'ഹിന്ദുമതത്തിലേക്ക് തിരിച്ചു വരൂ, ജോലി കിട്ടുമോയെന്ന് നോക്കാം'; എ.ആർ. റഹ്‌മാനോട് ഗായകൻ അനുപ് ജലോട്ട
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Sneha Reghu
Last Updated:
ജലോട്ടയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി
കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് ഓസ്‌കാർ പുരസ്‌കാര ജേതാവായ എ.ആർ. റഹ്‌മാൻ തുറന്ന് പറഞ്ഞത് വിവാദമായിരുന്നു. സാമുദായികമായ വിഷയവും അവസരങ്ങൾ കുറയാൻ കാരണമായിട്ടുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മുതിർന്ന ഗായകനായ അനുപ് ജലോട്ടയും റഹ്‌മാനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാനും അപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിക്കുമോയെന്ന് നോക്കാമെന്നാണ് ജലോട്ട പറഞ്ഞത്.
ബിബിസി ഏഷ്യൻ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് അവസരങ്ങൾ കുറഞ്ഞതായി അനുഭവപ്പെട്ടുവെന്ന് റഹ്‌മാൻ പറഞ്ഞത്. സിനിമാ വ്യവസായത്തിലെ നേതൃത്വത്തിലുണ്ടായ മാറ്റങ്ങൾ മൂലമാകാം അവസരങ്ങൾ കുറഞ്ഞതെന്ന് പറഞ്ഞ റഹ്‌മാൻ അടിസ്ഥാനപരമായ സാമുദായിക കാരണങ്ങളുമുണ്ടാകുമെന്ന സൂചനയും നൽകി. അതേസമയം, ഇത്തരത്തിലുള്ള പക്ഷപാതം പരസ്യമായി പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുമതത്തിലേക്ക് മടങ്ങാൻ നിർദേശിച്ച് അനുപ് ജലോട്ട
റഹ്‌മാന്റെ പരാമർശങ്ങൾക്ക് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനൂപ് ജലോട്ട മറുപടി നൽകിയത്. ''സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ ആദ്യം ഹിന്ദുവായിരുന്നു. പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. അതിന് ശേഷം വളരെക്കാലം അദ്ദേഹം സിനിമയിൽ പ്രവർത്തിച്ചു. പ്രശസ്തി നേടി, വളരെയധികം സ്‌നേഹം ലഭിച്ചു. എന്നാൽ തന്റെ മതം കാരണം നമ്മുടെ രാജ്യത്ത് തനിക്ക് വേണ്ടത്ര ജോലി ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന് ഇപ്പോൾ തോന്നുകയാണെങ്കിൽ വീണ്ടും ഹിന്ദുവാകുന്നത് അദ്ദേഹത്തിന് പരിഗണിക്കാം. ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയാൽ തനിക്ക് അവസരങ്ങൾ ലഭിക്കുമെന്നുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരിക്കണം. അദ്ദേഹത്തിന്റെ അഭിമുഖത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അതാണ്. അതിനാൽ അദ്ദേഹം വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും വീണ്ടും അവസരങ്ങൾ ലഭിക്കുമോയെന്ന് നോക്കണമെന്നും ഞാൻ ശക്തമായി നിർദേശിക്കുന്നു,'' ജലോട്ട പറഞ്ഞു.
advertisement
അതേസമയം, ജലോട്ടയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
റഹ്‌മാൻ പറഞ്ഞതെന്ത്?
''കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ, സിനിമയിൽ ഒരു അധികാര മാറ്റം സംഭവിച്ചിട്ടുണ്ട്. കലാപരമായ കഴിവുകളില്ലാത്ത ആളുകൾക്ക് ഇപ്പോൾ അധികാരമുണ്ട്. സാമുദായികമായ വിഷയവും ഇതിന് പിന്നിലുണ്ടാകാം,'' അഭിമുഖത്തിൽ റഹ്‌മാൻ പറഞ്ഞു. അതേ അഭിമുഖത്തിൽ ഛാവ എന്ന സിനിമയെയും റഹ്‌മാൻ വിമർശിച്ചിരുന്നു. ഒരു ഭിന്നിപ്പിക്കുന്ന സിനിമ എന്നാണ് റഹ്‌മാൻ അതിനെ വിശേഷിപ്പിച്ചത്. ''ഇതൊരു ഭിന്നിപ്പിക്കുന്ന സിനിമയാണ്. അത് ഭിന്നിപ്പിക്കുന്ന സ്വഭാവം മുതലെടുത്തു എന്ന് ഞാൻ കരുതുന്നു. ഞാൻ സംവിധായകനോട് ചോദിച്ചത് എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഈ സിനിമയ്ക്ക് എന്നെ ആവശ്യമായി വന്നത് എന്നാണ്, അതിന് അവർ നൽകിയ ഉത്തരം അവർക്ക് എന്നെ മാത്രമെ ആവശ്യമുള്ളൂ എന്നതാണ്. ആസ്വദിക്കാൻ കഴിയുന്ന സിനിമയാണത്. എന്നാൽ ആളുകൾ അതിനേക്കാൾ ബുദ്ധിമാന്മാരാണ്. സിനിമകൾ ആളുകളെ സ്വാധീനിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ, സത്യം എന്താണെന്നും കൃത്രിമത്വം എന്താണെന്നും അറിയുന്ന ഒരു ആന്തരിക മനസ്സാക്ഷി അവർക്കുണ്ട്,'' റഹ്‌മാൻ പറഞ്ഞു.
advertisement
റഹ്‌മാനെതിരേ കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നു. 'അന്ധതയും' 'വെറുപ്പും' ബാധിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ കലാകാരന്മാർക്ക് അവസരങ്ങൾ കുറയുന്ന കാലം മതവുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ലെന്ന് ഗായൻ ഷാനും അഭിപ്രായപ്പെട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Jan 24, 2026 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹിന്ദുമതത്തിലേക്ക് തിരിച്ചു വരൂ, ജോലി കിട്ടുമോയെന്ന് നോക്കാം'; എ.ആർ. റഹ്‌മാനോട് ഗായകൻ അനുപ് ജലോട്ട









