച്ചത്. പരമ്പരയ്ക്കുള്ള ടീമിന്റെ കാര്യത്തില്‍ പരസ്പരധാരണ വരുത്തി. പിന്നീട് ഫോണ്‍ സംഭാഷണം അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് മാത്രമാണ് അഞ്ച് സെലക്ടര്‍മാരും ഇനിയങ്ങോട്ട് ഞാന്‍ ആയിരിക്കില്ല ഏകദിന ക്യാപ്റ്റന്‍ എന്ന് പറഞ്ഞു. പിന്നീട് സെലക്ഷന്‍ നടത്തുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. അതിന് മുന്‍പ് ഇക്കാര്യത്തെ കുറിച്ച് യാതൊരു വാര്‍ത്താവിനിമയവും നടന്നിട്ടില്ല.'- കോഹ്ലി വ്യക്തമാക്കി.
   Published by:Sarath Mohanan
   First published: