യുവതി രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം ചെയ്തു; എല്ലാം പാരമ്പര്യം നിലനിർത്താൻ
- Published by:Sarika N
- news18-malayalam
Last Updated:
യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തതെന്നും സഹോദരന്മാർ തമ്മിലുള്ള ബന്ധത്തെ താൻ ബഹുമാനിക്കുന്നുവെന്നും വധു വ്യക്തമാക്കി
രണ്ട് സഹോദരന്മാരെ ഒന്നിച്ച് വിവാഹം കഴിച്ച യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഹിമാചൽ പ്രദേശിലെ ഹട്ടി ഗോത്രത്തിൽ നിന്നുള്ള രണ്ട് സഹോദരന്മാരാണ് ഒരേ സ്ത്രീയെ വിവാഹം ചെയ്ത് വാർത്തകളിൽ ഇടം നേടിയത്. ജോഡിദാര എന്നറിയപ്പെടുന്ന അപൂർവമായ ഒരു ബഹുഭർതൃത്വ ചടങ്ങിലൂടെയാണ് വിവാഹം നടന്നത്. ജൂലൈ 12 മുതൽ സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിൽ നടന്ന മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങിൽ നൂറുകണക്കിന് ഗ്രാമീണരാണ് പങ്കെടുത്തത്.
സഹോദരന്മാരായ പ്രദീപ് നേഗിയും കപിൽ നേഗിയും കുൺഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനെയാണ് വിവാഹം ചെയ്തത്. മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം, യാതൊരു സമ്മർദവുമില്ലാതെയാണ് തങ്ങൾ ഈ തീരുമാനം എടുത്തത് എന്ന് വധുവരന്മാർ അറിയിച്ചു. വരന്മാരുടെയും വധുവിന്റെയും രണ്ടു കുടുംബങ്ങളുടെയും സമുദായത്തിന്റെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. മൂത്ത സഹോദരനായ പ്രദീപ് നേഗി ജൽശക്തി വകുപ്പിലും, ഇളയ സഹോദരൻ കപിൽ നേഗി വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ജോലി ചെയ്യുന്നത്.
advertisement
എല്ലാവരുടെയും സമ്മതത്തോടെ, ഒരുപോലെ എടുത്ത തീരുമാനമാണ് വിവാഹം എന്നാണ് സഹോദരങ്ങൾ പറയുന്നത്. തങ്ങളുടെ ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്നുവെന്ന് അറിയിക്കാനാണ് വിവാഹം പരസ്യമായി നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംസ്കാരത്തെ കുറിച്ച് താൻ ബോധവതിയാണെന്നും, എല്ലാം അറിഞ്ഞുകൊണ്ട് പൂർണമനസോടെ തന്നെയാണ് ഈ തീരുമാനം എടുത്തതെന്നും വധുവും വ്യക്തമാക്കി.
ഒരു സ്ത്രീ ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിക്കുന്ന പോളിയാൻട്രി ഒരുകാലത്ത് ഹാട്ടി ഗോത്രക്കാർക്കിടയിൽ വ്യാപകമായിരുന്നു. ഇതിനായി പ്രധാനമായും സഹോദരന്മാരെയാണ് തിരഞ്ഞെടുക്കുക. ഇപ്പോൾ ഈ രീതി അപൂർവമാണെങ്കിലും ജോഡിദാര ആചാരം ഹിമാചൽ പ്രദേശിന്റെ റവന്യൂ നിയമങ്ങൾ പ്രകാരം അംഗീകാരം ഉള്ളവയാണ്. അതേസമയം, മൂന്ന് വർഷം മുമ്പ് പട്ടികവർഗമായി പ്രഖ്യാപിക്കപ്പെട്ട ഹട്ടി സമൂഹം ഹിമാചൽ പ്രദേശ് - ഉത്തരാഖണ്ഡ് അതിർത്തിയിലെ ട്രാൻസ്-ഗിരി മേഖലയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ, ബദാന ഗ്രാമത്തിൽ മാത്രം അഞ്ച് ബഹുഭർതൃ വിവാഹങ്ങൾ നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Himachal Pradesh
First Published :
July 20, 2025 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവതി രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം ചെയ്തു; എല്ലാം പാരമ്പര്യം നിലനിർത്താൻ